Connect with us

Kerala

തപാല്‍ വോട്ട് തിരുത്തിയെന്ന പരാമര്‍ശം; ജി സുധാകരനെതിരെ പോലീസ് അന്വേഷണം

36 വര്‍ഷം മുമ്പുള്ള സംഭവമായതിനാല്‍ രേഖകള്‍ നഷ്ടപ്പെട്ടത് അന്വേഷണത്തെ ബാധിച്ചേക്കും

Published

|

Last Updated

തിരുവനന്തപുരം | 1989ലെ തിരഞ്ഞെടുപ്പിൽ തപാല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ മുന്‍ മന്ത്രി ജി സുധാകരനെതിരെ പോലീസ് അന്വേഷണം. ജില്ലാ കലക്ടർ ആലപ്പുഴ സൗത്ത് പോലീസിന് അന്വേഷണത്തിന് നിര്‍ദേശം നൽകി. സംഭവത്തിൽ പോലീസ് നിയമോപദേശം തേടി.
36 വര്‍ഷം മുമ്പുള്ള സംഭവമായതിനാല്‍ രേഖകള്‍ നഷ്ടപ്പെട്ടത് അന്വേഷണത്തെ ബാധിച്ചേക്കുമെന്നാണ് സൂചന.

വിവാദ പരാമർശത്തിൽ ഉച്ചയോടെ സുധാകരൻ്റെ മൊഴിയെടുപ്പ് പൂർത്തിയായി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കലക്ടർക്ക്  നൽകിയ നിർദേശത്തെ തുടർന്നാണ്  അന്വേഷണം ദ്രുതഗതിയിലാക്കിയത്. സുധാകരന്റെ ആലപ്പുഴയിലെ വീട്ടിലെത്തി തഹസിൽദാറാണ് മൊഴിയെടുത്തത്. ചോദ്യം ചെയ്യൽ പൂർത്തിയായതോടെ റിപോർട്ട് ജില്ലാ കലക്ടർക്ക് കൈമാറി. മൊഴിയെടുപ്പ് അര മണിക്കൂറോളം നീണ്ടു.

സുധാകരന്റെ വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവതരമാണെന്നും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സി പി എം സ്ഥാനാര്‍ഥിക്കായി തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് സുധാകരന്‍ നടത്തിയത്. 36 വര്‍ഷം മുമ്പ് ആലപ്പുഴയില്‍ മത്സരിച്ച കെ വി ദേവദാസിനായി കൃത്രിമം നടത്തിയെന്നായിരുന്നു വെളിപ്പെടുത്തല്‍. വെളിപ്പെടുത്തലില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു.

കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലായിരുന്നു സുധാകരന്റെ പ്രതികരണം. ഇലക്ഷന് പോസ്റ്റല്‍ ബാലറ്റ് ചെയ്യുമ്പോള്‍ ഞങ്ങളത് പൊട്ടിക്കും എന്ന് സുധാകരന്‍ പറയുന്ന വീഡിയോ ഭാഗമാണ് പുറത്തുവന്നത്. 1989ല്‍ കെ വി ദേവദാസ് മത്സരിച്ചു. അന്ന് പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച് തിരുത്തി. ചില എന്‍ ജി ഒ യൂനിയന്‍കാര്‍ എതിര്‍സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുന്നവരുണ്ട്. അന്ന് 15% സ്ഥാനാര്‍ഥികളും വോട്ട് ചെയ്തത് എതിര്‍ സ്ഥാനാര്‍ഥിക്കായിരുന്നു എന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍.

 

Latest