Kerala
ചെന്നൈയില്‍ എത്തിച്ചത് ശുദ്ധമായ ചെമ്പുപാളി; സ്വര്‍ണം പൂശിയ ലോഹം അറ്റകുറ്റപ്പണി ചെയ്യാറില്ലെന്നും സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനി
ശബരിമലയില്‍ നിന്നും അഴിച്ചു മാറ്റിയതു തന്നെയാണോ എന്ന് അറിയില്ല. നിരവധി കോംപ്ലിക്കേഷന്‍സ് ഉള്ളതുകൊണ്ടാണ് ഒരിക്കല്‍ സ്വര്‍ണം പൂശിയത് വീണ്ടും കമ്പനി സ്വീകരിക്കാത്തത്

പത്തനംതിട്ട | ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനി. 2019 ല്‍ ചെന്നൈയിലെ കമ്പനിയില്‍ എത്തിച്ചത്് ശുദ്ധമായ ചെമ്പുപാളികളായിരുന്നെന്ന് സ്ഥാപനത്തിന്റെ അഭിഭാഷകന്‍ കെ ബി പ്രദീപ് വ്യക്തമാക്കി. കമ്പനിയിലെത്തിച്ചത് നേരത്തെ ഒരിക്കലും സ്വര്‍ണം പൂശിയിട്ടില്ലാത്ത ചെമ്പുപാളികളാണ്. സ്ഥാപനത്തിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച്, ഒരിക്കല്‍ സ്വര്‍ണം പൂശിയ ലോഹം അറ്റകുറ്റപ്പണിക്കായി സ്ഥാപനം സ്വീകരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ദ്വാരപാലകരെ കവര്‍ ചെയ്ത ക്ലാഡിങ് ആണ് എത്തിച്ചത്. ശബരിമലയില്‍ നിന്നും അഴിച്ചു മാറ്റിയതു തന്നെയാണോ എന്ന് അറിയില്ല. നിരവധി കോംപ്ലിക്കേഷന്‍സ് ഉള്ളതുകൊണ്ടാണ് ഒരിക്കല്‍ സ്വര്‍ണം പൂശിയത് വീണ്ടും കമ്പനി സ്വീകരിക്കാത്തത്. ഞങ്ങളുടെ കമ്പനിയിലെത്തിച്ചത് ശുദ്ധമായ ചെമ്പു കൊണ്ടുള്ള സാധനമാണ്. 38 കിലോ ഭാരമുള്ള ദ്വാരപാലക ശില്‍പങ്ങളിലാണ് കമ്പനി ഇലക്ട്രോ പ്ലേറ്റിങ്ങ് നടത്തിയത്.അന്ന് ലഭിച്ചപ്പോള്‍ ആദ്യ ക്ലീനിങ്ങില്‍ ദ്വാരപാലക ശില്‍പങ്ങളിലെ കുമിളകള്‍ക്കുള്ളിലെ മെഴുക് അടക്കം മാറ്റി ക്ലീന്‍ ചെയ്തപ്പോഴുള്ള ഭാരം 40.137 കിലോ ഗ്രാമാണ്. തുടര്‍ന്ന് ആസിഡ് വാഷ്, എല്‍ഗ്രേറ്റ് കെമിക്കല്‍ വാഷ്, ബഫിങ് എന്നിവയെല്ലാം കഴിഞ്ഞപ്പോള്‍ 38 കിലോയാണ് ലഭിച്ചത്. ശബരിമലയിലെ ശില്‍പങ്ങളില്‍ സ്വര്‍ണം പൂശിയിട്ടുള്ളതായിരുന്നെങ്കില്‍, കമ്പനിയിലെത്തിച്ചിട്ടുള്ളത് ശുദ്ധമായ ചെമ്പു പാളിയാണ്. സ്വര്‍ണം പൂശിയതായിരുന്നെങ്കില്‍ കമ്പനി പോളിസി പ്രകാരം അതു സ്വീകരിക്കുമായിരുന്നില്ലെന്നും അഭിഭാഷകന്‍ കെ ബി പ്രദീപ് പറഞ്ഞു
അതേ സമയം ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ നാളെ ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്യും. കിളിമാനൂര്‍ കാരേറ്റ് സ്വദേശിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളില്‍ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലന്‍സിന്റെ വിലയിരുത്തല്‍. 2019 ജൂലായ് 20 ന് സ്വര്‍ണപ്പാളികള്‍ ഇളക്കിയെങ്കിലും ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന കമ്പനിയില്‍ എത്തിച്ചത് 40 ദിവസം കഴിഞ്ഞാണ്. ഒരു മാസത്തിലേറെ ഇതെവിടെയായിരുന്നു എന്നാണ് ദേവസ്വം വിജിലന്‍സ് അന്വേഷിക്കുന്നത്.