Kerala
നവകേരളയാത്ര മർദനക്കേസ്; എസ്ഐടിയോട് കൂടുതൽ വിവരങ്ങൾ തേടി ഡിജിപി
ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചാൽ തിരിച്ചടിയാവരുതെന്ന് ഉറപ്പാക്കുന്നതിനായാണ് നീക്കം.
തിരുവനന്തപുരം| നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദിച്ചെന്ന കേസിൽ എസ്‌ഐടിയോട് കൂടുതൽ വിവരങ്ങൾ തേടി ഡിജിപി. റിപ്പോർട്ടിലെ ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായാണ് എസ്‌ഐടിയോട് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടത്.
ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചാൽ തിരിച്ചടിയാവരുതെന്ന് ഉറപ്പാക്കുന്നതിനായാണ് നീക്കം. കൂടുതൽ വിവരങ്ങൾ ലഭിച്ചശേഷം റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറും.
അന്വേഷണത്തിൽ അട്ടിമറിക്ക് മുൻ എഡിജിപി എം ആർ അജിത് കുമാറിനും ഉത്തരവാദിത്തമുണ്ടെന്നാണ് എസ്‌ഐടി റിപ്പോർട്ടിലെ വിലയിരുത്തൽ. റിപ്പോർട്ട് ലഭിച്ചാൽ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കാൻ ആഭ്യന്തരവകുപ്പ് ആലോചിക്കുന്നതായും വിവരമുണ്ട്.
അട്ടിമറിക്ക് കൂട്ടുനിന്നെന്ന ആരോപണത്തിൽ അജിത് കുമാറിന്റെ ഓഫീസിലെ രണ്ട് ജീവനക്കാർക്കെതിരെയും നടപടിയുണ്ടായേക്കും. അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും കേസ് ഡയറിയിൽ തിരുത്തൽ വരുത്തുകയും ചെയ്തത് ഇവരുടെ നേതൃത്വത്തിലാണെന്നാണ് കണ്ടെത്തൽ.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ ഗൺമാൻ അനിൽകുമാർ ഉൾപ്പെടെയുള്ളവരെ എസ്‌ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു. നവകേരള യാത്രയ്ക്കിടെ ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപം യൂത്ത് കോൺഗ്രസും കെഎസ്‌യുവും കരിങ്കൊടി പ്രതിഷേധം നടത്തിയതിനെ തുടർന്നാണ് ഗൺമാൻമാർ മർദിച്ചെന്ന ആരോപണം ഉയർന്നത്.
Content Highlights:
The Kerala DGP has sought additional details from the SIT regarding the Navakerala Sadas assault case to avoid future legal setbacks. The SIT report indicates that former ADGP M R Ajith Kumar was involved in sabotaging the probe. Action is likely against involved police personnel soon.


