Connect with us

Articles

"തത്സമയ കൊല' വിരല്‍ചൂണ്ടുന്നത്

മാഫിയാ തലവനായി രാഷ്ട്രീയത്തിലേക്ക് വന്ന അതീഖ് അഹ്‌മദിന്റെയും സഹോദരന്‍ അശ്‌റഫിന്റെയും മാത്രമല്ല, നിയമവാഴ്ചയുടെ തന്നെ കൊലപാതകമാണ് രാഷ്ട്രം ഇന്നലെ തത്സമയം കണ്ടത്. കൊലപാതകങ്ങളുടെ മുഴുവന്‍ ദൃശ്യങ്ങളും തത്സമയം ലോകം കണ്ടുവെന്നത് യാദൃച്ഛികമായി സംഭവിച്ചതല്ല. മുഴുവന്‍ മാധ്യമങ്ങളിലും കൊലപാതകം വീണ്ടും വീണ്ടും കാണിക്കുന്നു. ഭ്രാന്തമായ ആവേശത്തോടെ ഓരോ ഫ്രെയിമും വിശകലനം ചെയ്യുന്നു.

Published

|

Last Updated

പോലീസ് വലയത്തില്‍ വൈദ്യപരിശോധനക്കായി കൊണ്ടുപോകുന്ന മുന്‍ പാര്‍ലിമെന്റംഗത്തെയും സഹോദരനെയും മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കുന്നതിനിടെ ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജില്‍ വെച്ച് പരസ്യമായി വെടിവെച്ച് കൊല്ലുക. കൊലപാതകികള്‍ക്ക് എളുപ്പം കാര്യം സാധിക്കുന്ന വിധത്തില്‍ പൊടുന്നനെയുള്ള ആക്രമണത്തില്‍ തോക്കു കണ്ട് പതറിയെന്നോണം നാല് ഭാഗത്തേക്കും മാറിയോടി സ്ഥലസൗകര്യം ചെയ്തുകൊടുക്കുന്ന പോലീസുകാര്‍. തലയിലേക്ക് പിന്നെയും പിന്നെയും നിറയൊഴിച്ച് മരണം ഉറപ്പാക്കിയതോടെ അക്രമിയെ കീഴടക്കുന്നു. ജയ് ശ്രീറാം എന്ന് ആഘോഷത്തോടെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്ന കൊലപാതകികള്‍. ഇതെല്ലാം തത്സമയം കണ്ടുകൊണ്ടിരുന്ന ജനാധിപത്യ രാജ്യത്തിലെ ജനങ്ങള്‍. എന്നാല്‍ മനസ്സാക്ഷിയുള്ളവര്‍ എല്ലാം കണ്ട് തരിച്ചുനില്‍ക്കുന്ന സമയത്തും വലിയൊരു വിഭാഗം പടക്കം പൊട്ടിച്ചും ആരവങ്ങള്‍ മുഴക്കിയും ഈ കൊലപാതകത്തെ ആഘോഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.

മാഫിയാ തലവനായി രാഷ്ട്രീയത്തിലേക്ക് വന്ന അതീഖ് അഹ്‌മദിന്റെയും സഹോദരന്‍ അശ്‌റഫിന്റെയും മാത്രമല്ല, നിയമവാഴ്ചയുടെ തന്നെ കൊലപാതകമാണ് രാഷ്ട്രം ഇന്നലെ തത്സമയം കണ്ടത്. ദിവസങ്ങള്‍ക്ക് മുമ്പ് സ്വന്തം മകനെ പോലീസ് അപ്രഖ്യാപിത ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനൊരുങ്ങവെയാണ് കൊലയാളികള്‍ ആകസ്മികമായി ചുറ്റുമുള്ള പോലീസുകാരുടെ വലയത്തിനകത്ത് പ്രവേശിച്ച് അസാധാരണമായ ലാഘവത്തോടെ വെടിയുതിര്‍ത്തത്. രക്തദാഹം ഒരു രോഗം കണക്കെ പടര്‍ന്നു കയറിയ ഒരു വിഭാഗം അത് ആഹ്ലാദഭരിതരായി ആഘോഷിക്കുകയും ചെയ്തു. ആ രോഗം തിരിച്ചറിയാത്ത രോഗികളുടെ എണ്ണവും അക്രമാസക്തതയും അപകടകരമാം വിധം നാള്‍ക്കു നാള്‍ വര്‍ധിക്കുകയാണെന്നതിന് വീണ്ടുമൊരു തത്സമയ സംപ്രേഷണം കൂടി തെളിവ് തന്നിരിക്കുന്നു.

