Connect with us

Kerala

വനിതാ ട്രെയിനര്‍മാര്‍ക്ക് പീഡനം; ജിംനേഷ്യം ഉടമയെ പോലീസ് ബലപ്രയോഗിച്ച് അറസ്റ്റ് ചെയ്തു

മലപ്പുറം തിരൂര്‍ സ്വദേശിനിയായ മുപ്പത്തിമൂന്നുകാരിയുടെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്

Published

|

Last Updated

 

കോഴിക്കോട് | വനിതാ ട്രെയിനര്‍മാരെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത ജിംനേഷ്യം ഉടമയെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപം ചുള്ളിയോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ‘ബി ഫിറ്റ് ബി പ്രോ’ എന്ന ജിംനേഷ്യം ഉടമ ഗോഡ്സണ്‍ ജോമോനെയാണ് നടക്കാവ് പോലീസ് പിടികൂടിയത്.
ഇയാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ട്രെയിനര്‍മാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കിയിരുന്നില്ല. ശമ്പളം ആവശ്യപ്പെടുമ്പോള്‍ തനിക്ക് ഉന്നതങ്ങളില്‍ ബന്ധമുണ്ടെന്നും മറ്റും പറഞ്ഞു ഭീഷണിപ്പെടുത്തും. ശമ്പളം നല്‍കാതെ നീട്ടിക്കൊണ്ടുപോവുകയും പിന്നീട് പിരിച്ച് വിടുകയും ചെയ്യും. സമൂഹ മാധ്യമങ്ങളില്‍ പരസ്യം നല്‍കി പുതിയ ട്രെയിനര്‍മാരെ നിയമിക്കു. ചോദ്യം ചെയ്യുന്നവരെ ക്യാബിനില്‍ വിളിച്ച് ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്യും ഇതായിരുന്നു ഇയാളുടെ രീതി.

മലപ്പുറം തിരൂര്‍ സ്വദേശിനിയായ മുപ്പത്തിമൂന്നുകാരിയുടെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കൃത്യമായി ശമ്പളം നല്‍കാതിരുന്ന ഇയാള്‍ സ്വന്തം ക്യാബിനിലേക്ക് വിളിച്ച് വരുത്തി ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് യുവതി നടക്കാവ് പോലീസില്‍ പരാതി നല്‍കിയത്. ഒളിവില്‍ പോയ ഇയാള്‍ക്കെതിരെ ഒരാഴ്ചയായി പോലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം ജിംനേഷ്യത്തില്‍ എത്തിയ പ്രതിയെ കസ്റ്റഡിയില്‍ എടുക്കാന്‍ നടക്കാവ് ഇന്‍സ്പെക്ടറുടെ നിര്‍ദേശാനുസരണം പോലീസ് സ്ഥലത്തെത്തി. പോലീസ് സംഘത്തില്‍ ഉണ്ടായിരുന്ന നടക്കാവ് എസ് ഐ ലീല വേലായുധന്‍, എ എസ് ഐ വിജേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിഹാബുദീന്‍, രജിത്ത്, ദിപിന്‍ എന്നിവര്‍ക്ക് നേരെ പ്രതി കൈയ്യേറ്റ ശ്രമം നടത്തി. ഒടുവില്‍ പോലീസ് സംഘം ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴ്പ്പെടുത്തിയത്.

 

---- facebook comment plugin here -----

Latest