Connect with us

editorial

"ബിഗ് ബ്യൂട്ടിഫുൾ ബില്ല്' ട്രംപിന് അഗ്നിപരീക്ഷ

ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ബില്ല് ദോഷകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നോൺ-ഇഗ്രിമെന്റ് വിസക്കാർ, ഗ്രീൻ കാർഡ് ഉടമകൾ തുടങ്ങി യു എസ് പൗരന്മാർ അല്ലാത്തവർ നടത്തുന്ന എല്ലാ അന്താരാഷ്ട്ര പണമിടപാടുകൾക്കും 3.5 ശതമാനം നികുതി ചുമത്താനുള്ള ബില്ലിലെ നിർദേശമാണ് പ്രവാസികൾക്ക് ഇരുട്ടടിയാകുക.

Published

|

Last Updated

മേയ് മധ്യത്തിൽ അമേരിക്കൻ ഹൗസ് ബജറ്റ് കമ്മിറ്റി പാസ്സാക്കുകയും സെനറ്റ് വോട്ടെടുപ്പിൽ കനത്ത എതിർപ്പ് പ്രതീക്ഷിക്കുകയും ചെയ്യുന്ന “വൺ ബിഗ് ബ്യൂട്ടിഫുൾ ബില്ല് ആക്ടു'(ഒ ബി ബി ബി എ)മായി മുന്നോട്ടു പോകാനുള്ള തീവ്രശ്രമത്തിലാണ് ഡൊണാൾഡ് ട്രംപ്. ഇതിന്റെ ഭാഗമായി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ വിളിച്ചുചേർത്ത് ഒ ബി ബി ബി എയുടെ വിശദീകരണ പരിപാടി സംഘടിപ്പിക്കുകയുണ്ടായി കഴിഞ്ഞ ദിവസം. പൊതുസമൂഹത്തിൽ ബില്ലിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും അതുവഴി സെനറ്റ് അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ജൂലൈ നാലിന് ബില്ലിന്റെ സമയ പരിധി അവസാനിക്കും. അതിനു മുമ്പ് സെനറ്റിൽ പാസ്സാക്കിയെടുക്കേണ്ടതുണ്ട.് ബജറ്റ് കമ്മിറ്റിയിൽ കടുത്ത എതിർപ്പിനെ അഭിമുഖീകരിച്ചിരുന്നു ബില്ല്. 16നെതിരെ 17 എന്ന നേരിയ ഭൂരിപക്ഷത്തിനാണ് ബില്ല്
പാസ്സായത്.

“ബില്ല് സെനറ്റ് അംഗീകരിച്ചാൽ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതിയിളവായിരിക്കും സംഭവിക്കുക. യാത്രക്ക് നികുതിയുണ്ടാകില്ല. ഓവർടൈമിന് നികുതിയില്ല. മുതിർന്ന പൗരന്മാരുടെ സാമൂഹിക സുരക്ഷക്ക് നികുതിയില്ല. അമേരിക്കയിലെ കർഷകർ, ആട്ടോമേക്കർമാർ തുടങ്ങിയവർക്ക് ബില്ല് വലിയ ഗുണം ചെയ്യും’- ആരോഗ്യ പ്രവർത്തകർ, നിയമപാലകർ, ട്രക്ക് ഡ്രൈവർമാർ തുടങ്ങി സമൂഹത്തിലെ സാധാരണക്കാർ ഉൾക്കൊള്ളുന്ന സദസ്സിനു മുമ്പാകെ ട്രംപ് വിശദീകരിച്ചു.

അതേസമയം, ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ബില്ല് ദോഷകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എച്ച്-ബി പോലുള്ള നോൺ-ഇഗ്രിമെന്റ് വിസക്കാർ, ഗ്രീൻ കാർഡ് ഉടമകൾ തുടങ്ങി യു എസ് പൗരന്മാർ അല്ലാത്തവർ നടത്തുന്ന എല്ലാ അന്താരാഷ്ട്ര പണമിടപാടുകൾക്കും 3.5 ശതമാനം നികുതി ചുമത്താനുള്ള ബില്ലിലെ നിർദേശമാണ് പ്രവാസികൾക്ക് ഇരുട്ടടിയാകുക. വിദേശ കാര്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 45 ലക്ഷം ഇന്ത്യക്കാരുണ്ട് അമേരിക്കയിൽ.

ട്രംപിന്റെ പുതിയ ബില്ലിൽ നികുതിക്ക് വിധേയമാകുന്ന തുകയുടെ പരിധി പറഞ്ഞിട്ടില്ലാത്തതിനാൽ നാട്ടിലേക്ക് ചെറിയ സംഖ്യ അയക്കുന്നവർ പോലും നികുതി നൽകേണ്ടി വരും. 1,000 ഡോളർ ഇന്ത്യയിലേക്ക് അയച്ചാൽ 35 ഡോളർ നികുതിയായി പിടിക്കും. റിസർവ് ബേങ്ക് മാർച്ചിൽ പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം 2023-24 വർഷത്തിൽ പ്രവാസികൾ മുഖേന ഇന്ത്യയിലെത്തിയ 118.7 ബില്യൻ ഡോളറിൽ 28 ശതമാനം അഥവാ 32 ബില്യൻ ഡോളർ അമേരിക്കയിൽ നിന്നാണ്. പണമയക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല നികുതി നിർദേശം.