കൊലപാതകങ്ങളുടെ മുഴുവന്‍ ദൃശ്യങ്ങളും തത്സമയം ലോകം കണ്ടുവെന്നത് യാദൃച്ഛികമായി സംഭവിച്ചതല്ല. മുഴുവന്‍ മാധ്യമങ്ങളിലും കൊലപാതകം വീണ്ടും വീണ്ടും കാണിക്കുന്നു. ഭ്രാന്തമായ ആവേശത്തോടെ ഓരോ ഫ്രെയിമും വിശകലനം ചെയ്യുന്നു. എല്ലാ പ്രേക്ഷകര്‍ക്കും കൊലപാതകങ്ങളുടെ ആവേശം നഷ്ടപ്പെടാതിരിക്കാന്‍ ടിവി ചാനലുകള്‍ വളരെ ശ്രദ്ധാപൂര്‍വം തങ്ങളുടെ കടമ നിര്‍വഹിക്കുന്നുണ്ടായിരുന്നു. നല്ലൊരു “തത്സമയ കൊലപാതകം’ കാണിക്കുന്നതിന്റെ രസം വേറെയും.

മാഫിയ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് ഉത്തര്‍ പ്രദേശ്. ക്രിമിനലുകള്‍ക്ക് രാഷ്ട്രീയത്തില്‍ ഒരു പഞ്ഞവുമില്ലാത്ത സ്ഥലം. പേരുകേട്ട, തലയെടുപ്പുള്ള മാഫിയാ പശ്ചാത്തലങ്ങളില്‍ നിന്നുള്ള നേതാക്കളാണ് രാഷ്ട്രീയം നോക്കുന്നതും നിയന്ത്രിക്കുന്നതും. അത്തരക്കാര്‍ക്കിടയില്‍ ശത്രുതയും പ്രതികാര സ്വഭാവങ്ങളും ഉണ്ടാകുമ്പോള്‍ ലവലേശം പ്രബുദ്ധത പ്രതീക്ഷിക്കാന്‍ വയ്യ. അതുകൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങളില്‍ തനി ഗുണ്ടാരാജ് തന്നെയാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ വിശ്വാസികള്‍ക്ക് നോക്കിനില്‍ക്കാനേ നിര്‍വാഹമുള്ളൂ. ഈ വൈകാരികതയെ ഊതിപ്പെരുപ്പിച്ച് കത്തിച്ചു നിര്‍ത്തേണ്ടത് അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്ന് പൊതുജന ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുന്നവര്‍ക്ക് അനിവാര്യമാണ്. അതിന്റെ സ്വാധീനത്തിലാണ് ഹിന്ദു പോലുള്ള പത്രങ്ങള്‍ പോലും കൊലപാതകം റിപോര്‍ട്ട് ചെയ്തപ്പോള്‍ അതീഖ് അഹ്്മദ് എങ്ങനെ “മണ്ണായി മാറി’ എന്ന് എഴുതിയത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാഗ്ദാനം ചെയ്ത, മാഫിയകളെ ഒക്കെ മണ്ണില്‍ വെച്ച് കാണാമെന്ന ഗീര്‍വാണങ്ങളൊക്കെ പരിഷ്‌കൃതരായ ആളുകള്‍ക്ക് പോലും ഇപ്പോള്‍ സ്വീകാര്യമായി തുടങ്ങിയിരിക്കുന്നു.

