From the print
പ്രൈം വോളിബോള്‍ ലീഗ് താര ലേലം; അമനും സമീറിനും പൊന്നുംവില
18 ലക്ഷത്തിന് അമന്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍ • അജിത് ലാല്‍ 8.25 ലക്ഷത്തിന് മുംബൈയില്‍.

ബെംഗളൂരു | പ്രൈം വോളിബോള്‍ ലീഗ് മൂന്നാം എഡിഷനിന് മുന്നോടിയായുള്ള താരലേലത്തില്‍ ഇന്ത്യന്‍ അറ്റാക്കര്‍ അമന്‍ കുമാറിനും സെറ്റര്‍ സമീറിനും പൊന്നും വില. 18 ലക്ഷം രൂപക്ക് അണ്ടര്‍ 21 താരമായ സമീറിനെ ചെന്നൈ ബ്ലിറ്റ്സും അമനെ കൊച്ചി ബ്ലൂ സ്പൈക്കേഴ്സും സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്മാരായ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ് 16.75 ലക്ഷത്തിന് ശിഖര്‍ സിംഗിനെ എത്തിച്ച് ടീമിനെ ശക്തിപ്പെടുത്തി. മലയാളി അറ്റാക്കര്‍ ഷോണ്‍ ടി ജോണിനെ 11.5 ലക്ഷം മുടക്കി വീണ്ടും ടീമിലെത്തിച്ചു. രണ്ട് ലക്ഷം മുടക്കി നവീന്‍ രാജ ജേക്കബിനെയും വാങ്ങി.
അറ്റാക്കര്‍ പ്രിന്‍സ് (7.8 ലക്ഷം), ലിബറോ അലന്‍ ആശിഖ് (മൂന്ന് ലക്ഷം), മിഡില്‍ ബ്ലോക്കര്‍ വികാസ് മാന്‍, സെറ്റര്‍ അമന്‍ കുമാര്‍, അറ്റാക്കര്‍ പ്രവീണ്‍ കുമാര്‍ (മൂവര്‍ക്കും രണ്ട് ലക്ഷം വീതം) എന്നിവരെയാണ് കാലിക്കറ്റ് ഹീറോസ് സ്വന്തമാക്കിയത്. ജറോം വിനീത്, അശ്വിന്‍ രാജ്, ചിരാഗ് യാദവ്, മോഹന്‍ ഉക്രപാണ്ഡ്യന്‍, ശഫീഖ് റഹ്്മാന്‍ എന്നിവരെ ടീം നിലനിര്‍ത്തിയിരുന്നു. ഇറാന്‍കാരനായ മിഡില്‍ ബ്ലോക്കര്‍ ഡാനിയേല്‍ മൊതാസെദി, ബ്രസീലിയന്‍ അറ്റാക്കര്‍ ലൂയീസ് ഫിലിപ്പ് പെറാട്ടോ എന്നിവരാണ് വിദേശ കളിക്കാര്‍.
അമന്‍ കുമാറിന് പുറമേ കോഴിക്കോട്ട് കോട്ടൂര്‍ സ്വദേശികളായ സെറ്റര്‍ എന്‍ ജിതിന്‍ (5.9 ലക്ഷം) ലിബറോ സി കെ രതീഷ് (രണ്ട് ലക്ഷം) എന്നിവരെയും കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് സ്വന്തമാക്കി. മിഡില്‍ ബ്ലോക്കര്‍ കെ സച്ചിന്‍ (അഞ്ച് ലക്ഷം), സെറ്റര്‍ ഓം വസന്ത് ലാദ് (6.1 ലക്ഷം), മിഡില്‍ ബ്ലോക്കര്‍ ദിഗ് വിജയ് സിംഗ് (4.75 ലക്ഷം) എന്നിവരെയാണ് കൊച്ചിയിലെത്തിയ മറ്റ് കളിക്കാര്‍. എറിന്‍ വര്‍ഗീസ്, ജോര്‍ജ് ആന്റണി, ജിബിന്‍ സെബാസ്റ്റ്യന്‍, ബി എസ് അഭിനവ് എന്നിവരെ നിലനിര്‍ത്തിയിരുന്നു. മിഡല്‍ ബ്ലോക്കര്‍ എസ് പ്രഫുലാണ് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് വാങ്ങിയ വിലയേറിയ താരം. 9.25 രൂപ മുടക്കിയാണ് കൊല്‍ത്തത്ത താരത്തെ സ്വന്തമാക്കിയത്. മലയാളി സൂപ്പര്‍ താരം അജിത് ലാലിനെ 8.25 ലക്ഷത്തിന് മുംബൈ മെറ്റിയേഴ്സ് വാങ്ങി. യൂനിവേഴ്സലായ ശുഭം ചൗധരിയാണ് മുംബൈ വാങ്ങിയ വിലയേറിയ താരം. 14 ലക്ഷം.
ആകെ 550 കളിക്കാരാണ് ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്ലാറ്റിനം (അടിസ്ഥാന വില എട്ട് ലക്ഷം), ഗോള്‍ഡ് (അഞ്ച് ലക്ഷം), സില്‍വര്‍ (മൂന്ന് ലക്ഷം), ബ്രോണ്‍സ് (രണ്ട് ലക്ഷം) എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലാണ് ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്തിയത്. വിദേശ കളിക്കാരെ നേരിട്ട് ടീമുകളിലേക്ക് ഡ്രാഫ്റ്റ് ചെയ്തു. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 22 വരെയാണ് ടൂര്‍ണമെന്റ്.