Connect with us

Kerala

'ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി'; പുതിയ മുന്നണി പ്രഖ്യാപിച്ച് പി വി അന്‍വര്‍

.എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ കാട്ടി കൂട്ടിയ പലതിന്റേയും തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും വേണ്ടി വന്നാല്‍ നിലമ്പൂര്‍ അങ്ങാടിയില്‍ ടി വി വെച്ച് കാണിക്കുമെന്നും പി വി അന്‍വര്‍

Published

|

Last Updated

മലപ്പുറം |  നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പുതിയ മുന്നണിയുമായി പി വി അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കേരള കണ്‍വീനറായ പി വി അന്‍വര്‍ ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ യുടെ പേരിലായിരിക്കും മത്സരിക്കുക.കാർഷികം, തൊഴിൽ, വ്യാപാരം, സാമൂഹിക-സാംസ്കാരിക മേഖലയിൽ നിന്നുള്ള സംഘടനകൾ തനിക്ക് പിന്തുണ അറിയിച്ചതായി അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവര്‍ത്തനം.തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെയുള്ള വോട്ടുകള്‍ പാളയത്തിലേക്ക് എത്തിക്കുക ലക്ഷ്യമിട്ട് കൂടിയാണ് മുന്നണി രൂപീകരണം. മുന്നാം മുന്നണി രൂപീകരണം എന്ന വിശാല ലക്ഷ്യം കൂടി മുന്നില്‍ കാണുന്നു. നിരവധി ചെറിയ സംഘടനകള്‍ കൂടി മുന്നണിയുടെ ഭാഗമായേക്കും.എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ കാട്ടി കൂട്ടിയ പലതിന്റേയും തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും വേണ്ടി വന്നാല്‍ നിലമ്പൂര്‍ അങ്ങാടിയില്‍ ടി വി വെച്ച് കാണിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു

തന്നെ വ്യക്തിഹത്യ നടത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വി ഡി സതീശന്‍ ആയാലും മുഹമ്മദ് റിയാസ് ആയാലും ആര്യാടന്‍ ഷൗക്കത്ത് ആയാലും തലയില്‍ മുണ്ടിട്ട് നിലമ്പൂരില്‍നിന്ന് ഓടിയൊളിക്കേണ്ട ഗതികേടുണ്ടാകും. ഇതൊരു മുന്നറിയിപ്പാണ്.

നവകേരളസദസിന്റെ പേരില്‍ കോണ്‍ട്രാക്ടര്‍മാരില്‍നിന്ന് കോടിക്കണക്കിന് രൂപ മന്ത്രി മുഹമ്മദ് റിയാസ് ഭീഷണിപ്പെടുത്തി പിരിച്ചുവെന്നും അന്‍വര്‍ ആരോപിച്ചു. കരാറുകാരെ ഭീഷണിപ്പെടുത്തുന്നതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അന്‍വര്‍ പറഞ്ഞു.തന്നെ വഞ്ചകനെന്ന് വിളിച്ച മുഖ്യമന്ത്രിക്കുള്ള മറുപടി ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറയും .തന്നെ യുഡിഎഫില്‍ എടുത്താല്‍ പറവൂരില്‍ തോല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വി ഡി സതീശനെ അറിയിച്ചതു കൊണ്ടാണ് മുന്നണി പ്രവേശം നടക്കാതെ പോയതെന്നും അന്‍വര്‍ പറഞ്ഞു

 

---- facebook comment plugin here -----

Latest