Connect with us

Articles

റെയ്ഡ്: "മുഹൂര്‍ത്തം' പ്രധാനമാണ്

അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാദത്തമായ അവകാശമാണ്. പത്ര/ മാധ്യമ സ്വാതന്ത്ര്യം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഉപോത്പന്നവുമാണ്. ഇന്ത്യയെ വേറിട്ടുനിര്‍ത്തുന്ന ജനാധിപത്യ മൂല്യമാണത്. ലോകതലത്തില്‍ ഇന്ത്യന്‍ ഗരിമ വാനോളമുയര്‍ത്തുന്ന ഘടകം. ചില പ്രത്യേക ഘട്ടത്തില്‍ മാധ്യമ സ്ഥാപനങ്ങളെ വരിഞ്ഞുമുറുക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത് അത്തരം മൂല്യങ്ങള്‍ക്കുമേല്‍ ചേറ് തെറിപ്പിക്കുന്നതാണ്.

Published

|

Last Updated

“എല്ലാ മാധ്യമ സ്ഥാപനങ്ങളുടെയും ഇറച്ചിയില്‍ തറച്ച മുള്ളാണ് രാജ്യദ്രോഹക്കുറ്റം പ്രതിപാദിക്കുന്ന ഐ പി സി 124 എ വകുപ്പ്’- ഈയടുത്ത് വിരമിച്ച സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് യു യു ലളിത് പറഞ്ഞതാണിത്. ഇന്റര്‍നാഷനല്‍ പ്രസ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം. സര്‍ക്കാര്‍ നടപടികളെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമാകില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ഈ അഭിപ്രായപ്രകടനം വന്ന് ദിവസങ്ങള്‍ക്കകമാണ് ബി ബി സി എന്ന ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്റെ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് “സര്‍വേ’ എന്ന ഓമനപ്പേരില്‍ റെയ്ഡ് നടത്തുന്നത്. വര്‍ഷങ്ങളായി ബി ബി സി ഓഫീസില്‍ നടക്കുന്ന സാമ്പത്തിക ഇടപാടുകളും മറ്റും പരിശോധിക്കുകയാണ് രാവുംപകലും ഉദ്യോഗസ്ഥര്‍. ചൊവ്വാഴ്ച രാവിലെ 10.30ന് ശേഷം ബി ബി സി ഓഫീസുകളില്‍ കയറിയ ഉദ്യോഗസ്ഥര്‍ ഇതെഴുതുമ്പോഴും ഇറങ്ങിയിട്ടില്ല. പത്തും പതിനഞ്ചും വര്‍ഷത്തെ കണക്കുകള്‍ ചികയുകയെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. സോഫയിലും കസേരയിലും ഉറങ്ങുന്ന ഉദ്യോഗസ്ഥരെയാണ് രാവിലെ കണ്ടതെന്ന് ഓഫീസ് വൃത്തിയാക്കാന്‍ കയറിയ ജീവനക്കാര്‍ പറഞ്ഞത് മാധ്യമപ്രവര്‍ത്തകര്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ബി ബി സിയുടെ സാമ്പത്തിക വ്യവഹാരങ്ങളും രാജ്യത്തെ നിയമം പാലിച്ചാണോ ക്രയവിക്രയങ്ങളെന്നുമെല്ലാം ഉദ്യോഗസ്ഥര്‍ പരിശോധിക്കേണ്ടതാണ്. അതവരുടെ ഉത്തരവാദിത്വവുമാണ്. എന്നാല്‍, അതിന് തിരഞ്ഞെടുത്ത മുഹൂര്‍ത്തമാണ് വിമര്‍ശന വിധേയമാകുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് ദി മോദി ക്വസ്റ്റ്യന്‍സ് എന്ന ഡോക്യുമെന്ററി ബി ബി സി പ്രസിദ്ധീകരിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി, ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലകളിലുള്ള മോദിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതായിരുന്നു ഡോക്യുമെന്ററി. ഇന്ത്യന്‍ പൊതുബോധം മറക്കാന്‍ ആവതുശ്രമിക്കുന്ന ഗുജറാത്ത് വംശഹത്യയെയും അന്നത്തെ ഭരണാധികാരികളുടെ ക്രൂരമായ അനാസ്ഥയുമെല്ലാം ഒരിക്കല്‍ കൂടി അനാവരണം ചെയ്യുന്നതായിരുന്നു ഡോക്യുമെന്ററി. ബി ബി സി പുറത്തുവിട്ടത് പുതിയ കാര്യമായിരുന്നില്ല. എന്നാല്‍, സന്ദര്‍ഭം പ്രധാനമാണ്. ഗുജറാത്ത് എന്ന് കേള്‍ക്കുമ്പോള്‍ വംശഹത്യയും കലാപവും വ്യാജ ഏറ്റുമുട്ടലുകളും ഓര്‍മയില്‍ വരുന്നതിന് പകരം സ്വയം പ്രഖ്യാപിത വികസനവും തേനുംപാലും ഒഴുകലുമെല്ലാം ചര്‍ച്ചയാകുന്ന തരത്തിലേക്ക് പ്രചണ്ഡ പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന, ആ തരത്തില്‍ വികാസ്പുരുഷന്മാരായി സ്ഥാപിക്കപ്പെടുന്ന ഒരു ദശാസന്ധിയിലാണ് ബി ബി സി കയ്പേറിയ ചരിത്ര രസായനം വിളമ്പുന്നത്. മില്ലേനിയം തലമുറ ഇതെല്ലാം അറിയുകയും ചര്‍ച്ച ചെയ്യുകയും കാണുകയും പ്രതികരിക്കുകയും ചെയ്യുന്നത് ഒരിക്കലും പ്രജാപതികള്‍ ആഗ്രഹിക്കുന്നുമില്ല. പുതുതലമുറക്ക് മുന്നില്‍ അവര്‍ സഹിഷ്ണുതയെയും സമാധാനത്തെയും സേവനത്തെയും വികസനത്തെയും ക്ഷേമത്തെയും കുറിച്ച് വാചാലരാകുന്ന മഹാനേതാക്കള്‍ ആണ്. ഈ ഘട്ടത്തില്‍ ഒരു സംസ്ഥാനത്തെ കലാപം അടിച്ചമര്‍ത്താന്‍, കൊലയാളികളെ നിലക്കുനിര്‍ത്താന്‍, നിയമവാഴ്ച നടത്താന്‍ അമ്പേ പരാജയപ്പെട്ടുവെന്നും ഒരുപടി കൂടി കടന്ന് അക്രമികള്‍ക്ക് ചൂട്ടുപിടിച്ചു എന്നുമുള്ള നിലയില്‍ ഒരു അന്താരാഷ്ട്ര മാധ്യമം രംഗത്തുവരുന്നത് ഒരിക്കലും സഹിക്കില്ല.
ശിക്ഷയുണ്ടാകില്ലെന്ന സര്‍ക്കാര്‍ സ്പോണ്‍സേഡ് പൊതുബോധമാണ് ഗുജറാത്തില്‍ ഇത്ര ഭീകരമായ അക്രമത്തിലേക്ക് നയിച്ചതെന്ന് അന്ന് തന്നെ വാദങ്ങള്‍ ശക്തമായിരുന്നു. ഈയൊരു പൊതുബോധത്തിന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ഉത്തരവാദിയായിരുന്നെന്നും മുസ്‌ലിംകളെ ലക്ഷ്യം വെച്ചുള്ള അക്രമം അവസാനിപ്പിക്കാനുള്ള ഗുജറാത്ത് പോലീസിന്റെ ശ്രമത്തെ മുഖ്യമന്ത്രിയായിരുന്ന മോദി തടഞ്ഞെന്നും ബ്രിട്ടീഷ് അന്വേഷണ സംഘം പറഞ്ഞതായി ഡോക്യുമെന്ററിയിലുണ്ട്. 2002 ഫെബ്രുവരി 27ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ മോദി കണ്ടുവെന്നും ഇടപെടരുതെന്ന് ഉത്തരവിട്ടെന്നും വിശ്വസനീയ വൃത്തങ്ങള്‍ തങ്ങളോട് പറഞ്ഞെന്ന് ബ്രിട്ടീഷ് സംഘം പറയുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള അക്രമം, ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് മുസ്‌ലിംകളെ ഒഴിവാക്കാനായിരുന്നു. വംശീയ ശുദ്ധീകരണത്തിനുള്ള സംഘടിത പ്രചാരണമാണ് അക്രമത്തെ സംബന്ധിച്ചുണ്ടായിരുന്നത്. ഇതിന്റെ ഭാഗമായാണ് മുസ്‌ലിം സ്ത്രീകളെ വ്യാപകതോതിലും സംഘടിതമായും ബലാത്സംഗം ചെയ്തത്. റിപോര്‍ട്ട് ചെയ്തതിനേക്കാള്‍ ഭീകരമായിരുന്നു ഗുജറാത്ത് വംശഹത്യയെന്ന് പറഞ്ഞാണ് ബ്രിട്ടീഷ് സംഘം വിവരണം അവസാനിപ്പിക്കുന്നത്. പ്രധാനമന്ത്രിയായ മോദിയെ കുറിച്ചുള്ളതായിരുന്നു ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം. 2014ലെ തിരഞ്ഞെടുപ്പ് ഫലത്തെ 2019ലെ ഭൂരിപക്ഷം മറികടന്നതിന് ശേഷമാണ് ന്യൂനപക്ഷങ്ങളുമായുള്ള ബന്ധം വഷളായതെന്നും ബി ബി സി വിലയിരുത്തുന്നു. ജമ്മു കശ്മീരിന്റെ സവിശേഷ പദവി ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത്, പൗരത്വ ഭേദഗതി നിയമം- 2019, 2020ലെ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപം തുടങ്ങിയവയാണ് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് രണ്ടാം മോദി സര്‍ക്കാര്‍ ചെയ്തതെന്നും ബി ബി സി പറയുന്നു. കശ്മീര്‍, പൗരത്വ ഭേദഗതി നിയമം എന്നിവ വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായം വിശ്വസിക്കുന്നതായും ബി ബി സി വിലയിരുത്തിയിരുന്നു.

