Kerala
മഴയുടെ തീവ്രത കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ മഞ്ഞ ജാഗ്രത
ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രത.

തിരുവനന്തപുരം | മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ മഞ്ഞ ജാഗ്രത. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രത. അതേസമയം തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പ് ഒരിടത്തുമില്ല. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സീസണിലെ ആദ്യ തീവ്രമഴ ദിവസങ്ങള്‍ അവസാനിക്കുകയാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. എന്നാല്‍, കേരള തീരത്ത് ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്നു
കാലവര്‍ഷം ശക്തമായതോടെ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്നു. 2344.01 അടിയാണ് ഇടുക്കിയിലെ ജലനിരപ്പെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലേത് 130 അടിക്കു മുകളിലാണ്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 അടിയോളം വെള്ളം ഇടുക്കിയിലിപ്പോള്‍ കൂടുതലായുണ്ട്. സംഭരണ ശേഷിയുടെ 42 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും ഒരാഴ്ച കൊണ്ട് 19 അടിയിലധികം കൂടിയിട്ടുണ്ട്.
ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം നീക്കി
മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കിയിട്ടുണ്ട്. എന്നാല്‍, ബോട്ടിങ് ഉള്‍പ്പെടെയുള്ളവയുടെ നിയന്ത്രണം നീക്കിയിട്ടില്ല.