പ്രവാസികളുടെ നിക്ഷേപ വരുമാന മാറ്റങ്ങളും സ്റ്റോക്ക് ഓപ്ഷനുകളിൽ നിന്നുളള വരുമാനവുമെല്ലാം ഇതിന്റെ പരിധിയിൽ വരും. യു എസ് ഡോളറിന്റെ പുറത്തേക്കുള്ള ഒഴുക്ക് നിയന്ത്രിക്കുകയും പ്രാദേശിക നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് ഭരണകൂടം ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്.

കുടിയേറ്റ നയത്തിലും വൻ മാറ്റങ്ങൾ വ്യവസ്ഥ ചെയ്യുന്നുണ്ട് ബില്ല്. പ്രതിവർഷം പത്ത് ലക്ഷം കുടിയേറ്റക്കാരെ പുറത്താക്കാനും ഒരു ലക്ഷം പേരെ തടങ്കൽ പാളയത്തിൽ പാർപ്പിക്കാനും ബില്ല് വ്യവസ്ഥ ചെയ്യുന്നു. അഭയം തേടുന്ന കുടിയേറ്റക്കാരിൽ നിന്ന് 1,000 ഡോളർ ഫീസ് ഈടാക്കും. കുടിയേറ്റം തടയാനായി 3,000 പുതിയ ബോർഡർ പട്രോളിംഗ് ഏജന്റുമാരെയും 5,000 പുതിയ കസ്റ്റംസ് ഉദ്യോഗസ്ഥരെയും നിയമിക്കും. രാജ്യത്തെ ഏറ്റവും വലിയ അതിർത്തി സംരക്ഷണ നിയമമായി ഇതുമാറും. 46.5 ബില്യൻ ഡോളറാണ് ഈയിനത്തിൽ ചെലവ് പ്രതീക്ഷിക്കുന്നത്.

യു എസ് നികുതി വ്യവസ്ഥകളിലും സർക്കാർ ക്ഷേമ പ്രവർത്തനച്ചെലവുകളിലും സമൂലമായ മാറ്റങ്ങൾ നിർദേശിക്കുന്നു ബില്ല്. സമ്പന്നർക്കും കോർപറേറ്റുകൾക്കും വൻതോതിലുള്ള നികുതി ഇളവാണ് ബില്ലിന്റെ കേന്ദ്രബിന്ദു. നികുതി വെട്ടിക്കുറവ് വഴി ധനികർക്ക് വർഷം തോറും പതിനായിരക്കണക്കിന് ഡോളർ ലാഭിക്കാനാവുകയും താഴെക്കിടയിലുള്ള 20 ശതമാനം അമേരിക്കക്കാർക്ക് നികുതി ഭാരം കൂടുകയും ചെയ്യുമെന്നാണ് ബില്ലിനെക്കുറിച്ച് പുറത്തുവന്ന വിശകലന റിപോർട്ട് വ്യക്തമാക്കുന്നത്. മെഡിക്കെയ്ഡ്, ഭക്ഷ്യസഹായം, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിൽ ഒരു ട്രില്യൻ ഡോളർ വെട്ടിക്കുറക്കാനുള്ള ബില്ലിലെ നിർദേശം സർക്കാറിന് ഗുണം ചെയ്യുമെങ്കിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ പ്രതികൂലമായി
ബാധിക്കും.

സർക്കാറിന്റെ പ്രവർത്തനച്ചെലവ് കൂടുകയും നികുതിയിളവ് മൂലം വരുമാനം ഇടിയുകയും ചെയ്യുന്നതിനാൽ രാജ്യത്തിന്റെ സാമ്പത്തിക ബാധ്യത കുത്തനെ ഉയരുമെന്ന് സാമ്പത്തിക വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നു. അമേരിക്കയെ പാപ്പരാക്കുന്ന നിയമമെന്നാണ് ബില്ലിനെക്കുറിച്ച് യു എസിലെ വ്യവസായ ഭീമനും ശതകോടീശ്വരനും ട്രംപിന്റെ മുൻ ഉപദേഷ്ടാവുമായിരുന്ന ഇലോൺ മസ്‌ക് അഭിപ്രായപ്പെട്ടത്. ഭരണപരമായ ചെലവ് ചുരുക്കാൻ ലക്ഷ്യമിട്ട് നേരത്തേ നടപ്പാക്കിയ എല്ലാ പരിഷ്‌കാരങ്ങളെയും ബില്ല് അട്ടിമറിക്കും. അമേരിക്കയുടെ ഫെഡറൽ കമ്മിയിൽ 2.5 ലക്ഷം കോടി ഡോളറിന്റെ വർധന സൃഷ്ടിക്കുകയും 2035 ആകുമ്പോഴേക്കും രാജ്യത്തിന്റെ പൊതുകടം ജി ഡി പിയുടെ 118 ശതമാനമായി ഉയരുകയും ചെയ്യുമെന്നും മസ്‌ക്
പറയുന്നു.

“ക്ഷമിക്കണം, ഇനിയും എനിക്ക് സഹിക്കാൻ വയ്യ. വെറുപ്പുളവാക്കുന്നതാണ് ഈ നിയമം. ഇതിനു വോട്ട് ചെയ്തവരെയോർത്ത് ഞാൻ ലജ്ജിക്കുന്നു. നിങ്ങൾ തെറ്റു ചെയ്തുവെന്ന് നിങ്ങൾക്കു തന്നെ അറിയാം’ എന്ന പ്രസ്താവനയോടെയാണ് ഡോജിന്റെ തലപ്പത്ത് നിന്ന് മസ്‌ക് ഒഴിവായത്. സ്വന്തം പാളയത്തിൽ നിന്ന് തന്നെ കടുത്ത എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ അഗ്നിപരീക്ഷണമായി മാറും ട്രംപിന് സെനറ്റിലെ വോട്ടെടുപ്പ്.