International
അൺഡോക്കിംഗ് വിജയകരം; ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് തിരിച്ചു | LIVE
നാളെ, ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3:00-ഓടെ കാലിഫോർണിയൻ തീരത്ത് പസഫിക് സമുദ്രത്തിൽ ഡ്രാഗൺ പേടകം സുരക്ഷിതമായി സ്പ്ലാഷ്ഡൗൺ ചെയ്യുമെന്നാണ് പ്രതീക്ഷ

വാഷിംഗ്ടൺ | അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 18 ദിവസത്തെ തങ്ങളുടെ സുപ്രധാന ശാസ്ത്രീയ പരീക്ഷണങ്ങൾ പൂർത്തിയാക്കി ഇന്ത്യയുടെ ശുഭാംശു ശുക്ലയും ആക്സിയം 4 ദൗത്യത്തിലെ മറ്റ് മൂന്ന് ബഹിരാകാശ യാത്രികരും ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചു. ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 4:45-ഓടെയാണ് സ്പേസ്എക്സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെട്ടത്. ത്രസ്റ്റർ ജ്വലനങ്ങൾ കൃത്യമായിരുന്നുവെന്നും പേടകം ബഹിരാകാശ നിലയത്തിൽ നിന്ന് അകലുകയാണെന്നും നാസ അധികൃതർ അറിയിച്ചു. ആക്സിയം 4 ദൗത്യത്തിന് നൽകിയ പിന്തുണയ്ക്ക് സ്പേസ് സ്റ്റേഷൻ ക്രൂവിനോട് കമാൻഡർ പെഗ്ഗി വിറ്റ്സൺ നന്ദി രേഖപ്പെടുത്തി.
ഇതോടെ, ഏകദേശം 22 മണിക്കൂറോളം നീളുന്ന യാത്രയ്ക്കാണ് ആക്സിയം 4 ക്രൂ അംഗങ്ങൾ പുറപ്പെട്ടിരിക്കുന്നത്. നാളെ, (ജൂലൈ 15) ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3:00-ഓടെ കാലിഫോർണിയൻ തീരത്ത് പസഫിക് സമുദ്രത്തിൽ ഡ്രാഗൺ പേടകം സുരക്ഷിതമായി സ്പ്ലാഷ്ഡൗൺ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയിലെത്തുന്ന സംഘം, ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാനായി ഏഴ് ദിവസം റീഹാബിലിറ്റേഷന് വിധേയരാകും.
ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഉൾപ്പെടെ നാല് ബഹിരാകാശ യാത്രികരുമായി ആക്സിയം സ്പേസിന്റെ ആക്സിയം 4 ദൗത്യം ജൂൺ 25-നാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ആരംഭിച്ചത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ISRO-യുടെ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാല് ബഹിരാകാശ യാത്രികരിൽ ഒരാളാണ് ശുഭാംശു ശുക്ല. അതുകൊണ്ടുതന്നെ ഈ ദൗത്യം ഇന്ത്യക്ക് ഏറെ പ്രാധാന്യമുള്ളതാണ്.
ജൂൺ 26-ന് ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) എത്തിച്ചേർന്നു. 18 ദിവസത്തോളം ISS-ൽ കഴിഞ്ഞ ദൗത്യസംഘം 31 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60 ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തി. ഇതിൽ ഇന്ത്യക്ക് വേണ്ടിയുള്ള 7 പരീക്ഷണങ്ങളും ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് ചെലവഴിച്ച ഇന്ത്യക്കാരനെന്ന റെക്കോർഡും ഇതോടെ ശുഭാംശു ശുക്ലയുടെ പേരിലായി.