pocso case
പോലീസിന്റെ മെല്ലെപ്പോക്ക്; പോക്‌സോ കേസുകള്‍ കെട്ടിക്കിടക്കുന്നു
എസ് ജെ പി യൂനിറ്റുകളും കാര്യക്ഷമമല്ല

മലപ്പുറം | പോലീസിന്റെ മെല്ലെപ്പോക്ക് കാരണം സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ കെട്ടിക്കിടക്കുന്നു. 10,188 പോക്സോ കേസുകളാണ് സംസ്ഥാത്ത് തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നത്. അനുദിനം സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിലെ പോലീസിന്റെ കാലതാമസം കാരണം ഇരകള്‍ക്ക് നീതികിട്ടാന്‍ വെകുന്നത്. പോക്‌സോ കോടതികളുടെ കുറവും കേസുകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് കാലതമാസത്തിനിടയാക്കുന്നു.
2015 മുതല്‍ 2017 വരെയുള്ള കാലയളവിലെ കേസുകളാണിപ്പോള്‍ വിചാരണക്കെടുക്കുന്നത്. അടുത്തിടെ സംസ്ഥാനത്ത് 28 പ്രത്യേക പോക്സോ കോടതികള്‍ കൂടി സ്ഥാപിച്ചെങ്കിലും കേസുകള്‍ തീര്‍പ്പാക്കുന്നതിന് ഇത് അപര്യാപ്തമാണ്. ഈ വര്‍ഷം നടന്ന 2,501 കേസുകളില്‍ 992ൽ മാത്രമേ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളൂ.
ഫോറന്‍സിക് ലബോറട്ടറി റിപ്പോര്‍ട്ട്, സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട കേസുകളില്‍ വിവരങ്ങള്‍ കിട്ടാനുള്ള കാലതാമസം, പ്രതികളെ സംബന്ധിച്ച് അവ്യക്തതയുള്ള കേസുകള്‍ എന്നിവയിലാണ് കുറ്റപത്രം വൈകുന്നതെന്നാണ് പോലീസിന്റെ വാദം. പോലിസിന്റെ കുറ്റപത്രം വൈകിയാല്‍ കോടതിയിലെ വിചാരണയും നീളും. ഇത് കേസുകള്‍ അനന്തമായി നീണ്ടുപോകുന്നതിനും ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നതിനും ഇടയാവുന്നു. കുട്ടികള്‍ ഇരകളാവുന്ന കേസുകളില്‍ മൊഴിയെടുക്കുന്നതിനും സി ഡബ്ല്യു സി പോലെ വിവിധ ഏജന്‍സികളുമായി നടപടികള്‍ ഏകോപിപ്പിക്കുന്നതിനും സ്റ്റേഷനുകളില്‍ സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് (എസ് ജെ പി) യൂനിറ്റുകള്‍ സ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശവും സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ല. ഓരോ ജില്ലകളിലും ഡി വൈ എസ് പിയെ നോഡല്‍ ഓഫീസറാക്കിയതല്ലാതെ സ്റ്റേഷനുകളില്‍ പ്രത്യേക യൂനിറ്റില്ല.
തിരുവനന്തപുരത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ തീര്‍പ്പ് കല്‍പ്പിക്കാതെ കെട്ടിക്കിടക്കുന്നത്. ഇവിടെ 1,475 കേസുകളാണ് കെട്ടക്കിടക്കുന്നത്. രണ്ടാമത് മലപ്പുറത്താണ്. മലപ്പുറത്ത് 1,310 കേസുകളാണ് തീര്‍പ്പ്കല്‍പ്പിക്കതെ കെട്ടിക്കിടക്കുന്നത്. തൃശൂരില്‍ 1,196 കേസുകള്‍ കെട്ടികിടക്കുന്നു. ഏറ്റവും കുറവ് വയനാട്ടിലാണ്. വയനാട്ടില്‍ 284 കേസുകളാണ് കെട്ടിക്കിടക്കുന്നത്.