Kerala
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ലൈംഗിക പീഡന ആരോപണം; കോണ്‍ഗ്രസ്സ് നേതൃത്വത്തിന് പരാതി നല്‍കി യുവതി
വിവാഹ വാഗ്ദാനം നല്‍കിയ ശേഷം രാഹുല്‍ ക്രൂരമായി പീഡിപ്പിച്ചു. കേരളത്തിന് പുറത്തുള്ളയാളാണ് പരാതിക്കാരി. പരാതി ലഭിച്ച വിവരം സ്ഥിരീകരിച്ച് കോണ്‍ഗ്രസ്സ് നേതൃത്വം.
തിരുവനന്തപുരം | ലൈംഗിക പീഡന ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരെ വീണ്ടും പരാതി. വിവാഹ വാഗ്ദാനം നല്‍കിയ ശേഷം രാഹുല്‍ ക്രൂരമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മറ്റൊരു യുവതി രംഗത്തെത്തി. കേരളത്തിന് പുറത്തുള്ളയാളാണ് പരാതിക്കാരി. കോണ്‍ഗ്രസ്സ് നേതൃത്വത്തിനാണ് ഇ മെയില്‍ മുഖേന പരാതി നല്‍കിയിട്ടുള്ളത്. കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയതായാണ് വിവരം. പരാതി ലഭിച്ച വിവരം കോണ്‍ഗ്രസ്സ് നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തിലെത്തിയ സമയത്ത് പത്തനംതിട്ടയിലെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. പീഡനത്തിനു ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം.
നേരത്തെ, മുഖ്യമന്ത്രിക്ക് ലഭിച്ച മറ്റൊരു പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കേസ് നിലവിലുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഒളിവില്‍ പോയ രാഹുലിനായി പോലീസ് വ്യാപക തിരച്ചില്‍ നടത്തിവരികയാണ്.



