Connect with us

siraj editorial

കൊവിഡാനന്തര ചികിത്സ ഫലപ്രദമാകണം

കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇനിയും ആഴത്തില്‍ ഗവേഷണം നടക്കേണ്ടതും ചികിത്സാ സംവിധാനങ്ങള്‍ രൂപപ്പെടേണ്ടതുമാണ്. ഈ ദിശയില്‍ നല്ല ചുവടുവെപ്പാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്

Published

|

Last Updated

കൊവിഡിനെതിരായ പോരാട്ടം രാജ്യം തുടരുകയാണ്. മറ്റിടങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ കേരളത്തിലെ കൊവിഡ് കണക്കുകള്‍ സവിശേഷമായ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ ശക്തിയും വ്യാപ്തിയും ആത്മവിശ്വാസം പകരുന്നുവെങ്കിലും മൂന്നാം തരംഗം രൂക്ഷമാകുകയോ കൂടുതല്‍ വ്യാപനം സംഭവിക്കുകയോ ചെയ്താല്‍ സങ്കീര്‍ണമായ സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങള്‍ കൂപ്പുകുത്തിയേക്കാം. ഇത്തരമൊരു സാഹചര്യം മുന്‍കൂട്ടിക്കണ്ട് ജാഗ്രത്തായിരിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാറിന്റേത് മാത്രമല്ല, ഓരോരുത്തരുടേതുമാണ്. അനിവാര്യമായ തുറക്കലിലേക്ക് നീങ്ങുമ്പോള്‍ ഈ ജാഗ്രത കൂടുതല്‍ ബലപ്പെടുത്തേണ്ടിയിരിക്കുന്നു.

കൊവിഡ് വന്നുപോകട്ടെ എന്ന നിലപാട് പ്രോത്സാഹിപ്പിക്കാനാകില്ല. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ചിലരിലെങ്കിലും ഗൗരവമുള്ളതാണ്. ഓരോരുത്തരുടെയും ആരോഗ്യ സവിശേഷതകളും രോഗപ്രതിരോധ ശേഷിയും അനുസരിച്ച് കൊവിഡ് ഉണ്ടാക്കുന്ന ആഘാതം വ്യത്യസ്തമായിരിക്കും. ഏത് വകഭേദമാണ് ബാധിച്ചിരിക്കുന്നത്? അതിന്റെ ആക്രമണ ശേഷി എത്രയാണ്? തുടങ്ങിയ ചോദ്യങ്ങളില്‍ അവസാന വാക്ക് പറയാന്‍ ആര്‍ക്കും സാധിക്കില്ല. ചിലര്‍ക്ക് സാധാരണ വൈറല്‍ ബാധയായി കൊവിഡ് കടന്നു പോയേക്കാം. അത്തരക്കാര്‍ക്ക് പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങള്‍ ഒട്ടുമുണ്ടാകില്ല. എന്നാല്‍ നേരത്തേ തന്നെ രോഗഗ്രസ്തരായവര്‍, വിശ്രമരഹിതമായ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, പൊതുവെ പ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരില്‍ കൊവിഡാനന്തര അവശതകള്‍ കൂടുതലായിരിക്കും. കൊവിഡ് അണുബാധ ഉണ്ടായ ബഹുഭൂരിപക്ഷം ആളുകളുടെയും ലക്ഷണങ്ങള്‍ രണ്ടോ മൂന്നോ ആഴ്ചക്കുള്ളില്‍ അപ്രത്യക്ഷമാകും. ചിലര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കാം. മൂന്നാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്നവയെ ലോംഗ് കൊവിഡ് എന്നു വിളിക്കും. അവരില്‍ തന്നെ ലക്ഷണങ്ങള്‍ മൂന്നാഴ്ച മുതല്‍ 12 ആഴ്ച വരെ നീണ്ടുനില്‍ക്കുന്നവരെ പോസ്റ്റ് അക്യൂട്ട് കൊവിഡ് എന്നും 12 ആഴ്ചകള്‍ക്ക് ശേഷവും പ്രശ്‌നം തുടരുന്നുണ്ടെങ്കില്‍ ക്രോണിക് കൊവിഡ് എന്നും തരം തിരിക്കാം.

വിട്ടുമാറാത്ത ക്ഷീണം, കിതപ്പ്, ശ്വാസംമുട്ട്, നെഞ്ച് വേദന, ചുമ, ശരീരവേദന, തലവേദന, മാനസിക സംഘര്‍ഷം, വിഷാദം, അകാരണമായ ഭയം, ആശങ്ക, ഏകാഗ്രതക്കുറവ്, ഉറക്കക്കുറവ്, മണവും രുചിയും അറിയാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് കൊവിഡ് ഭേദമായ ശേഷവും സാധാരണഗതിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍. പത്ത് ശതമാനം പേര്‍ക്കാണ് കാര്യമായ പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങള്‍ കണ്ടുവരുന്നത്. നേരത്തേയുള്ള അസുഖങ്ങള്‍ മൂര്‍ഛിക്കുന്ന സ്ഥിതിയും ഉണ്ടാകാം. മറ്റ് ആരോഗ്യ വിഷയങ്ങളിലെന്നപോലെ അനവധി തെറ്റിദ്ധാരണാജനകമായ “വിവരങ്ങള്‍’ ഇതുസംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. വെറുതേ പേടി കൂട്ടുകയാണ് ചിലര്‍. “കൊവിഡ് വന്ന പത്തില്‍ ഒരാള്‍ക്ക് മാരകമായ ലംഗ് ഫൈബ്രോസിസ് എന്ന രോഗം കാണുന്നു’ എന്നൊക്കെ തട്ടിവിടുകയാണ്. ശരിയാണ്. കൊവിഡിന്റെ അനന്തരഫലമായി ഇത്തരം പ്രശ്‌നങ്ങളുണ്ടാകാം. പക്ഷേ വാട്‌സ്ആപ്പുകളില്‍ കാണുന്നത് പോലെ വ്യാപകമായിരിക്കില്ല അത്. അതുകൊണ്ട്, കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇനിയും ആഴത്തില്‍ ഗവേഷണം നടക്കേണ്ടതും ചികിത്സാ സംവിധാനങ്ങള്‍ രൂപപ്പെടേണ്ടതുമാണ്.