പ്രയാഗ് രാജില്‍ 144 പ്രഖ്യാപിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. പക്ഷേ, കൊലപാതകത്തെ കുറിച്ച് സംസ്ഥാനത്തെ ഒരു മന്ത്രി സംസാരിച്ചത് “കര്‍മഫലം’ എന്നാണ്. മറ്റൊരു മന്ത്രി വിശേഷിപ്പിച്ചത് “ദൈവിക നീതി’ എന്നും. ഭാരതീയ ജനതാ പാര്‍ട്ടിയുടെ യുവജന വിഭാഗം പ്രവര്‍ത്തകര്‍ കൊലപാതക ശേഷം പടക്കം പൊട്ടിച്ച് ആഘോഷിച്ചതായും റിപോര്‍ട്ടുകളുണ്ട്. കൂട്ടായ ആനന്ദത്തിന്റെ പ്രകടനം. രണ്ട് ദിവസം മുമ്പാണ് അതീഖ് അഹ്‌മദിന്റെ മകന്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ആ കൊലപാതകത്തിന്റെ ആഘോഷം ഒരു ഭാഗത്ത് അവസാനിച്ചിട്ടില്ലായിരുന്നു. മകന്‍ കൊല്ലപ്പെട്ടെങ്കിലും അതീഖിന് ഇതൊരു സൂചന മാത്രമാണെന്ന് ഹിന്ദുത്വ സാധ്വികളുടെ ട്വീറ്റുകള്‍ ഉണ്ടായിരുന്നു. അതീഖ് അഹ്‌മദ് തന്നെ, വധഭീഷണികള്‍ ഉണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വാദം കേള്‍ക്കാന്‍ കോടതി വിസമ്മതിച്ചു. ഭരണകൂടത്തിന്റെ സംരക്ഷണമുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്. സംസ്ഥാനത്ത് ഇത്തരം കൊലപാതകങ്ങള്‍ പെരുകിയിട്ടുണ്ടെന്ന സത്യം മനസ്സിലായിട്ടും ഒരു പൗരന്റെ ഭയം കോടതി പരിഗണിച്ചില്ല. ഒടുവില്‍ അവ സത്യമാണെന്ന് തെളിഞ്ഞു. പരസ്യമായി തന്നെ കൊലപാതകം നടന്നു. പിന്നാലെ “ജയ് ശ്രീറാം’ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.

പ്രതിയോ കുറ്റവാളിയോ ശത്രുവോ മാഫിയയോ ആരുമാകട്ടെ, ഒരാളെ വെടിവെച്ചിടാന്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഒരാള്‍ക്കും അവകാശമില്ല. പോലീസായാലും പട്ടാളമായാലും ഭരണകൂടമായാലും നിയമ വ്യവസ്ഥക്കകത്ത് നിന്ന് കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പാലിക്കുകയേ നിര്‍വാഹമുള്ളൂ. പൗരന്മാരെ സംരക്ഷിക്കുന്നതിനും നിയമവാഴ്ച നടപ്പാക്കുന്നതിനുമായി സൃഷ്ടിക്കപ്പെട്ട ഭരണകൂടവും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും ക്രിമിനല്‍ ഉപകരണങ്ങളായി പരിവര്‍ത്തിക്കപ്പെടുന്നതിന്റെ പരിണത ഫലം ലാഘവത്തോടെയുള്ള ഇത്തരം പരസ്യമായ ക്രൂരതകളാണ്. അതോടൊപ്പം സമൂഹത്തിലെ വലിയൊരു വിഭാഗത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന രക്തദാഹവും കുറ്റകൃത്യങ്ങളെ ആഘോഷിക്കുന്ന പ്രവണതയും അതിലേറെ വലിയ അപകടമാണ്. നിയമവാഴ്ചയുടെ അര്‍ഥം ജനങ്ങളുടെ മനസ്സില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്ന വലിയൊരു ദുരന്തം ആഗതമായിരിക്കുന്നു.

