Kerala
പോത്തുണ്ടി സജിത കൊലക്കേസ്; പ്രതി ചെന്താമരക്കുള്ള ശിക്ഷാവിധി ഇന്ന്
സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അന്‍പത് സാക്ഷികളുടെ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായത്.

പാലക്കാട്| നെന്മാറ പോത്തുണ്ടി സജിത കൊലക്കേസില്‍ വിധി ഇന്ന്. പാലക്കാട് നാലാം അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പറയുന്നത്. പ്രതി ചെന്താമര എന്ന ചെന്താമരാക്ഷന്‍ ഈ കേസില്‍ ജാമ്യത്തിലിറങ്ങി ഇരട്ടക്കൊലപാതകം നടത്തിയിരുന്നു. പിന്നാലെ ആറു വര്‍ഷങ്ങള്‍ക്കുശേഷമാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി സജിത കൊലക്കേസില്‍ കോടതി വിധി പറയുന്നത്.
2019 ഓഗസ്റ്റ് 31നാണ് അയല്‍വാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍സ് കോളനിയിലെ സജിതയുടെ വീട്ടില്‍ കയറി ചെന്താമര വെട്ടിക്കൊന്നത്. ചെന്താമരയുടെ ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണക്കാരി സജിതയാണ് എന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി.സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അന്‍പത് സാക്ഷികളുടെ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായത്. സജിത കൊലക്കേസില്‍ വിധി വരുന്നതോടൊപ്പം നെന്മാറ ഇരട്ടക്കൊലപാതകക്കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കാനും ആലോചനയുണ്ട്.
സജിത വീട്ടില്‍ ഒറ്റയ്ക്കുള്ള സമയം നോക്കിയായിരുന്നു ചെന്താമര കൊലപാതകം നടത്തിയത്. കൊല നടന്ന ദിവസം സജിതയുടെ മക്കള്‍ സ്‌കൂളിലും ലോറി ഡ്രൈവറായ ഭര്‍ത്താവ് സുധാകരന്‍ തമിഴ്‌നാട്ടിലുമായിരുന്നു. സജിത അടുക്കളയില്‍ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കുന്നതിനിടെയാണ് ചെന്താമര കൊടുവാളുമായെത്തി ശരീരത്തില്‍ തുടരെ തുടരെ വെട്ടി വീഴ്ത്തിയത്. മരിച്ചെന്നുറപ്പായതോടെ രക്തം പുരണ്ട കൊടുവാള്‍ വീട്ടില്‍ വെച്ച് നെല്ലിയാമ്പതി മലയില്‍ ഒളിവില്‍ പോയി. വിശന്നു സഹിക്കവയ്യാതെ രണ്ടു ദിവസത്തിനുശേഷം മലയിറങ്ങി വന്നപ്പോഴാണ് പ്രതി പോലീസ് കസ്റ്റഡിയിലാകുന്നത്. മൂന്നു മാസം കൊണ്ട് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാനാവാതെ വന്നതോടെ വിചാരണ നീളുകയായിരുന്നു.