തെളിയോളം
മുള്ള് തിരഞ്ഞാൽ റോസാപ്പൂ കാണുമോ?
പ്രത്യാശ തേടാൻ നിങ്ങളുടെ കണ്ണുകളെയും കൃതജ്ഞത ശേഖരിക്കാൻ നിങ്ങളുടെ ഹൃദയത്തെയും പരിശീലിപ്പിക്കുക. കാരണം നിങ്ങൾ ആവർത്തിച്ച് ശ്രദ്ധിക്കുന്ന കാര്യങ്ങളാണ് നിങ്ങളുടെ വിശ്വാസങ്ങളാകുന്നത്; നിങ്ങളുടെ വിശ്വാസങ്ങളാണ് നിങ്ങളുടെ തീരുമാനങ്ങളാകുന്നത്; നിങ്ങളുടെ തീരുമാനങ്ങളാണ് ഒടുവിൽ നിങ്ങളുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത്.
നിങ്ങൾ ഒരു പുതിയ വാക്ക് പഠിച്ച ശേഷം, അതുവരെ കേട്ടിട്ടില്ലാത്ത വിധം പിന്നീട് പലയിടത്തും ആ വാക്ക് കേട്ടിട്ടുണ്ടോ? ഒരു പ്രത്യേക മോഡൽ കാർ വാങ്ങാൻ തീരുമാനിച്ച ശേഷം അതേ മോഡൽ റോഡിൽ അസാധാരണമായി കൂടുതലുള്ളതായി തോന്നിയിട്ടുണ്ടോ? നിങ്ങൾ ആ വാക്ക് പഠിച്ചതുകൊണ്ട് എല്ലാവരും അത് ഒരുമിച്ച് ഉപയോഗിക്കാൻ തുടങ്ങിയതുമല്ല; നിങ്ങൾ ആ കാർ വാങ്ങാൻ തീരുമാനിച്ചതുകൊണ്ട് ആയിരക്കണക്കിന് പുതിയ കാറുകൾ ഒറ്റരാത്രികൊണ്ട് നിരത്തിലിറങ്ങിയതുമല്ല. മാറിയത് ലോകമല്ല, നിങ്ങളുടെ ശ്രദ്ധയാണ്. നിങ്ങളുടെ മനസ്സ് വിലമതിക്കാൻ തീരുമാനിച്ചത് നിങ്ങളുടെ കണ്ണുകൾ ശ്രദ്ധിക്കാൻ തുടങ്ങി.
നമ്മുടെ മനസ്സ് ഒരു സെർച്ച് എൻജിൻ പോലെയാണ്. അതിൽ “പ്രശ്നങ്ങൾ’ എന്ന് ടൈപ്പ് ചെയ്താൽ അത് നിങ്ങൾക്കു മുന്നിൽ അനന്തമായ പ്രശ്നങ്ങൾ കൊണ്ടുവന്ന് നിരത്തും. “സാധ്യതകൾ’ എന്നാണ് ടൈപ്പ് ചെയ്യുന്നതെങ്കിൽ നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ നിന്ന് ഒട്ടേറെ സാധ്യതകളും പ്രത്യക്ഷപ്പെടാൻ തുടങ്ങും. “നിങ്ങളുടെ ശ്രദ്ധ പോകുന്നിടത്തേക്കാണ് നിങ്ങളുടെ ഊർജം ഒഴുകുന്നത്’ എന്ന മഹത് വചനം എത്രയോ അർഥവത്താണ്! ഒരു കർഷകൻ മഴമേഘങ്ങളെ ശ്രദ്ധിക്കുന്നു; ഒരു വാസ്തുശിൽപ്പി കെട്ടിടങ്ങളെ; ഒരു സംഗീതജ്ഞൻ മറ്റാരും കേൾക്കാത്ത ഈണങ്ങളെ; ഒരു ഫോട്ടോഗ്രാഫർ മനോഹരമായ സൂര്യാസ്തമയത്തിനുപിന്നിൽ ഒളിഞ്ഞിരിക്കുന്ന ദൃശ്യങ്ങളെ. എല്ലാവരുടെയും മുന്നിൽ വിരിഞ്ഞുകിടക്കുന്നത് ഒരേ ലോകമാണ്. എന്നാൽ ഓരോരുത്തരും ജീവിക്കുന്നത് അതിന്റെ വ്യത്യസ്ത പതിപ്പുകളിലാണ്.
