Connect with us

Aksharam Education

ആരോഗ്യത്തിന്റെ കാവൽക്കാർ

നമ്മൾ ഓടുകയും ചാടുകയും കളിക്കുകയും ചെയ്യുമ്പോൾ ശരീരത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ശരീരത്തെ എപ്പോഴും ഊർജസ്വലമായും ആരോഗ്യത്തോടെയും നിലനിർത്താൻ ഉള്ളിൽ ഒരു കൂട്ടം "സൂപ്പർ ഹീറോകൾ' രാവും പകലും വിശ്രമമില്ലാതെ പണിയെടുക്കുന്നുണ്ട്. അവരാണ് പ്രോട്ടീനുകൾ (Proteins).

Published

|

Last Updated

ഒരു കെട്ടിടം നിർമിക്കാൻ കല്ലോ ഇഷ്ടികയോ എത്രത്തോളം പ്രധാനമാണോ അതുപോലെ നമ്മുടെ ശരീരത്തിലെ ഓരോ കോശവും പേശിയും നിർമിക്കാൻ പ്രോട്ടീനുകൾ അത്യാവശ്യമാണ്. മുറിവുകൾ ഉണക്കാനും രോഗങ്ങളെ പ്രതിരോധിക്കാനും വളർച്ചയെ സഹായിക്കാനും മുന്നിൽ നിൽക്കുന്ന ഇവ ജീവന്റെ അടിസ്ഥാന ശിലകളാണ്. ശരീരത്തിന്റെ വളർച്ചക്കും ആരോഗ്യത്തിനും ഏറ്റവും അത്യാവശ്യമായ പ്രധാന പോഷകമാണ് പ്രോട്ടീൻ.

പ്രധാന ധർമങ്ങൾ

സൂക്ഷ്മ യന്ത്രങ്ങൾ പോലെയാണ് ശരീരത്തിൽ പ്രോട്ടീനുകൾ പ്രവർത്തിക്കുന്നത്. പുതിയ കോശങ്ങൾ ഉണ്ടാകാനും പേശികൾ ശക്തമാകാനും പ്രോട്ടീൻ വേണം. ശരീരത്തിൽ എവിടെയെങ്കിലും മുറിവോ ചതവോ ഉണ്ടായാൽ അവിടുത്തെ കോശങ്ങളെ പുതുതായി നിർമിച്ച് സുഖപ്പെടുത്തുന്നത് പ്രോട്ടീനാണ്. ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന ആന്റിബോഡികൾ നിർമിക്കുന്നത് പ്രോട്ടീൻ ഉപയോഗിച്ചാണ്. ശരീരത്തിലെ ദഹനപ്രക്രിയ ഉൾപ്പെടെയുള്ള രാസപ്രവർത്തനങ്ങളെ വേഗത്തിലാക്കുന്ന എൻസൈമുകൾ പ്രോട്ടീനുകളാണ്. രക്തത്തിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്ന ഹീമോഗ്ലോബിൻ ഒരു പ്രോട്ടീനാണ്.

എന്താണ് പ്രോട്ടീൻ?

പ്രോട്ടീനുകൾ നിർമിച്ചിരിക്കുന്നത് അമിനോ ആസിഡുകൾ (Amino Acids) എന്ന് വിളിക്കുന്ന ചെറിയ ഘടകങ്ങൾ കൊണ്ടാണ്. ഒരു മാലയിലെ മുത്തുകൾ പോലെ ഈ അമിനോ ആസിഡുകൾ പരസ്പരം കോർത്തു കിടക്കുന്നു. പ്രകൃതിയിൽ ഏകദേശം 20 തരം അമിനോ ആസിഡുകൾ ഉണ്ട്.

ഇവ പല രീതിയിൽ ഒന്ന് ചേരുമ്പോഴാണ് വ്യത്യസ്ത തരം പ്രോട്ടീനുകൾ ഉണ്ടാകുന്നത്.

