Connect with us

Aksharam Education

എഴുത്തിന്റെ മൂന്ന് മുഖങ്ങൾ

ഇത് മൂന്നും എങ്ങനെയാണ് വ്യത്യസ്തപ്പെട്ടിരിക്കുന്നതെന്ന് ഇന്നത്തെ അക്ഷരത്തിലൂടെ മനസ്സിലാക്കാം.

Published

|

Last Updated

നമ്മുടെ ചിന്തകളും അനുഭവങ്ങളും നിരീക്ഷണങ്ങളുമെല്ലാം അക്ഷരങ്ങളിലൂടെ പകർത്തുമ്പോൾ അവ മനോഹരമായ കുറിപ്പുകളായി മാറുന്നു. ഡയറിക്കുറിപ്പും പുറന്താൾക്കുറിപ്പും നിരീക്ഷണക്കുറിപ്പും എഴുത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ്. ഓരോന്നും പുതിയ അറിവിന്റെയും അനുഭവങ്ങളുടെയും ലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഇത് മൂന്നും എങ്ങനെയാണ് വ്യത്യസ്തപ്പെട്ടിരിക്കുന്നതെന്ന് ഇന്നത്തെ അക്ഷരത്തിലൂടെ മനസ്സിലാക്കാം.

ഡയറിക്കുറിപ്പ്

അതാത് ദിവസത്തെ വ്യക്തിജീവിത സംഭവ വികാസങ്ങളെ ക്രമപ്പെടുത്തി എഴുതി വെക്കുന്നതിനെ ഡയറിക്കുറിപ്പ് എന്ന് പറയും. രാവിലെ എഴുന്നേറ്റത് മുതൽ ദിനേന ചെയ്തു വരുന്ന കാര്യങ്ങൾ ഡയറിക്കുറിപ്പിൽ എഴുതുന്നത് ഒഴിവാക്കണം. എഴുന്നേറ്റു, പല്ലുതേച്ചു, കുളിച്ചു എന്നീ കാര്യങ്ങൾ ദിവസവും എഴുതേണ്ടതില്ല. അങ്ങനെ എഴുതുമ്പോൾ അനാകർഷകമാകും. എങ്ങനെയാണ് ഡയറിക്കുറിപ്പ് എഴുതേണ്ടതെന്ന് നമുക്ക് നോക്കാം. ഡയറി എഴുതുന്നതിന് ഒരു നോട്ടുബുക്ക് മതിയാകും.

നോട്ടുബുക്കിന്റെ വലതുവശത്ത് മുകളിലായി കൃത്യമായ തീയതി, ദിവസം, സമയം എന്നിവ എഴുതുകയാണ് ആദ്യം ചെയ്യേണ്ടത്. അന്ന് നടന്ന പ്രധാനപ്പെട്ട ഒരു സംഭവമോ മറ്റോ സൂചിപ്പിച്ചുകൊണ്ടു തുടങ്ങാം.

ഉദാഹരണത്തിന്: “ഞാനിന്നുണർന്നത് ഒരു പ്രത്യേക ചിന്തയോടെയാണ്; എങ്ങനെ എന്റെ ഇന്നത്തെ ദിനം സന്തോഷമാക്കാം എന്നതായിരുന്നു ആ ചിന്ത. പക്ഷേ സംഭവിച്ചത് നേരെ മറിച്ചായിരുന്നു. അങ്ങനെ തന്നെയാണിപ്പോൾ പതിവ്. ഞാനൊന്ന് വിചാരിക്കുന്നു സംഭവിക്കുന്നത് മറ്റൊന്ന്…’ ഇങ്ങനെ എഴുതിത്തുടങ്ങുമ്പോൾ തന്നെ വായനക്ക് സാധ്യത ഏറുകയാണ്. അന്നേ ദിവസം സംഭവിച്ച കാര്യങ്ങൾ വികാരപരമായി അവതരിപ്പിക്കുക.
ഡയറി എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വന്തം ചിന്തകളുടെയും രഹസ്യങ്ങളുടെയും അവതരണം തന്നെയാണിത്. മനസ്സിലുള്ളത് ഭയമില്ലാതെ തുറന്നെഴുതണം. സങ്കീർണമായ വാക്കുകൾക്ക് പകരം സ്വന്തം ശൈലിയിലുള്ള ലളിതമായ ഭാഷ ഉപയോഗിക്കുക. ദിവസവും എഴുതാൻ കഴിയുന്നില്ലെങ്കിൽ ആഴ്ചയിൽ ഒരു തവണയെങ്കിലും എഴുതാൻ സമയം കണ്ടെത്തുക.

പുറന്താൾക്കുറിപ്പ്

ഒരു പുസ്തകത്തിന്റെ കവർപേജിൽ പുറക് വശത്ത് ആ പുസ്തകത്തെക്കുറിച്ചോ ഗ്രന്ഥകാരനെക്കുറിച്ചോ സംക്ഷിപ്തമായ വിവരണം നൽകാറുണ്ട്. ഇങ്ങനെ നൽകുന്ന കുറിപ്പാണ് പുറന്താൾ കുറിപ്പ്. താഴെ പറയുന്ന കാര്യങ്ങളാണ് പുറന്താൾ കുറിപ്പിൽ സാധാരണ ഉൾപ്പെടുത്താറുള്ളത്. പുസ്തകം എന്തിനെക്കുറിച്ചാണ്, നോവലാണോ, കഥയാണോ, പഠനമാണോ, തുടങ്ങിയ കാര്യങ്ങളാണത്.

