Connect with us

Kozhikode

ഖുര്‍ആന്‍ പഠിതാക്കള്‍ സമൂഹത്തിന് മാതൃകയാവണം: കാന്തപുരം

അല്‍ ഫാതിഹ: മര്‍കസ് ഖുര്‍ആന്‍ അക്കാദമിയില്‍ അധ്യയന വര്‍ഷത്തിന് തുടക്കം.

Published

|

Last Updated

മര്‍കസ് ഖുര്‍ആന്‍ അക്കാദമി പഠനാരംഭം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് | ഖുര്‍ആന്‍ പഠിതാക്കള്‍ വിശുദ്ധ ഗ്രന്ഥം ഉള്‍ക്കൊള്ളുന്ന സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി സമൂഹത്തിന് മാതൃകയാവണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മര്‍കസ് ഖുര്‍ആന്‍ അക്കാദമിയിലെ 2025-26 അധ്യയന വര്‍ഷത്തെ പഠനാരംഭം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ മനഃപാഠ പഠന രംഗത്ത് കേരളത്തില്‍ മാതൃകകളില്ലാത്ത കാലത്ത് വ്യവസ്ഥാപിതമായ രീതിയില്‍ ഹിഫ്‌ള് അക്കാദമികള്‍ക്ക് തുടക്കം കുറിച്ചത് മര്‍കസാണെന്നും ഇപ്പോള്‍ ധാരാളം പേര്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നത് ശുഭകരമാണെന്നും കാന്തപുരം പറഞ്ഞു.

ഈ വര്‍ഷം പുതുതായി പ്രവേശനം നേടിയ 420 വിദ്യാര്‍ഥികള്‍ക്ക് മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വിശുദ്ധ ഖുര്‍ആനിലെ ആദ്യ അധ്യായമായ സൂറത്തുല്‍ ഫാതിഹ പാരായണം ചെയ്താണ് പഠനാരംഭം കുറിച്ചത്. ചടങ്ങില്‍ മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടയില്‍ മുവ്വായിരത്തോളം ഹാഫിളുകളെ മര്‍കസ് ഖുര്‍ആന്‍ അക്കാദമി വാര്‍ത്തെടുത്തിട്ടുണ്ടെന്നും വിദേശ രാജ്യങ്ങളിലുള്‍പ്പെടെ സമൂഹത്തില്‍ അവര്‍ മികച്ച സേവനങ്ങള്‍ നിര്‍വഹിക്കുന്നുണ്ടെന്നും കാന്തപുരം പറഞ്ഞു. നിലവില്‍ കേരളം, തമിഴ്നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി മര്‍കസ് ഖുര്‍ആന്‍ അക്കാദമിക്ക് 32 ക്യാമ്പസുകളുണ്ട്.

യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജംഇയ്യത്തുല്‍ ഇമാറാത്തില്‍ ഖൈരിയ്യ സംഘടിപ്പിച്ച ഖുര്‍ആന്‍ മനഃപാഠ മത്സരത്തില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ മുഹമ്മദ് നബ്ഹാന്‍, മഹ്ബൂബ് വാണിമേല്‍, മുഹമ്മദ് അമീന്‍ ഉമറുല്‍ ഫാറൂഖ് പെരിന്തല്‍മണ്ണ (മര്‍കസ് ഹിഫ്‌ള് കാരന്തൂര്‍), ശംവീല്‍ അഹ്മദ് നസ്റുല്‍ ഇസ്‌ലാം (ഖല്‍ഫാന്‍ കൊയിലാണ്ടി) എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

മര്‍കസ് ഖുര്‍ആന്‍ അക്കാദമി പ്രിന്‍സിപ്പല്‍ ഹാഫിള് അബൂബക്കര്‍ സഖാഫി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജാമിഅ മര്‍കസ് റെക്ടര്‍ മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, മര്‍കസ് എം എം ഐ സ്ഥാപനങ്ങളുടെ സി എ ഒ. വി എം റശീദ് സഖാഫി, ഖുര്‍ആന്‍ അക്കാദമി എ ഒ. ഹാഫിള് അബ്ദുസ്സമദ് സഖാഫി പ്രസംഗിച്ചു. സയ്യിദ് ഉവൈസ് തങ്ങള്‍ മടക്കര, ഇസ്സുദ്ദീന്‍ സഖാഫി പുല്ലാളൂര്‍, ഉസ്മാന്‍ മൗലവി പനമരം, ഹിദായത്തുല്ല സഖാഫി പള്ളിശ്ശേരി, ഉമര്‍ ലത്വീഫി കള്ളാടിപ്പറ്റ, യഹ്യ നഈമി മൂന്നാക്കല്‍ തുടങ്ങിയവരും അധ്യാപകരും രക്ഷിതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

 

 

Latest