Connect with us

International

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ ക്രൂയിസ് മിസൈൽ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു, എട്ട് പേർക്ക് പരുക്ക്

പരുക്കേറ്റ എട്ടുപേരിൽ ആറുപേർ ഇന്ത്യൻ പൗരന്മാരും രണ്ടുപേർ ഉക്രൈൻ പൗരന്മാരുമാണ്.

Published

|

Last Updated

ദുബൈ | ഒമാൻ പ്രാദേശിക ജലാർത്തിർത്തിയിലെ ഹോർമുസ് കടലിടുക്കിന്റെ തെക്കൻ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ (UAE) എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ ക്രൂയിസ് മിസൈൽ (Cruise Missiles) ആക്രമണം. ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

യുഎഇയുടെ ദേശീയ എണ്ണക്കപ്പലുകളായ മൊംബാസ (Mombasa), അൽ ബഹിയ (Al Bahiyah) എന്നിവയെ ലക്ഷ്യമിട്ടാണ് ഇറാന്റെ ഭാഗത്തുനിന്ന് രണ്ട് ക്രൂയിസ് മിസൈൽ ആക്രമണങ്ങൾ ഉണ്ടായത്. മൊംബാസ എന്ന എണ്ണക്കപ്പലിലെ ഇന്ത്യൻ ജീവനക്കാരനാണ് ആക്രമണത്തിൽ ജീവൻ നഷ്ടമായത്. പരുക്കേറ്റ എട്ടുപേരിൽ ആറുപേർ ഇന്ത്യൻ പൗരന്മാരും രണ്ടുപേർ ഉക്രൈൻ പൗരന്മാരുമാണ്. ഇവരിൽ നാലുപേരുടെ പരുക്ക് ഗുരുതരമാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

മിസൈൽ ആക്രമണത്തെ തുടർന്ന് രണ്ട് എണ്ണക്കപ്പലുകളിലും വൻ തീപിടിത്തമുണ്ടാവുകയും ഭൗതികമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. കപ്പലുകളിൽ പടർന്നുപിടിച്ച തീ പിന്നീട് നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

മേഖലയിൽ വർധിച്ചുവരുന്ന ഈ പ്രകോപനപരമായ നീക്കങ്ങൾക്ക് ശക്തമായ മറുപടി നൽകാൻ രാജ്യത്തിന് പൂർണ്ണ അവകാശമുണ്ടെന്ന് യുഎഇ മന്ത്രാലയം ഓർമ്മിപ്പിച്ചു. സ്വന്തം പ്രദേശവും ജനങ്ങളെയും അവിടെയുള്ള താമസക്കാരെയും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു.

Content Highlights:
An Indian crew member was killed and eight others were injured when UAE tankers Mombasa and Al Bahiyah were hit by Iranian cruise missiles. The attack took place in the southern passage of the Strait of Hormuz within Omani territorial waters. UAE’s Ministry of Defence confirmed the material damage from onboard fires and asserted its full right to respond to this escalation.

---- facebook comment plugin here -----

Latest