Kerala
എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പിൽ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ആരോപണം; അന്വേഷണ സമിതി രൂപീകരിച്ചു
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് സമിതിയുടെ അധ്യക്ഷൻ.
തിരുവനന്തപുരം| എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പിൽ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേട് ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ സമഗ്ര അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് സമിതിയുടെ അധ്യക്ഷൻ.
നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) സ്റ്റേറ്റ് മിഷൻ ഡയറക്ടർ, കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎംഎസ്‌സിഎൽ) മാനേജിങ് ഡയറക്ടർ, ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷൻ (ഡിഎംഇ), ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസ് (ഡിഎച്ച്എസ്) എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് സമിതിയിലെ അംഗങ്ങൾ.
ഇന്നലെ സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലെ പ്രിൻസിപ്പൽമാരുടെയും സൂപ്രണ്ടുമാരുടെയും യോഗം വിളിച്ചുചേർത്തിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും അഞ്ച് ദിവസത്തിനകം സമർപ്പിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകി.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ആരോഗ്യവകുപ്പ് വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വാങ്ങൽ നടപടികൾ, സ്ഥാപിക്കൽ, കമ്മിഷനിങ്, ഉപയോഗം, പരിപാലനം, നിലവിലെ അവസ്ഥ എന്നിവ സമഗ്രമായി പരിശോധിക്കുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം.
വിലകൂടിയ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Content Highlights:
The Kerala health department has set up a high-level committee to investigate corruption in medical equipment procurement. Headed by the health principal secretary, the panel includes top officials from NHM, KMSCL, DME, and DHS. Medical colleges must submit all equipment purchase data from the past decade within five days.


