Kerala
താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണര്‍ക്ക് തിരിച്ചടി
ഡിജിറ്റല്‍ സര്‍വകലാശാല താത്ക്കാലിക വി സി ഡോ. സിസ തോമസ്, സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വി സി ഡോ. കെ ശിവപ്രസാദ് എന്നിവര്‍ പുറത്താകും.

കൊച്ചി | രണ്ട് സര്‍വകലാശാലകളില്‍ താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ച നടപടിയില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമനം നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഗവര്‍ണര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയില്‍ തിരിച്ചടി നേരിട്ടത്. ചാന്‍സലറായ ഗവര്‍ണറുടെ ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു.
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താത്ക്കാലിക വി സി നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതോടെ ഡിജിറ്റല്‍ സര്‍വകലാശാല താത്ക്കാലിക വി സി ഡോ. സിസ തോമസ്, സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വി സി ഡോ. കെ ശിവപ്രസാദ് എന്നിവര്‍ പുറത്താകും.
താത്കാലിക വിസി നിയമനം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് വേണം എന്നായിരുന്നു സിംഗില്‍ ബെഞ്ച് ഉത്തരവ്. സിംഗില്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. സ്ഥിര വിസി നിയമനത്തില്‍ കാലതാമസം പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
താല്‍ക്കാലിക വിസിമാരുടെ കാലാവധി ആറു മാസത്തില്‍ കൂടുതലാകരുതെന്ന് ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു. വിദ്യാര്‍ഥികളുടെ താല്‍പ്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിര വി സി നിയമന കാലതാമസം സര്‍വകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. സ്ഥിര വി സി നിയമനത്തില്‍ ഇനിയൊരു കാലതാമസമുണ്ടാകരുതെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി വി ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.