ജീവിതം നമുക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളിലല്ല കുടികൊള്ളുന്നത്; അതിനുള്ളിൽ നാം ആവർത്തിച്ച് ശ്രദ്ധിക്കാൻ തിരഞ്ഞെടുക്കുന്ന കാര്യങ്ങളിലാണ്. എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുന്നത് മറ്റുള്ളവരുടെ തെറ്റുകൾ മാത്രം കണ്ടെത്താനുള്ള ദൃഢനിശ്ചയത്തോടെയാണെങ്കിൽ അവർ ഒരിക്കലും വെറുംകൈയോടെ മടങ്ങേണ്ടി വരില്ല. കാലാവസ്ഥ, ഗതാഗതം, രാഷ്ട്രീയക്കാർ, പണപ്പെരുപ്പം, ബഹളമുള്ള അയൽക്കാർ, വേഗത കുറഞ്ഞ ഇന്റർനെറ്റ്, യോഗങ്ങളിൽ നൽകുന്ന സൗജന്യ ചായ… പരാതിപ്പെടാൻ അവർക്ക് എന്നും എന്തെങ്കിലും ലഭിക്കും. ഒരു റെസ്റ്റോറന്റിൽ പ്രവേശിക്കുന്ന ഒരാൾ മനോഹരമായ അലങ്കാരവും രുചികരമായ ഭക്ഷണത്തിന്റെ സൗരഭ്യവും പുഞ്ചിരിക്കുന്ന ജീവനക്കാരെയും ശ്രദ്ധിക്കുമ്പോൾ, മറ്റൊരാൾ ടേബിളിൽ വെച്ചിരിക്കുന്ന ഒരു സ്പൂണിലെ ചെറിയ പോറൽ മാത്രമാണ് കാണുന്നത്.
“നിങ്ങൾ അന്വേഷിക്കുന്നത് മുള്ളുകളാണെങ്കിൽ, റോസാപ്പൂവ് കണ്ടില്ലെന്ന് പരാതിപ്പെടരുത്’ എന്ന ചൊല്ല് എത്രയോ പ്രസക്തമാണ്. “എന്റെ പങ്കാളി ഒരിക്കലും എന്നെ കേൾക്കുന്നില്ല’, “എന്റെ ബോസ് എന്നെ അഭിനന്ദിക്കുന്നില്ല’, അല്ലെങ്കിൽ “എന്റെ കുട്ടി നിരുത്തരവാദപരമായാണ് പെരുമാറുന്നത്’ എന്ന് ഒരാൾ മനസ്സിൽ തീരുമാനിച്ചാൽ, കേസ് വാദിക്കുന്ന അഭിഭാഷകനെപ്പോലെ തലച്ചോറ് അതിനുള്ള തെളിവുകൾ ശേഖരിക്കാൻ തുടങ്ങും. മറന്നുപോയ ഓരോ ഫോൺകോളും തെളിവാകും; വൈകുന്ന ഓരോ മറുപടിയും മറ്റൊരു കുറ്റപത്രമാകും. മനസ്സ് വിശ്വസിക്കാൻ തിരഞ്ഞെടുത്ത കഥയുമായി പൊരുത്തപ്പെടാത്തതിനാൽ നൂറുകണക്കിന് സ്നേഹനിർഭരമായ നിമിഷങ്ങൾ ഓർമയിൽ നിന്ന് നിശബ്ദമായി അപ്രത്യക്ഷമാകും.
“മനസ്സ് മനസ്സിലാക്കാൻ തയ്യാറായത് മാത്രമേ കണ്ണ് കാണുന്നുള്ളൂ’ എന്ന് ഹെൻറി ബെർഗ്‌സൺ നിരീക്ഷിച്ചതുപോലെ, നിഷേധാത്മകത നമ്മുടെ ശീലമാകുമ്പോൾ ജീവിതം തന്നെ നിഷേധാത്മകമായി പ്രത്യക്ഷപ്പെടാൻ തുടങ്ങും. എന്നാൽ അശുഭാപ്തിവിശ്വാസം പഠിക്കുന്ന അതേ തലച്ചോറിന് പ്രത്യാശയും പഠിക്കാൻ കഴിയും. ശാസ്ത്രം അതിനെ ന്യൂറോപ്ലാസ്റ്റിസിറ്റി എന്ന് വിളിക്കുന്നു. മനോഹരമോ നന്ദിയുള്ളതോ പ്രചോദിപ്പിക്കുന്നതോ അർഥവത്തായതോ ആയ എന്തെങ്കിലും നമ്മൾ മനഃപൂർവം തിരയുമ്പോഴെല്ലാം തലച്ചോറിലെ മറ്റൊരു പാതയെ നാം ശക്തിപ്പെടുത്തുകയാണ്.
