Kuwait
ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷ സാധ്യത; മുന്നൊരുക്കം പൂര്‍ത്തിയാക്കിയതായി കുവൈത്ത്
രാജ്യത്തെ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മില്‍ ഏകോപനം ഉണ്ടാകുകയും കരുതല്‍ ഭക്ഷ്യ ശേഖരത്തിന്റെ സുരക്ഷ വരെ ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്.
കുവൈത്ത് സിറ്റി | ഫലസ്തീനിലെ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തെ തുടര്‍ന്ന് ഇസ്‌റാഈലിനെതിരെ ഇറാന്റെ യുദ്ധ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഏത് സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി കുവൈത്ത്. രാജ്യത്തെ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മില്‍ ഏകോപനം ഉണ്ടാകുകയും കരുതല്‍ ഭക്ഷ്യ ശേഖരത്തിന്റെ സുരക്ഷ വരെ ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്.
സ്വദേശി, വിദേശികള്‍ ഉള്‍പ്പെടെ രാജ്യത്തെ ജനങ്ങള്‍ക്ക് നിശ്ചിത കാലത്തേക്ക് ഉപയോഗിക്കാന്‍ ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ നിലവിലുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അടിസ്ഥാന സേവനങ്ങള്‍ ഉറപ്പാക്കല്‍, എല്ലാ ആവശ്യങ്ങള്‍ക്കുമുള്ള സാമഗ്രികള്‍ ഉറപ്പ് വരുത്തല്‍, ബിസിനസ്സ് സംരംഭങ്ങള്‍, സേവനങ്ങള്‍ എന്നിവ സുഗമമായി നടത്തിപ്പിന് ആവശ്യമായ സാഹചര്യം ഒരുക്കല്‍ തുടങ്ങി എല്ലാവരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായതെല്ലാം ഇതിനോടകം പൂര്‍ത്തിയാക്കി കഴിഞ്ഞു.
കഴിഞ്ഞ ദിവസം ചേര്‍ന്ന കുവൈത്ത് മന്ത്രിസഭ മേഖലയിലെ എറ്റവും പുതിയ സാഹചര്യവും സംഭവവികാസങ്ങളും ചര്‍ച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്തതിനു ശേഷമാണ് പുതിയ സ്ട്രാറ്റജി രൂപപ്പെടുത്തിയത്. സൈനിക സുരക്ഷാ തലങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും നേരിടാന്‍ മുന്‍കരുതലുകളും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഏജന്‍സികള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ തയ്യാറെടുപ്പുകള്‍, അടിസ്ഥാന സേവനങ്ങള്‍, ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള ആവശ്യ വസ്തുക്കളുടെ ലഭ്യത എന്നീ വിഷയങ്ങളില്‍ മന്ത്രിസഭ തൃപ്തി രേഖപ്പെടുത്തി. അതോടൊപ്പം മേഖലയിലെ സംഭവവികസങ്ങള്‍ അപ്പപ്പോള്‍ വിലയിരുത്തി വരികയാണെന്നും രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിരിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. ഇബ്രാഹിം വെണ്ണിയോട്