Connect with us

Kerala

വോട്ടെടുപ്പ് ദിനത്തില്‍ പ്രീ പോള്‍ സര്‍വേ ഫലം പങ്കുവെച്ചു; ആര്‍ ശ്രീലേഖ പെരുമാറ്റചട്ടം ലംഘിച്ചു; മന്ത്രി ശിവന്‍കുട്ടി

60 സീറ്റ് വരെ ബിജെപി പിടിക്കുമെന്നാണ് ശ്രീലേഖ കുറിച്ചത്. പ്രീ പോള്‍ സര്‍വേ ഫലം പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.

Published

|

Last Updated

തിരുവനന്തപുരം| ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ വോട്ടെടുപ്പ് ദിനത്തില്‍ പ്രീ പോള്‍ സര്‍വേ ഫലം പങ്കുവച്ചത് പെരുമാറ്റ ചട്ട ലംഘനമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഫെയ്‌സ്ബുക്കിലാണ് ശ്രീലേഖ പ്രീ പോള്‍ സര്‍വേ ഫലം പങ്കുവെച്ചത്. 60 സീറ്റ് വരെ ബിജെപി പിടിക്കുമെന്നാണ് ശ്രീലേഖ കുറിച്ചത്. പ്രീ പോള്‍ സര്‍വേ ഫലം പങ്കുവച്ചെത് ചട്ട വിരുദ്ധമാണെന്നാണ് ഉയരുന്ന വിമര്‍ശനം. ഇതിനെതിരെ അധികൃതര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

60 സീറ്റ് വരെ ബിജെപി നേടുമെന്ന് ശ്രീലേഖ പറയുന്നത് രാഷ്ട്രീയ അജ്ഞതയാണെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ തവണ യുഡിഎഫ് – ബിജെപി വോട്ടു കച്ചവടം ഉണ്ടായി. ഇപ്രാവശ്യം യുഡിഎഫ് രംഗത്ത് ഉണ്ടായിരുന്നു. എല്‍ഡിഎഫിന്റെ ജയസാധ്യതയെ ഇതൊന്നും ബാധിക്കില്ല. എല്‍ഡിഎഫ് കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തുമെന്നും ശിവന്‍കുട്ടി അവകാശപ്പെട്ടു.

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം എന്ന സര്‍വേ ഫലമാണ് ശ്രീലേഖ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. സി ഫോര്‍ സര്‍വേ പ്രീ പോള്‍ ഫലം എന്ന പേരിലാണ് ഇന്ന് രാവിലെ പോസ്റ്റര്‍ പങ്കുവെച്ചത്. വിവാദമായതോടെ ശ്രീലേഖ പോസ്റ്റ് പിന്‍വലിച്ചു.  പ്രീ പോള്‍ സര്‍വേ ഫലം പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. നേരത്തെ പ്രചാരണ ബോര്‍ഡുകളില്‍ ഐപിഎസ് എന്ന് ഉപയോഗിച്ചതിനെതിരെയും പരാതി ഉയര്‍ന്നിരുന്നു.

 

 

Latest