presidential election
രാജ്യത്തിന്റെ പ്രഥമ വനിത; വിജയം ഉറപ്പിച്ച് ദ്രൗപതി മുര്‍മു
വോട്ടെണ്ണല്‍ രണ്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ബഹുദൂരം മുന്നില്‍

ന്യൂഡല്‍ഹി | രാജ്യത്തിന്റെ 15-ാമത് രാഷ്ട്രപതിയെ പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വോട്ടെണ്ണലിന്റെ രണ്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എന്‍ ഡി എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു ബഹുദൂരം മുന്നിലാണ്. ഇതുവരെ എണ്ണിയ വോട്ടിന്റെ 71.79 ശതമാനവും ദ്രൗപതി മുര്‍മു കരസ്ഥമാക്കി കഴിഞ്ഞു. ആദ്യ റൗണ്ടില്‍ പാര്‍ലിമെന്റ് അംഗങ്ങളുടേയും രണ്ടാം റൗണ്ടില്‍ പത്ത് സംസ്ഥാനങ്ങളിലേയും അംഗങ്ങളുടെ വോട്ടാണ് എണ്ണിത്തീര്‍ന്നത്.
പത്ത് സംസ്ഥാനങ്ങളില്‍ നിന്നായി ദ്രൗപതി മുര്‍മുവിന് 1349 വോട്ട് ലഭിച്ചു. 4,83,299 ലക്ഷം വോട്ട് മൂല്ല്യമാണ് മുര്‍മുവിനുള്ളത്. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹക്ക് 537 വോട്ടാണ് ലഭിച്ചത്. 1,89,876 ലക്ഷമാണ് വോട്ട് മൂല്ല്യം.
ആദ്യ റൗണ്ടില്‍ പാര്‍ലിമെന്റിലെ ഇരു സഭകളിലേയും എം പിമാരുടെ വോട്ട് എണ്ണക്കഴിഞ്ഞപ്പോള്‍ മുര്‍മുവിന് 540 വോട്ടായിരുന്നു ലഭിച്ചത്. പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹക്ക് 208 വോട്ടും ലഭിച്ചു. 15 എം പിമാരുടെ വോട്ടുകള്‍ അസാധുവായി.3.78 ലക്ഷം വോട്ട്മൂല്ല്യമാണ് ആദ്യ റൗണ്ടില്‍ ദ്രൗപതിക്കുള്ളത്. 1.45 ലക്ഷം വോട്ട്മൂല്ല്യമാണ് യശ്വന്ത് സിന്‍ഹക്കുമുണ്ടായിരുന്നത്.
നിലവിലെ സൂചന പ്രകാരം ദ്രൗപതി മുര്‍മു വിജയിക്കുമെന്ന് ഉറപ്പാണ്. വിജയം ഉറപ്പിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിച്ച് അഭിനന്ദനം അറിയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ബി ജെ പിയടക്കമുള്ള എന്‍ ഡി എ കക്ഷികളുടെ വിജയാഹ്ലാദം നടക്കും.