അമിനോ ആസിഡുകളെ പ്രധാനമായും രണ്ടായി തിരിക്കാം

  • എസൻഷ്യൽ അമിനോ ആസിഡുകൾ: ഇവ നമ്മുടെ ശരീരത്തിന് സ്വയം നിർമിക്കാൻ കഴിയില്ല. അതിനാൽ ഇവ ഭക്ഷണത്തിലൂടെ തന്നെ ലഭിക്കണം (ആകെ ഒന്പത് എണ്ണം).
  • നോൺ-എസൻഷ്യൽ അമിനോ ആസിഡുകൾ : ഇവ നമ്മുടെ ശരീരത്തിന് സ്വയം നിർമിക്കാൻ സാധിക്കുന്നവയാണ്.

എസൻഷ്യൽ അമിനോ ആസിഡുകൾ ഏതൊക്കെ

  • ഹിസ്റ്റിഡിൻ (Histidine): വളർച്ചക്കും കോശങ്ങളുടെ പ്രവർത്തനത്തിനും സഹായിക്കുന്നു.
  • ഐസോല്യൂസിൻ (Isoleucine): പേശികളുടെ പ്രവർത്തനത്തിനും ഊർജോത്പാദനത്തിനും സഹായിക്കുന്നു.
  • ല്യൂസിൻ (Leucine): പേശികളുടെ വളർച്ചക്കും അറ്റകുറ്റപ്പണികൾക്കും സഹായിക്കുന്നു.
  • ലൈസിൻ (Lysine): വളർച്ചക്കും കലകളുടെ പുനർനിർമാണത്തിനും ആവശ്യമാണ്.
  • മെഥിയോണിൻ (Methionine): ശരീരത്തിലെ വിവിധ രാസപ്രവർത്തനങ്ങളിൽ പങ്കുവഹിക്കുന്നു.
  • ഫിനൈൽ അലനീൻ (Phenylalanine): തലച്ചോറിന്റെ പ്രവർത്തനത്തിന് ആവശ്യമായ ചില രാസവസ്തുക്കളുടെ നിർമാണത്തിന് സഹായിക്കുന്നു.
  • ത്രിയോണിൻ (Threonine): ചർമത്തിന്റെയും പേശികളുടെയും ആരോഗ്യത്തിന് സഹായിക്കുന്നു.
  • ട്രിപ്‌റ്റോഫാൻ (Tryptophan): ഉറക്കത്തെയും മാനസികാവസ്ഥയെയും നിയന്ത്രിക്കുന്ന സെറോടോണിൻ ഉൾപ്പെടെയുള്ള ഘടകങ്ങളുടെ നിർമാണത്തിന് ആവശ്യമാണ്.
  • വാലിൻ (Valine): പേശികളുടെ വളർച്ചക്കും ഊർജത്തിനും സഹായിക്കുന്നു.

പ്രോട്ടീൻ കുറഞ്ഞാൽ

കുട്ടികളിൽ പ്രോട്ടീന്റെ കുറവ് ഉണ്ടായാൽ അത് അവരുടെ ശാരീരിക വളർച്ചയെയും ബുദ്ധിവികാസത്തെയും ബാധിക്കും.

രോഗപ്രതിരോധ ശേഷി കുറയുകയും പേശികൾക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്യും.

പ്രോട്ടീൻ അടങ്ങിയ പ്രധാന ഭക്ഷണങ്ങൾ

സമ്പൂർണ പ്രോട്ടീൻ: ശരീരത്തിന് ആവശ്യമുള്ള എല്ലാ എസൻഷ്യൽ അമിനോ ആസിഡുകളും ഇതിലടങ്ങിയിരിക്കുന്നു. മുട്ട, മത്സ്യം, മാംസം, പാൽ, പാലുത്പന്നങ്ങൾ എന്നിവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
അപൂർണ പ്രോട്ടീൻ: ചില പ്രധാന അമിനോ ആസിഡുകളുടെ കുറവ് ഇവയിൽ ഉണ്ടാകാം. ഉദാ- പരിപ്പ് വർഗങ്ങൾ, ചെറുപയർ, കടല, ബദാം, കശുവണ്ടി, സോയാബീൻ, ധാന്യങ്ങൾ.

Content Highlights: Proteins act as building blocks for body cells, muscles, and tissues, playing a crucial role in healing and immune defense. They are made of amino acids, including nine essential ones that must be obtained through diet. A balanced intake of complete and incomplete protein sources is vital for growth and preventing deficiency.

---- facebook comment plugin here -----

Latest