Connect with us

covid

മലപ്പുറത്തെ കൊവിഡ് ചികിത്സാകേന്ദ്രം പൂട്ടിയതിനെതിരെ പ്രതിഷേധം

രോഗികളുടെ കുറവും പ്രവർത്തന ചെലവുമാണ് നിർത്താൻ കാരണമായി പറയുന്നത്

Published

|

Last Updated

മലപ്പുറം | കുന്നുമ്മൽ ടൗൺഹാളിലെ കൊവിഡ് ചികിത്സാ കേന്ദ്രം (സി എസ് എൽ ടി സി) പ്രവർത്തനം നിർത്തിയതിൽ പ്രതിഷേധം വ്യാപകമാകുന്നു. മലപ്പുറം നഗരസഭയും ജില്ലാ സഹകരണ ആശുപത്രിയും സംയുക്തമായി നടത്തിയിരുന്ന കേന്ദ്രം പ്രവർത്തനം നിർത്തിയതായി കഴിഞ്ഞ ദിവസമാണ് നോട്ടീസ് പതിച്ചത്. രോഗികളുടെ കുറവും പ്രവർത്തന ചെലവുമാണ് നിർത്താൻ കാരണമായി പറയുന്നത്. നഗരസഭയാണ് കേന്ദ്രത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കിയത്.

നഗരസഭയുടെ ടൗൺഹാൾ, വൈദ്യുതി, ശുദ്ധജല സൗകര്യം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാണ് പ്രവർത്തിച്ചിരുന്നത്. ആവശ്യമായ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവരുടെ സേവനം സഹകരണ ആശുപത്രിയുടെ കീഴിലായിരുന്നു. ഒരുമാസം കേന്ദ്രം പ്രവർത്തിപ്പിക്കുന്നതിന് 13 ലക്ഷം രൂപയോളമാണ് ചെലവ്. സംഭാവനകളിലൂടെയാണ് ഇതിനുള്ള പണം കണ്ടെത്തിയിരുന്നത്. ആദ്യസമയങ്ങളിൽ ചില പഞ്ചായത്തുകളും സന്നദ്ധ സംഘടനകളും യുവജന സംഘടനകളും കേന്ദ്രത്തിന് സംഭാവന നൽകിയിരുന്നു. പണമില്ലാത്തതും രോഗികളുടെ എണ്ണം കുറഞ്ഞതുമാണ് പൂട്ടാൻ കാരണമായി പറയുന്നത്. മുമ്പ് കൊവിഡ് ബാധിതർക്ക് സൗജന്യ ചികിത്സയും ഭക്ഷണവും ഉൾപ്പെടുന്ന സംവിധാനവും നഗരസഭയിലുണ്ടായിരുന്നു. മലപ്പുറം ഗവ. കോളജിൽ പ്രവർത്തിച്ചിരുന്ന സി എഫ് എൽ ടി സി കേന്ദ്രം പൂട്ടിയാണ് ആശുപത്രി തുടങ്ങിയത്. ഗവ. കോളജിലെ ഫർണിച്ചറും മറ്റു സൗകര്യങ്ങളുമാണ് ടൗൺഹാളിലെ ആശുപത്രിയിൽ ഉപയോഗിച്ചത്.