Uae
നിസ്‌കാരം ജീവിതത്തിന്റെ മാർഗരേഖയാകണം; ഓർമിപ്പിച്ച് ഷാർജ ഭരണാധികാരി
മതമൂല്യങ്ങൾ മുറുകെപ്പിടിക്കാൻ യുവതലമുറയോട് ആഹ്വാനം
ഷാർജ|ജീവിതത്തിന്റെ എല്ലാ തലങ്ങളിലും പ്രാർഥനയ്ക്കും ആത്മീയതയ്ക്കും പ്രഥമ പരിഗണന നൽകണമെന്ന് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. നിസ്‌കാരം എന്നത് കേവലം ഒരു ചടങ്ങല്ലെന്നും അത് ഒരാളുടെ ദിവസത്തെയും പ്രവൃത്തികളെയും രൂപപ്പെടുത്തുന്ന മാർഗരേഖയാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഷാർജയിൽ നടന്ന ഒരു പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവതലമുറ തങ്ങളുടെ സാംസ്‌കാരികവും മതപരവുമായ വേരുകളിൽ ഉറച്ചുനിൽക്കേണ്ടതിന്റെ പ്രാധാന്യം ശൈഖ് സുൽത്താൻ എടുത്തുപറഞ്ഞു.
നിസ്‌കാരം ജീവിതത്തിന് അച്ചടക്കവും സമാധാനവും നൽകുന്നു. ജോലിയിലും വ്യക്തിജീവിതത്തിലും കൃത്യനിഷ്ഠയും സത്യസന്ധതയും പുലർത്താൻ ഇത് സഹായിക്കും. ഇസ്്ലാമിക മൂല്യങ്ങൾ മുറുകെപ്പിടിക്കുന്നത് വഴി സമൂഹത്തിൽ നന്മയും ഐക്യവും വളർത്താൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബങ്ങൾ തങ്ങളുടെ കുട്ടികളിൽ ചെറുപ്പം മുതലേ ആത്മീയ മൂല്യങ്ങൾ വളർത്താൻ ശ്രദ്ധിക്കണമെന്ന് ഷാർജ ഭരണാധികാരി അഭ്യർഥിച്ചു. ആധുനിക ലോകത്തെ വെല്ലുവിളികളെ നേരിടാൻ ശരിയായ മതബോധം സഹായിക്കും. ലോകത്തിന് മാതൃകയാകുന്ന രീതിയിൽ ഉത്തമമായ സ്വഭാവഗുണങ്ങൾ വളർത്തിയെടുക്കാൻ ഓരോരുത്തരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഷാർജയിലെ പള്ളികൾ കേന്ദ്രീകരിച്ച് നടക്കുന്ന സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു.