നിയമവാഴ്ചയുടെ കൊലപാതകം തന്നെയാണ് ഇന്നലെ നടന്ന ഏറ്റവും വലിയ ദുരന്തം. കൊല്ലപ്പെട്ടത് ഒരു ക്രിമിനല്‍ മാത്രമായിരുന്നില്ല എന്നതും ഒരു മുസ്‌ലിം നാമധാരി കൂടിയായിരുന്നു എന്നതും കൂടി ചേര്‍ത്തു വായിക്കണം. കൊലയാളികള്‍ ജയ് ശ്രീറാം മുദ്രാവാക്യവുമായി സ്വയം അടയാളപ്പെടുത്തുന്നതിന്റെ രാഷ്ട്രീയം കൂടി ഇവിടെ പ്രാവര്‍ത്തികമാകുന്നുണ്ട്. ഈ മുദ്രാവാക്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് വേണ്ടിയാണ് തങ്ങള്‍ ഈ കൊലപാതകം നടത്തിയതെന്ന് കൂടി അഭിമാനത്തോടെ അവര്‍ വിളിച്ചു പറയുകയാണ്.

പുല്‍വാമയിലെ ജവാന്മാരെ നഷ്ടമായ സുരക്ഷാ വീഴ്ചയും ജവാന്മാര്‍ക്ക് വിമാനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചതും തുടങ്ങി സുപ്രധാന വിഷയങ്ങളില്‍ സര്‍ക്കാറിനെതിരെ സത്യപാല്‍ മാലിക് നടത്തിയ സ്ഫോടനാത്മകമായ വെളിപ്പെടുത്തലില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് അതീഖ് അഹ്‌മദിനെ കൊലപ്പെടുത്തിയതെന്ന വാദങ്ങള്‍ ഉയരുന്നുണ്ട്. അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ പൊതുജന ശ്രദ്ധ വ്യതിചലിപ്പിക്കുന്ന തത്ത്വം പലപ്പോഴായി പലതവണ ഉപയോഗിക്കുന്നതാണല്ലോ. പണപ്പെരുപ്പവും തൊഴിലില്ലായ്മയും തുടങ്ങിയ യഥാര്‍ഥ ദേശീയ പ്രശ്നങ്ങള്‍ക്ക് പുറമെ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യം കൂടി അപ്രതീക്ഷിതമായി ഉയര്‍ന്നു വരുമ്പോള്‍ ശ്രദ്ധ തിരിക്കാനുള്ള ഗൂഢാലോചനകളുണ്ടാകുന്നു. മതവെറിയും അപര വിദ്വേഷവും കത്തിച്ചു നിര്‍ത്തി മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങളിലൂടെ എത്ര നിഷ്പ്രയാസമാണ് ഇവര്‍ അതെല്ലാം സാധിച്ചെടുക്കുന്നത്. എത്ര പെട്ടെന്നാണ് മാധ്യമ സഹായങ്ങളോടെ മനുഷ്യര്‍ എല്ലാം കണ്ണടച്ച് വിശ്വസിക്കുകയും അനുസരിക്കുകയും വികാര നിര്‍ഭരമാകുകയും ചെയ്യുന്നത്. യഥാര്‍ഥ പ്രശ്നങ്ങളില്‍ ഉറച്ചുനില്‍ക്കാനും വൈകാരിക വാര്‍ത്തകളോടൊപ്പം ഉറഞ്ഞുതുള്ളാതിരിക്കാനും ഇനി എന്നാണാവോ ഇന്ത്യന്‍ ജനത പഠിക്കുക. കൊല്ലപ്പെട്ടയാള്‍ മുന്‍ എം പി ആണെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുള്ളത് കൊണ്ട് തന്നെ ചോദ്യം ചെയ്യുന്നവരെ പോലും പ്രതിയാക്കുകയാണ് ചെയ്യുന്നത്. അത്തരം കൊലപാതകങ്ങള്‍ക്ക് മുമ്പും ശേഷവും ഉറക്കമില്ലാത്ത രാത്രികള്‍ ചെലവഴിച്ച് ഗെയിം കളിക്കുന്നവരെയാണ് ഭയക്കേണ്ടത്.

Latest