Connect with us

Kerala

വീടിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്തു; വാക്കുതര്‍ക്കത്തിനിടെ യുവാക്കള്‍ക്കുനേരെ കാറിടിച്ച് കയറ്റിയെന്ന് പരാതി

കാറിടിച്ച് കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

Published

|

Last Updated

തിരുവനന്തപുരം|തിരുവനന്തപുരം കിളിമാനൂരില്‍ വീടിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്തതിനെതുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാക്കളുടെ ദേഹത്തേക്ക് കാറിടിച്ച് കയറ്റാന്‍ ശ്രമിച്ചതായി പരാതി. കാറിടിച്ച് കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇന്നലെ രാത്രി 10.30യ്ക്കാണ് സംഭവം. വീടിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തത് വീട്ടുടമസ്ഥനായ വിനോദ് കുമാര്‍ ചോദ്യം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. റോഡരികിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ രണ്ടു കാറുകളിലായി എത്തിയ സംഘവുമായാണ് തര്‍ക്കമുണ്ടായത്. രണ്ടു കാറുകളിലൊന്ന് വിനോദിന്റെ വീടിനു മുന്നിലാണ് പാര്‍ക്ക് ചെയ്തിരുന്നത്.

ഇത് ഇവിടെ നിന്ന് മാറ്റണമെന്ന് വിനോദ് യുവാക്കളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവാക്കള്‍ വിനോദുമായി തര്‍ക്കത്തിലായി. അതിനിടെ വിനോദിന്റെ പരിചയക്കാരായ രണ്ടു യുവാക്കളും ഒപ്പം ചേര്‍ന്നു. തുടര്‍ന്ന് വാക്കേറ്റം കയ്യാങ്കളിയിലേക്കെത്തി. ഇതിനിടെയാണ് വിനോദിന്റെ ഒപ്പമുണ്ടായിരുന്ന രണ്ടു യുവാക്കള്‍ക്കുനേരെ കാറിടിച്ച് കയറ്റാന്‍ ശ്രമിച്ചത്. സംഭവത്തില്‍ വിനോദ് കുമാറിന്റെ സുഹൃത്തുക്കളായ ആനന്ദ്, ഷാനവാസ് എന്നിവര്‍ക്ക് പരുക്കേറ്റു. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് വേഗത്തില്‍ വന്ന് യുവാക്കളെ ഇടിക്കുന്നത് സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. രണ്ടു കാറിലുമായി ഉണ്ടായിരുന്ന യുവാക്കള്‍ അസഭ്യവര്‍ഷമടക്കം നടത്തിയാണ് സ്ഥലത്ത് നിന്ന് പോയതെന്നാണ് പരാതി. കാറിലുണ്ടായിരുന്നവര്‍ മദ്യലഹരിയിലാണെന്നും പരാതിയിലുണ്ട്.
സംഭവത്തില്‍ വിനോദ്കുമാറും ആനന്ദും ഷാനവാസും കിളിമാനൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

 

 

Latest