National
ആഗോളതലത്തില്‍ ഇന്ത്യയെ 'സൈഡ് പ്ലെയര്‍' ആക്കിയെന്ന് രാഹുല്‍ ഗാന്ധി; 'പാക് ഫാന്‍ ബോയ്' എന്ന് ബിജെപി
അമേരിക്കയും ഇറാനും പോലുള്ള വന്‍ശക്തികളുമായി പാകിസ്ഥാന്‍ ചര്‍ച്ചകള്‍ നടത്തുമ്പോള്‍, അന്താരാഷ്ട്ര ചര്‍ച്ചകളെ സ്വതന്ത്രമായി സ്വാധീനിക്കാനുള്ള ശേഷി ഇന്ത്യയ്ക്ക് നഷ്ടമായെന്ന് അദ്ദേഹം ആരോപിച്ചു
ന്യൂഡല്‍ഹി | ആഗോള ഭൗമരാഷ്ട്രീയത്തില്‍ ഇന്ത്യയെ ഒരു ‘സൈഡ് പ്ലെയര്‍’ (അപ്രധാന കക്ഷി) എന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ബിജെപിയുമായി പുതിയൊരു രാഷ്ട്രീയ ഏറ്റുമുട്ടലിന് തിരികൊളുത്തി. അമേരിക്കയും ഇറാനും പോലുള്ള വന്‍ശക്തികളുമായി പാകിസ്ഥാന്‍ ചര്‍ച്ചകള്‍ നടത്തുമ്പോള്‍, അന്താരാഷ്ട്ര ചര്‍ച്ചകളെ സ്വതന്ത്രമായി സ്വാധീനിക്കാനുള്ള ശേഷി ഇന്ത്യയ്ക്ക് നഷ്ടമായെന്ന് അദ്ദേഹം ആരോപിച്ചു .യുഎസിലെ ചിക്കാഗോ സര്‍വകലാശാലയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.
തന്ത്രപരമായ പങ്കാളിത്തവും ആഗോള സംഭവവികാസങ്ങളെക്കുറിച്ചുള്ള സ്വതന്ത്രമായ കാഴ്ചപ്പാടും സംയോജിപ്പിച്ച് ഇന്ത്യ പരമ്പരാഗതമായി അന്താരാഷ്ട്ര ബന്ധങ്ങളില്‍ സ്വതന്ത്ര സമീപനമാണ് സ്വീകരിച്ചിരുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍, പ്രധാനപ്പെട്ട ഭൗമരാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ ക്രമേണ മാറ്റിനിര്‍ത്തപ്പെടുകയാണെന്ന് അദ്ദേഹം വാദിച്ചു.
ഭൗമരാഷ്ട്രീയത്തെക്കുറിച്ച് ഇന്ത്യയ്ക്ക് എല്ലായ്‌പ്പോഴും വളരെ ആഴത്തിലുള്ള ധാരണയുണ്ടായിരുന്നു. നമുക്ക് പങ്കാളിത്തങ്ങളും ബന്ധങ്ങളും ഉണ്ടായിരുന്നു, പക്ഷേ നമുക്ക് സ്വന്തമായൊരു നിലപാടുണ്ടായിരുന്നു. വലിപ്പമനുസരിച്ച് ഇന്ത്യയ്ക്ക് സ്വാഭാവികമായും ആഗോളതലത്തില്‍ ശബ്ദമുണ്ട്, ആഗോള ചര്‍ച്ചകളില്‍ ഇന്ത്യ സജീവമായി ഇടപെടേണ്ടതുമാണ്. എന്നാല്‍ തുറന്നുപറഞ്ഞാല്‍, പാകിസ്ഥാന്‍ ഇറാനുമായും അമേരിക്കയുമായും ചര്‍ച്ചകള്‍ നടത്തുന്നതില്‍ തിരക്കിലായിരിക്കുമ്പോള്‍ ഇന്ത്യ ഒരു ‘സൈഡ് പ്ലെയര്‍’ ആയി മാറിയിരിക്കുന്നു- രാഹുല്‍ ഗാന്ധി പറഞ്ഞു.
“I’m pretty shocked that Pakistan is busy negotiating with the Iranians and the Americans, while India is just looking.” https://t.co/kTzQKn3Qq0
— Congress (@INCIndia) November 19, 2026
പാകിസ്ഥാന്റെ നയതന്ത്ര ഇടപെടലുകളില്‍ അത്ഭുതം പ്രകടിപ്പിച്ച അദ്ദേഹം, ലോകനേതാക്കള്‍ തമ്മിലുള്ള വ്യക്തിബന്ധങ്ങള്‍ക്ക് ഇന്ത്യയുടെ വിദേശനയത്തിന്റെ അടിസ്ഥാനമാകാന്‍ കഴിയുമോ എന്ന ചോദ്യവും ഉയര്‍ത്തി. പ്രധാനമന്ത്രി മോദി എപ്പോഴും പറയും, ‘അവന്‍ എന്റെ സുഹൃത്താണ്’ എന്ന്. എന്നാല്‍ സൗഹൃദമല്ല ഇവിടെ കാര്യം, ഭൗമരാഷ്ട്രീയത്തിന് ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ആരാണ് സൗഹൃദം കാര്യമാക്കുന്നത്? അയാള്‍ നിങ്ങളുടെ സുഹൃത്തായതുകൊണ്ട് മാത്രം ഭൗമരാഷ്ട്രീയം മുന്നോട്ട് പോകുമെന്ന് നിങ്ങള്‍ ശരിക്കും കരുതുന്നുണ്ടോയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
അതേ സമയം രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപിയുമെത്തി. വിദേശ മണ്ണില്‍ വെച്ച് സംസാരിക്കുമ്പോള്‍ ഇന്ത്യയുടെ അന്താരാഷ്ട്ര നിലയെ രാഹുല്‍ ഗാന്ധി ദുര്‍ബലപ്പെടുത്തുകയാണെന്ന് ബിജെപി ആരോപിച്ചു.
കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശങ്ങളെ ‘ഏറ്റവും നിന്ദ്യവും ക്ഷമിക്കാനാവാത്തതും’ എന്ന് വിശേഷിപ്പിച്ച ബിജെപി വക്താവ് സി.ആര്‍. കേശവന്‍, ഇന്ത്യയെ ഒരു ‘സൈഡ് പ്ലെയര്‍’ ആയി പരസ്യമായി ചിത്രീകരിക്കുന്നതിലൂടെ രാജ്യത്തിന്റെ ആഗോള പ്രശസ്തിക്ക് കളങ്കമുണ്ടാക്കാന്‍ അദ്ദേഹം ശ്രമിക്കുകയാണെന്ന് ആരോപിച്ചു.
.പാകിസ്ഥാനെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങളെ ചോദ്യം ചെയ്ത ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി, ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകള്‍ക്കുള്ള മാതൃകയായി അയല്‍രാജ്യത്തെ ഉയര്‍ത്തിക്കാട്ടുകയാണെന്ന് ആരോപിച്ചു.എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിക്ക് പാകിസ്ഥാനോട് ഇത്ര ഭ്രാന്ത്? എല്ലാ ആഗോള വേദികളിലും രാഹുല്‍ ഒരു ‘പാക് ഫാന്‍ ബോയ്’ ആയി അഭിനയിക്കുകയാണെന്നും ഭണ്ഡാരി പറഞ്ഞു.
Content Highlights: Rahul Gandhi said India has become a side player in global geopolitics while speaking in Chicago. He questioned personal ties guiding foreign policy as Pakistan engages the US and Iran. The BJP condemned the remarks as harmful to India’s international standing.