രാജ്യത്തെ പരമോന്നത കോടതി തന്നെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് മോദിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞ ഘട്ടത്തില്‍ കൂടിയാണ് ഇതെന്നതും പ്രതികാര നടപടിക്കുള്ള ആക്കം കൂട്ടിയതായി വിലയിരുത്താം. മാത്രമല്ല, രാജ്യത്തെ മുസ്‌ലിംകള്‍ക്കിടയിലേക്ക് പടര്‍ന്നുകയറാനുള്ള ശ്രമം ബി ജെ പിയും ആര്‍ എസ് എസും നടത്തുന്നുണ്ട്. ദാവൂദി ബോറ നേതാക്കളെ പ്രധാനമന്ത്രി മോദി സന്ദര്‍ശിച്ചതും ചില മുസ്‌ലിം സംഘടനാ നേതാക്കളെ ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവത് കണ്ടതും ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള സംഘടനകളുമായി ആര്‍ എസ് എസിന്റെ ദേശീയ നേതാക്കള്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയതുമെല്ലാം ഇതിന്റെ ഭാഗമാണ്. തങ്ങള്‍ മുസ്‌ലിംകള്‍ക്ക് എതിരല്ല, അല്ലെങ്കില്‍ ബി ജെ പി – ആര്‍ എസ് എസിനോട് മുസ്‌ലിംകള്‍ക്ക് ഈര്‍ഷ്യതയില്ല എന്ന് സ്ഥാപിക്കേണ്ടത് അടുത്ത തിരഞ്ഞെടുപ്പില്‍ മാത്രമല്ല ലോകത്ത് പ്രതിച്ഛായ മെച്ചപ്പെടുത്താനും ഇത്തരം ഗിമ്മിക്കുകള്‍ ആവശ്യമാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ എന്നും ഭീതിയോടെ മാത്രം നോക്കിക്കാണുന്ന ഗുജറാത്ത് വംശഹത്യ സംബന്ധിച്ച് ചൂടുപിടിച്ച ചര്‍ച്ചയുയര്‍ത്തി അന്താരാഷ്ട്ര പ്രസിദ്ധ മാധ്യമം തന്നെ രംഗത്തുവരുന്നത്.

