Uae
രണ്ടാം ദിവസവും വിമാനങ്ങൾ റദ്ദാക്കി
പാകിസ്ഥാനിലേക്കുള്ള എല്ലാ വിമാനങ്ങളും ശനിയാഴ്ച വരെ എമിറേറ്റ്‌സ് നിർത്തിെവച്ചു.

ദുബൈ| ഇന്ത്യ – പാകിസ്ഥാൻ സംഘർഷം രണ്ടാം ദിവസവും വ്യോമഗതാഗതത്തെ ബാധിച്ചു. വടക്കേ ഇന്ത്യ, പാകിസ്ഥാൻ, ദക്ഷിണേഷ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെ പാകിസ്ഥാന്റെ വ്യോമാതിർത്തി പൂർണമായും കുറച്ചു സമയത്തേക്ക് അടച്ചിരുന്നു. ലാഹോർ, തെക്കൻ തുറമുഖ നഗരമായ കറാച്ചി, വടക്കുകിഴക്കൻ നഗരമായ സിയാൽകോട്ട് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ ഉച്ചവരെ നിർത്തിവെച്ചു. ഇന്ത്യയിലേക്കുള്ള നിരവധി വിമാനങ്ങൾ വഴി തിരിച്ചു വിട്ടു.
പാകിസ്ഥാനിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമായ ലാഹോറിലെ ഒരു കെട്ടിടത്തിൽ ഇന്ത്യൻ ഡ്രോൺ ഇടിച്ചതിനാൽ വ്യാഴാഴ്ച ഉച്ച വരെ അടച്ചു.
പാകിസ്ഥാൻ വ്യോമാതിർത്തി തുടർച്ചയായി അടച്ചിട്ടതിനാൽ വ്യാഴാഴ്ച ഗൾഫിൽ നിന്ന് പാകിസ്ഥാനിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കിയതായി ഇത്തിഹാദ് അറിയിച്ചു. അബൂദബിക്കും കറാച്ചിക്കും ഇടയിലുള്ള 296, 297 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തതുപോലെ തുടരുമെന്ന് എയർലൈൻ അറിയിച്ചു. എന്നിരുന്നാലും, അബൂദബിക്കും ഇസ്്ലാമാബാദിനും ഇടയിലുള്ള 300/301, അബൂദബിക്കും ലാഹോറിനും ഇടയിലുള്ള 288/289, അബുദബിക്കും കറാച്ചിക്കും ഇടയിലുള്ള 294/ 295, അബൂദബിക്കും ഇസ്്്ലാമാബാദിനും ഇടയിലുള്ള 302/ 303, അബൂദബിക്കും ലാഹോറിനും ഇടയിലുള്ള 284/285 എന്നീ വിമാനങ്ങളെല്ലാം വ്യാഴാഴ്ച റദ്ദാക്കി.
പാകിസ്ഥാനിലേക്കുള്ള എല്ലാ വിമാനങ്ങളും ശനിയാഴ്ച വരെ എമിറേറ്റ്‌സ് നിർത്തിെവച്ചു.
ദുബൈ, അബൂദബി, ദോഹ എന്നിവിടങ്ങളിൽ നിന്ന് വടക്കേ ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങൾ ബുധനാഴ്ച നിർത്തിവച്ചിരുന്നു.