Kerala
പോലീസിന്റെ കസ്റ്റഡി മര്‍ദനം; നിയമസഭയില്‍ വിവരിച്ച് റോജി എം ജോണ്‍
സഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച

തിരുവനന്തപുരം|നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച. മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗം ഓര്‍മിപ്പിച്ചാണ് റോജി എം ജോണ്‍ എംഎല്‍എ സംസാരിച്ചു തുടങ്ങിയത്. അന്ന് പോലീസ് മര്‍ദ്ദനത്തെ കുറിച്ച് പറഞ്ഞ ആളുടെ പോലീസ് ആണ് ഇപ്പോള്‍ സുജിത്തിനെ മര്‍ദ്ദിച്ചതെന്ന് റോജി പറഞ്ഞു. കുന്നംകുളം പോലീസ് സ്റ്റേഷനില്‍ സുജിത്ത് നേരിട്ട കസ്റ്റഡി മര്‍ദ്ദനം വിവരിച്ചു കൊണ്ടായിരുന്നു അടിയന്തര പ്രമേയത്തില്‍ റോജി സംസാരിച്ചത്. ജനാധിപത്യ പരമായി ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്ന് പറഞ്ഞിട്ടും സുജിത്തിന് അടികിട്ടി. നേതാവ് ചമയേണ്ട എന്ന് പറഞ്ഞായിരുന്നു അടിച്ചതെന്നു റോജി എം ജോണ്‍ പറഞ്ഞു.
സുജിത്തിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും 45 ലധികം തവണയാണ് പോലീസ് മര്‍ദിച്ചതെന്നും റോജി പറഞ്ഞു. കള്ളക്കേസില്‍ കുടുക്കാനും ശ്രമിച്ചു. സസ്‌പെന്‍ഷന്‍ ഒരു നടപടി അല്ല. സിസിടിവി ദൃശ്യം നേരത്തെ പോലീസ് മേലധികാരികള്‍ കണ്ടു. പോലീസ് ഗുണ്ടാ സംഘമായി. നിരന്തര നിയമ പോരാട്ടം നടത്തിയില്ലെങ്കില്‍ പുറം ലോകം അറിയുമായിരുന്നോ. സസ്‌പെന്റ് ചെയ്ത് മാതൃക കാട്ടിയെന്ന് ദയവായി ന്യായീകരിക്കരുത്. സസ്‌പെന്‍ഷന്‍ ജാള്യത മറയ്ക്കാന്‍ വേണ്ടിയാണ്. മര്‍ദിച്ചവരെ സേനയില്‍ നിന്ന് നീക്കണം. സിസിടിവി ദൃശ്യം പുറത്തു വരാതിരിക്കാന്‍ ശ്രമിച്ചുവെന്നും റോജി പറഞ്ഞു.
പോലീസ് കസ്റ്റഡി മര്‍ദനങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കിയത്.