Kerala
സിഐടിയു സംസ്ഥാന പ്രസിഡന്റായി ടി പി രാമകൃഷ്ണന് തുടരും; കെ കെ ജയചന്ദ്രന് ജനറല്‍ സെക്രട്ടറി, വി ശിവന്‍കുട്ടി ട്രഷറര്‍
കോട്ടയത്ത് നടന്ന സിഐടിയു പതിനാറാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
കോട്ടയം | സിഐടിയു സംസ്ഥാന പ്രസിഡന്റായി ടി പി രാമകൃഷ്ണന് തുടരും. കെ കെ ജയചന്ദ്രനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും വി ശിവന്‍കുട്ടിയെ ട്രഷററായും തിരഞ്ഞെടുത്തു.
കോട്ടയത്ത് നടന്ന സിഐടിയു പതിനാറാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
നിലവിലെ ജനറല്‍ സെക്രട്ടറി എളമരം കരീമിന് പകരമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ കെ ജയചന്ദ്രന് ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തുന്നത്. നിലവിലെ ട്രഷറര്‍ പി നന്ദകുമാറിന് പകരമാണ് മുന്‍മന്ത്രി വി ശിവന്‍കുട്ടി ചുമതലയേല്‍ക്കുന്നത്. സംസ്ഥാന നേതൃത്വത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ചേര്‍ന്ന സിപിഎം സിഐടിയു ഫ്രാക്ഷന് യോഗത്തില്‍ ധാരണയായിരുന്നു. പ്രസിഡന്റ് സ്ഥാനത്ത് ടി പി രാമകൃഷ്ണനെ നിലനിര്‍ത്തിക്കൊണ്ട് ജനറല്‍ സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങളില്‍ മാറ്റം വരുത്താനാണ് തീരുമാനിച്ചത്.
കെ എന്‍ ഗോപിനാഥ് ആണ് അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി. 47 അംഗ സംസ്ഥാന കമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
സംസ്ഥാന സംഘടനയുടെ പുതിയ നേതൃത്വത്തില്‍ പരിചയസമ്പന്നരായ നേതാക്കള്‍ക്കാണ് പ്രധാന ചുമതലകള്‍ നല്‍കിയിരിക്കുന്നത്. തൊഴിലാളികളുടെ അവകാശസംരക്ഷണം, തൊഴില്‍സുരക്ഷ, ക്ഷേമപദ്ധതികള്‍, വേതനവര്‍ധന തുടങ്ങിയ വിഷയങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയെന്ന പ്രധാന ഉത്തരവാദിത്വമാണ് പുതിയ ഭാരവാഹികള്‍ക്കുള്ളത്.
Content Highlights: The 16th CITU State Conference held in Kottayam re-elected TP Ramakrishnan as State President. KK Jayachandran was elected as the new General Secretary replacing Elamaram Kareem, while V Sivankutty takes charge as Treasurer. A 47-member state committee was also formed during the conference.