ഇതാദ്യമായല്ല മാധ്യമ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള നടപടികളുണ്ടാകുന്നത്. 2021ല്‍ ന്യൂസ് ലോണ്‍ഡ്രി എന്ന ന്യൂസ് പോര്‍ട്ടല്‍ ഓഫീസില്‍ ആദായ നികുതി റെയ്ഡ്, 2017ല്‍ എന്‍ ഡി ടി വിയിലെ സി ബി ഐ റെയ്ഡ്, ന്യൂസ് ക്ലിക്കില്‍ ഇ ഡിയുടെ റെയ്ഡ്, 2021ല്‍ ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പില്‍ ആദായനികുതി റെയ്ഡ് എന്നിവയും നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തിയതും ഉദാഹരണങ്ങളാണ്. കേരളത്തിലെ രണ്ട് ചാനലുകളുടെ പ്രക്ഷേപണം മണിക്കൂറുകളോളം നിര്‍ത്തിവെക്കുകയും ചെയ്തു. തത്ഫലമായി രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ മാധ്യമ സ്ഥാപനങ്ങളും ഭരണകര്‍ത്താക്കളുടെ കുഴലൂത്തുകാരായി മാറിയിട്ടുണ്ട്. പലവിധ സ്ഥൂല- സൂക്ഷ്മ ബലംപ്രയോഗിക്കലുകളിലൂടെ വ്യവസ്ഥിതി അത് സാധിച്ചെടുത്തിട്ടുണ്ട്. അപ്രിയ സത്യങ്ങള്‍ പറയാതിരിക്കാനോ അതില്‍ വെള്ളം ചേര്‍ക്കാനോ മാധ്യമങ്ങള്‍ അതീവ കരുതല്‍ പുലര്‍ത്തുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ സര്‍ക്കാറുകളെയും കക്ഷികളെയും മാത്രം ലക്ഷ്യമിട്ടുള്ള ആരോപണങ്ങളിലും അര്‍ധ സത്യങ്ങളിലും വ്യാജങ്ങളിലും അതിശയോക്തി ഉത്പാദിപ്പിക്കുന്നതിലും മാത്രം ആത്മരതി കണ്ടെത്തുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ചിലതെല്ലാം വെളിച്ചത്തുവരുന്നു. ചില സാമൂഹിക മാധ്യമങ്ങള്‍ സ്വയമേവ നടത്തുന്ന കടുത്ത സെന്‍സര്‍ഷിപ്പുകള്‍ക്കിടയിലാണ് ഇതെന്നതും ഓര്‍ക്കേണ്ടതാണ്. ഇത്തരമൊരു സെന്‍സര്‍ഷിപ്പിനെ കുറിച്ച് ആനന്ദ് പട്‌വര്‍ധന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ തന്നെ പങ്കുവെച്ചിരുന്നു. പലവിധ ചമ്മട്ടിയടികള്‍ സാമൂഹിക മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്പനികള്‍ക്ക് നേരേയുണ്ടാകുന്നുണ്ട്. വഴങ്ങാത്തവരെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്നു. വ്യാജങ്ങള്‍ പ്രചരിപ്പിക്കാനായി വാര്‍ റൂം തന്നെ തുറന്ന് സാമൂഹിക മാധ്യമങ്ങളെ അതിസമര്‍ഥമായി ഉപയോഗിച്ച് അധികാരാരോഹണം നേടിയവരും അത് നിലനിര്‍ത്താന്‍ ഭഗീരഥ പ്രയത്നം നടത്തുന്നവരുമാണ് ഇതിന് പിന്നിലെന്നതാണ് വൈരുധ്യം. തത്ഫലമായി രാജ്യത്ത് പത്രസ്വാതന്ത്ര്യത്തില്‍ വലിയ ഇടിവുണ്ടായതായി അന്താരാഷ്ട്ര സര്‍വേകള്‍ കാണിക്കുന്നു. റിപോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് 2022ല്‍ പ്രസിദ്ധീകരിച്ച ആഗോളതലത്തിലെ പത്ര സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 150ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എട്ട് സ്ഥാനങ്ങളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ലോകത്തെ 180 രാജ്യങ്ങള്‍ക്കിടയിലാണ് ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും പുകള്‍പെറ്റ ഇന്ത്യക്ക് 150ാം സ്ഥാനം എന്നത് ഓര്‍ക്കണം. 2002ല്‍ എണ്‍പതാം റാങ്കുണ്ടായിരുന്ന ഇന്ത്യയാണ് 20 വര്‍ഷം പിന്നിട്ടപ്പോഴേക്കും എഴുപത് റാങ്കുകള്‍ക്ക് പിന്നിലായത്.

ചുരുക്കത്തില്‍, അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാദത്തമായ അവകാശമാണ്. പത്ര/ മാധ്യമ സ്വാതന്ത്ര്യം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഉപോത്പന്നവുമാണ്. ഇന്ത്യയെ വേറിട്ടുനിര്‍ത്തുന്ന ജനാധിപത്യ മൂല്യമാണത്. ലോകതലത്തില്‍ ഇന്ത്യന്‍ ഗരിമ വാനോളമുയര്‍ത്തുന്ന ഘടകം. ചില പ്രത്യേക ഘട്ടത്തില്‍ മാധ്യമ സ്ഥാപനങ്ങളെ വരിഞ്ഞുമുറുക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത് അത്തരം മൂല്യങ്ങള്‍ക്കുമേല്‍ ചേറ് തെറിപ്പിക്കുന്നതാണ്. ഇതിനര്‍ഥം, ബി ബി സി വിശുദ്ധ പശുവാണെന്നോ തെറ്റുകളില്‍ എന്തെങ്കിലും പരിരക്ഷ ഉള്ളവരാണെന്നോ അല്ല. എന്നാല്‍, അപ്രിയ സത്യങ്ങള്‍ പറഞ്ഞതിന് വരമ്പത്തുള്ള കൂലിയാകരുതെന്ന് മാത്രം.

Latest