എന്ത് തന്നെയായാലും പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ കാതൽ എന്താണെന്ന് വായനക്കാരന് മനസ്സിലാക്കിക്കൊടുക്കുന്ന വളരെ ചെറിയ വിവരണം. പുസ്തകത്തെക്കുറിച്ചുള്ള ചുരുക്കമെന്നോ ആമുഖമെന്നോ വേണമെങ്കിൽ പറയാം.

ഗ്രന്ഥകാരന്റെ പേര്, മുമ്പ് പ്രസിദ്ധീകരിച്ച മറ്റ് കൃതികൾ, അദ്ദേഹത്തിന്റെ രചനാപശ്ചാത്തലം എന്നിങ്ങനെ ആ പുസ്തകമെഴുതിയ എഴുത്തുകാരനെക്കുറിച്ചുള്ള വിവരങ്ങളും ഉണ്ടാകും. പ്രസ്തുത പുസ്തകത്തെക്കുറിച്ച് മറ്റ് എഴുത്തുകാർ അല്ലെങ്കിൽ നിരൂപകർ പറഞ്ഞ നല്ല നല്ല അഭിപ്രായങ്ങളോ വാചകങ്ങളോ പുറന്താൾ കുറിപ്പായി ചേർക്കാറുണ്ട്. ചുരുക്കത്തിൽ പുസ്തകം വാങ്ങാൻ, വായിക്കാൻ, ആസ്വാദകരെ ആകർഷിക്കുന്ന രീതിയിലുള്ള പ്രസാധകന്റെ പരിചയപ്പെടുത്തലായി അത് മാറും.

പുറന്താൾ കുറിപ്പിൽ ഉൾപ്പെടുത്തേണ്ട പ്രധാന കാര്യങ്ങൾ

  • പുസ്തക വിഭാഗം
  • പ്രധാന കഥാപാത്രങ്ങൾ
  • മുഹൂർത്തങ്ങൾ
  • രചയിതാവിനെക്കുറിച്ചുള്ള വിവരങ്ങൾ

നിരീക്ഷണക്കുറിപ്പ്

കൃത്യമായും വസ്തുനിഷ്ഠമായും എഴുതി തയ്യാറാക്കേണ്ട ഒന്നാണ് നിരീക്ഷണക്കുറിപ്പ്.

പ്രധാനപ്പെട്ട കാര്യങ്ങൾ

  • തീയതി, സമയം, സ്ഥലം എന്നിവ ആദ്യമേ രേഖപ്പെടുത്തണം.
  • ഊഹാപോഹങ്ങളോ വ്യക്തിപരമായ താത്പര്യങ്ങളോ ഇതിൽ എഴുതരുത്. നേരിട്ട് കണ്ട, കേട്ട, അനുഭവിച്ച കാര്യങ്ങൾ മാത്രം എഴുതുക.
  • ഏതെങ്കിലും വ്യക്തികളുമായി സംസാരിച്ചിട്ടുണ്ടെങ്കിൽ അവർ പറഞ്ഞ കൃത്യമായ വാക്കുകൾ അല്ലെങ്കിൽ ആശയങ്ങൾ ഉൾപ്പെടുത്തുക.
  • സന്ദർഭത്തിന് പ്രാധാന്യമുള്ള ഒന്നാണ് നിരീക്ഷണക്കുറിപ്പ്. എന്താണ് നടന്നുകൊണ്ടിരിക്കുന്നത്, ആരെല്ലാം അവിടെ ഉണ്ടായിരുന്നു എന്നതിനെക്കുറിച്ചും എഴുതാം. സംഭവം നടന്ന കാലക്രമത്തിൽ ഒന്നിന് പിറകെ ഒന്നായി തന്നെ എഴുതണം.

നിരീക്ഷണക്കുറിപ്പിന്റെ മാതൃക

  • തലക്കെട്ട്
  • വിവരങ്ങൾ
  • പ്രധാന നിരീക്ഷണങ്ങൾ
  • വിലയിരുത്തൽ കുറിപ്പ്

സാധാരണയായി അക്കാദമികമായി ഉയർന്ന ക്ലാസ്സുകളിൽ പഠനം നടത്തുമ്പോഴാണ് നിരീക്ഷണക്കുറിപ്പ് അല്ലെങ്കിൽ നിരീക്ഷണ റിപോർട്ട് എഴുതി തയ്യാറാക്കേണ്ടി വരാറുള്ളത്.

ഒരു തരത്തിൽ പറഞ്ഞാൽ ഉപന്യാസം തന്നെയാണിത്. സാധാരണ ഉപന്യാസം പോലെയല്ല എന്ന് മാത്രം. ഒരു സംഭവത്തിന്റെയോ വ്യക്തിയുടെയോ, മാർഗ നിർദേശങ്ങളിലൂടെയോ ഉരുത്തിരിഞ്ഞ നിരീക്ഷണങ്ങളുടെ വിശദമായ വിവരങ്ങൾ നൽകുന്ന ഒരു അക്കാദമിക റിപോർട്ട് തന്നെയാണ് നിരീക്ഷണക്കുറിപ്പ്.

Content Highlights: This article explains the distinct formats and writing guidelines for diary entries, book blurbs, and observation notes in Malayalam. It details how to structure personal reflections, publisher book descriptions, and objective academic observations. Readers gain practical tips for effective writing across these three formats.

---- facebook comment plugin here -----

Latest