സന്തോഷത്തോടെയും കൃതജ്ഞതയോടെയും ജീവിക്കുകയെന്നാൽ ജീവിതം പൂർണമാണെന്ന് നടിക്കലല്ല; അപൂർണതകളെ മാത്രം ശ്രദ്ധിക്കാൻ വിസമ്മതിക്കലാണ്. ഒരു നീണ്ട ആശുപത്രി ക്യൂവിൽ നിൽക്കുന്ന ഒരാൾ ആ മുപ്പത് മിനുട്ട് പ്രകോപിതനാകാനും അസ്വസ്ഥനാകാനുമുള്ള കാരണങ്ങൾ എണ്ണാൻ ചെലവഴിക്കുന്നു. മറ്റൊരാൾ അതേ മുപ്പത് മിനുട്ട് പുഞ്ചിരിക്കുന്ന കുട്ടികളെ ശ്രദ്ധിക്കുന്നു, നല്ല ആരോഗ്യത്തിന് ദൈവത്തിന് നന്ദി പറയുന്നു, അല്ലെങ്കിൽ ചുറ്റുമുള്ള പച്ചപ്പിന്റെ വ്യത്യസ്ത ഷേഡുകൾ എണ്ണുന്നു. ക്യൂ ഒരേതന്നെയാണ്; അനുഭവം തികച്ചും വ്യത്യസ്തമാണ്. “കൊട്ടാരത്തിലും തടവറയിലും സൂര്യൻ പ്രകാശിക്കുന്നു’ എന്ന ആഫ്രിക്കൻ പഴഞ്ചൊല്ല് സൂചിപ്പിക്കുന്നതുപോലെ വ്യത്യാസം സൂര്യപ്രകാശത്തിലല്ല, മറിച്ച് നാം നോക്കാൻ തിരഞ്ഞെടുക്കുന്ന ജാലകത്തിലാണ്.
ഉപേക്ഷിക്കാനുള്ള കാരണങ്ങൾ നിങ്ങൾ അന്വേഷിക്കുകയാണെങ്കിൽ അവ എപ്പോഴും കണ്ടെത്തും; തുടരാനുള്ള കാരണങ്ങളാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ അവയും എല്ലായിടത്തും ദൃശ്യമാകും. അപ്പോൾ പ്രോത്സാഹജനകമായ ഓരോ വാക്കും, അപ്രതീക്ഷിതമായ ഓരോ അവസരവും, ദയയുടെ ഓരോ പ്രവൃത്തിയും, പരാജയത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഓരോ പാഠവും വേറിട്ടുനിൽക്കാൻ തുടങ്ങും. കാരണം നമ്മുടെ ശ്രദ്ധയാണ് നമുക്ക് എന്തൊക്കെയാണ് ദൃശ്യമാകേണ്ടതെന്ന് തീരുമാനിക്കുന്നത്. അതിനാൽ നിങ്ങളുടെ ശ്രദ്ധയെ ശ്രദ്ധാപൂർവം സൂക്ഷിക്കുക; അതാണ് നിങ്ങളുടെ യാഥാർഥ്യത്തിന്റെ ശിൽപ്പി. പ്രത്യാശ തേടാൻ നിങ്ങളുടെ കണ്ണുകളെയും കൃതജ്ഞത ശേഖരിക്കാൻ നിങ്ങളുടെ ഹൃദയത്തെയും പരിശീലിപ്പിക്കുക. കാരണം നിങ്ങൾ ആവർത്തിച്ച് ശ്രദ്ധിക്കുന്ന കാര്യങ്ങളാണ് നിങ്ങളുടെ വിശ്വാസങ്ങളാകുന്നത്; നിങ്ങളുടെ വിശ്വാസങ്ങളാണ് നിങ്ങളുടെ തീരുമാനങ്ങളാകുന്നത്; നിങ്ങളുടെ തീരുമാനങ്ങളാണ് ഒടുവിൽ നിങ്ങളുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത്.
Content Highlights:
The human mind works like a search engine where reality is shaped entirely by what people choose to focus on. Shifting attention from complaints to opportunities leverages neuroplasticity to build a more fulfilling and optimistic life experience. Ultimately happiness depends on selecting windows of gratitude rather than dwelling solely on life’s imperfections.


