Kerala
പി ജെ കുര്യന്‍ പറഞ്ഞതിനെ ഉള്‍ക്കൊള്ളാന്‍ മനസ്സില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വാട്ടസ്ആപ്പ് ഗ്രൂപ്പില്‍ പറഞ്ഞ ശബ്ദ സന്ദേശം പുറത്ത്

തിരുവനന്തപുരം | യൂത്ത് കോണ്‍ഗ്രസ് സംഘടന ദുര്‍ബലമാണെന്ന മുതിര്‍ന്ന നേതാവ് പി ജെ കുര്യന്റെ വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ മനസ്സില്ലെന്നു പറയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശബ്ദ സന്ദേശം പുറത്ത്. ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ പി ജെ കുര്യന്‍ ഉന്നയിച്ച വിമര്‍ശനം സദുദ്ദേശ്യപരമെന്ന് കരുതാന്‍ മനസില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വാട്ടസ്ആപ്പ് ഗ്രൂപ്പിലാണ് വിമര്‍ശനം ഉന്നയിച്ചത്.
യൂത്ത് കോണ്‍ഗ്രസിനെ എസ് എഫ് ഐയുമായി താരതമ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. ഏതെങ്കിലും ഒരുനേതാവിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. സംഘടനാബോധ്യത്തിന്റെ അടിസ്ഥാനത്തിലും ഈ നാട്ടിലെ പൊതുസമൂഹത്തിന് വേണ്ടിയുമാണ് പ്രവര്‍ത്തിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് എല്ലാം തികഞ്ഞുനില്‍ക്കുകയാണെന്ന അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. എസ് എഫ് ഐയുടയും ഡി വൈ എഫ് ഐയുടെയും പ്രത്യയശാസ്ത്രം പിണറായി വിജയനും കുടുംബത്തിലുമായി ഒതുങ്ങി. നവകേരള സദസ്സിന്റെ കാപട്യം ജനങ്ങളെ ബോധ്യപ്പെടുത്തിയത് യൂത്ത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യൂത്ത് കോണ്‍ഗ്രസ്സിനെതിരെ പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍ പറഞ്ഞു. യോഗത്തില്‍ പറഞ്ഞത് സദുദ്ദേശ്യപരമായ നിര്‍ദേശമാണ്. ബഹൂഭൂരിപക്ഷം പഞ്ചായത്തുകളിലും യൂത്ത് കോണ്‍ഗ്രസിന് മണ്ഡലം പ്രസിഡന്റുമാരില്ല. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയിക്കണമെങ്കില്‍ ഓരോ പഞ്ചായത്തിലും കമ്മിറ്റികള്‍ വേണം. സമരത്തില്‍ പങ്കെടുത്താല്‍ ടിവിയില്‍ വരും. അതില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ജില്ലാ നേതൃത്വം പഞ്ചായത്തുകളിലേക്ക് പോകണമെന്നാണ് താന്‍ പറഞ്ഞതെന്നും കുര്യന്‍ പറഞ്ഞു.