National
പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ പാകിസ്താനിൽ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു
പുൽവാമയിലെ രത്നിപോര മേഖലയിലെ ഖർബാത്പോര സ്വദേശിയായ ഹംസ ബുർഹാൻ 2017 ലാണ് ഉപരിപഠനത്തിനെന്ന വ്യാജേന പാകിസ്താനിലേക്ക് കടന്നത്. എന്നാൽ പാകിസ്താനിലെത്തിയ ഇയാൾ നിരോധിത ഭീകര സംഘടനയായ അൽ ബദ്റിൽ ചേരുകയും ചുരുങ്ങിയ കാലം കൊണ്ട് തന്നെ സംഘടനയുടെ കമാൻഡർ പദവിയിലേക്ക് ഉയരുകയുമായിരുന്നു.
മുസഫറാബാദ് | നാല്പതിലധികം സി ആർ പി എഫ് ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ 2019 ലെ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാൾ പാക് അധീന കശ്മീരിൽ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. നിരോധിത ഭീകര സംഘടനയായ അൽ ബദ്റിന്റെ കമാൻഡറും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയുമായ ഹംസ ബുർഹാൻ ആണ് കൊല്ലപ്പെട്ടത്. പാക് അധീന കശ്മീരിലെ മുസഫറാബാദിൽ വെച്ചാണ് അജ്ഞാതരായ അക്രമികൾ ഇയാൾക്ക് നേരെ വെടിയുതിർത്തത്. ശരീരത്തിൽ നിരവധി വെടിയുണ്ടകളേറ്റ ഇയാൾ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. കഴിഞ്ഞ കുറച്ചുകാലങ്ങളായി പാകിസ്താനിലും പാക് അധീന കശ്മീരിലും ഇന്ത്യ തിരയുന്ന പ്രമുഖ ഭീകരർ അജ്ഞാതരാൽ കൊല്ലപ്പെടുന്ന സംഭവിവികാസങ്ങളിലെ ഏറ്റവും ഒടുവിലത്തേതാണിത്.
അർജുമന്ദ് ഗുൽസാർ ദാർ എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. ‘ഡോക്ടർ’ എന്ന വിളിപ്പേരിലും ഇയാൾ അറിയപ്പെട്ടിരുന്നു. പുൽവാമയിലെ രത്നിപോര മേഖലയിലെ ഖർബാത്പോര സ്വദേശിയായ ഹംസ ബുർഹാൻ 2017 ലാണ് ഉപരിപഠനത്തിനെന്ന വ്യാജേന പാകിസ്താനിലേക്ക് കടന്നത്. എന്നാൽ പാകിസ്താനിലെത്തിയ ഇയാൾ നിരോധിത ഭീകര സംഘടനയായ അൽ ബദ്റിൽ ചേരുകയും ചുരുങ്ങിയ കാലം കൊണ്ട് തന്നെ സംഘടനയുടെ കമാൻഡർ പദവിയിലേക്ക് ഉയരുകയുമായിരുന്നു. ഇയാളുടെ രാജ്യദ്രോഹ പ്രവർത്തനങ്ങളും ഭീകരവാദ ബന്ധങ്ങളും മുൻനിർത്തി 2022 ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
പാകിസ്താനിൽ നിന്ന് പിന്നീട് കശ്മീരിലേക്ക് മടങ്ങിയെത്തിയ ബുർഹാൻ കശ്മീരി യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതിനും അവർക്ക് മസ്തിഷ്ക പ്രക്ഷാളനം നടത്തുന്നതിനും നേതൃത്വം നൽകിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. ദക്ഷിണ കശ്മീരിൽ പുൽവാമ മുതൽ ഷോപ്പിയാൻ വരെ മേഖലകളിൽ ഇയാൾ ഭീകരവാദ ശൃംഖല ശക്തമായി വ്യാപിപ്പിച്ചിരുന്നതായാണ് വിവരം.
ഇന്ത്യൻ സുരക്ഷാ സേനയ്ക്ക് നേരെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണങ്ങളിൽ ഒന്നായിരുന്നു 2019 ഫെബ്രുവരി 14 ന് നടന്ന പുൽവാമ ആക്രമണം. ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയാണ് ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. പുൽവാമയിലെ ലെത്പോരയിൽ സി ആർ പി എഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഭീകരൻ ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിൽ 40 ജവാന്മാർ വീരമൃത്യു വരിച്ചു.
ഈ ദാരുണമായ ആക്രമണത്തിന് തിരിച്ചടിയായി ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇന്ത്യൻ വ്യോമസേന പാകിസ്താനിലെ ബാലാകോട്ടിലുള്ള ഭീകരവാദ ക്യാമ്പുകൾക്ക് നേരെ ശക്തമായ സർജിക്കൽ സ്ട്രൈക്ക് നടത്തി തകർത്തിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര യുദ്ധപ്രതീതിയും സംഘർഷവും വലിയ തോതിൽ വർധിപ്പിച്ചിരുന്നു.
Content Highlights:
Hamza Burhan, a designated terrorist and one of the masterminds behind the devastating 2019 Pulwama terror attack, was shot dead by unidentified gunmen in Muzaffarabad, Pakistan-occupied Kashmir. Burhan, also known as Arjumand Gulzar Dar or ‘Doctor’, was a top commander of the banned outfit Al-Badr and was heavily involved in radicalizing youth in South Kashmir. His elimination follows a recent pattern of high-profile terrorists being targeted and killed by unknown assailants within Pakistan.