ഏതായാലും ഈ ദിശയില്‍ നല്ല ചുവടുവെപ്പാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ സജ്ജീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയും സ്വകാര്യ ആശുപത്രികളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച ഉച്ചക്ക് 12 മണി മുതല്‍ രണ്ട് മണി വരെയും ജനറല്‍, ജില്ലാ, താലൂക്ക് ആശുപത്രികളില്‍ വ്യാഴാഴ്ചകളിലും മെഡിക്കല്‍ കോളജുകളില്‍ എല്ലാ ദിവസവും സ്വകാര്യ ആശുപത്രികളില്‍ മാനേജ്‌മെന്റ് നിശ്ചയിക്കുന്ന ദിവസങ്ങളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം.

സര്‍ക്കാര്‍, സ്വകാര്യ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനും സംസ്ഥാന, ജില്ല, സ്ഥാപന തലങ്ങളില്‍ പ്രത്യേക സമിതികളും രൂപവത്കരിച്ചിട്ടുണ്ട്. ജനറല്‍ മെഡിസിന്‍, ഹൃദ്രോഗ വിഭാഗം, റെസ്പിറേറ്ററി മെഡിസിന്‍, ന്യൂറോളജി, സൈക്യാട്രി, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ഡെര്‍മറ്റോളജി, ഇ എന്‍ ടി, അസ്ഥിരോഗ വിഭാഗം, ഫിസിക്കല്‍ മെഡിസിന്‍ തുടങ്ങിയ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഇവിടെ ലഭ്യമാകും.

ഈ സംവിധാനങ്ങള്‍ ഏറ്റവും ഫലപ്രദമായി നടപ്പാകുകയാണെങ്കില്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിരിക്കും. അനാവശ്യ ഭീതി ഒഴിവാക്കാനും തെറ്റായ ധാരണകള്‍ നീക്കാനും ഈ ക്ലിനിക്കുകള്‍ക്ക് സാധിക്കും. കൃത്യമായ നിര്‍ദേശങ്ങള്‍ കിട്ടുകയും ശരിയായ അളവില്‍ മരുന്നും തെറാപ്പികളും ലഭ്യമാകുകയും ചെയ്താല്‍ കൊവിഡാനന്തരം വരുന്ന പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ മറികടക്കാനാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതോടൊപ്പം രോഗപ്രതിരോധ ശേഷി ഉയര്‍ത്തുന്ന തരത്തിലുള്ള ഭക്ഷണ, ജീവിതക്രമം ആര്‍ജിക്കുകയെന്നതിനെ ഗൗരവപൂര്‍വം കാണേണ്ടതുണ്ട്. ഇപ്പോള്‍ നാം ഉണ്ടാക്കിയ പ്രോട്ടോകോളുകളെല്ലാം വൈറസിനെ മുന്‍നിര്‍ത്തിയാണ്. അഥവാ വൈറസ് വന്ന ശേഷമുള്ള പോരാട്ടത്തിനാണ് മുന്‍തൂക്കം. വൈറസിനെ ഏജന്റ് എന്ന് വിളിക്കാം. വൈറസ് ആക്രമിക്കുന്ന ശരീരത്തെ ഹോസ്റ്റ് അല്ലെങ്കില്‍ ആതിഥേയന്‍ എന്നും. ആതിഥേയനെ നേരത്തേ സജ്ജമാക്കുകയാണ് വേണ്ടത്. ചെറുപ്പം മുതല്‍ തന്നെ ശരിയായ ഭക്ഷണ ശീലങ്ങള്‍ ഉണ്ടാകണം. ആവശ്യമായ പോഷണം നല്‍കുന്ന ഭക്ഷണം എല്ലാവര്‍ക്കും ലഭ്യമാകണം. അങ്ങനെ കുത്തിവെപ്പുകള്‍ നല്‍കാതെ തന്നെ ഉയര്‍ന്ന പ്രതിരോധ ശേഷി ആര്‍ജിക്കാനാകും. ഈ മാതൃകക്ക് ഒരുപക്ഷേ മഹാമാരി വന്ന ശേഷം ചികിത്സക്കായി വരുന്ന ചെലവ് വേണ്ടിവരില്ല. ദീര്‍ഘ കാലത്തേക്കുള്ള ഈ പദ്ധതി രോഗങ്ങള്‍ക്കെതിരെ വന്‍മതിലായി നില്‍ക്കാനുള്ള കരുത്ത് ജനങ്ങള്‍ക്ക് നല്‍കും. തൊഴില്‍ ശക്തിയടക്കം മാനവവിഭവ ശേഷിയുടെ ഗുണമേന്‍മ അത് ഉയര്‍ത്തുകയും ചെയ്യും.