Editorial
നിരപരാധികളെ പ്രതികളാക്കുന്ന പോലീസ് സംസ്‌കാരം
പോലീസിന്റെ ഗുരുതരമായ കൃത്യവിലോപങ്ങളിലും അതിക്രമങ്ങളിലും ആഭ്യന്തര വകുപ്പ് മൗനം അനുവർത്തിക്കുന്നതാണ് ഉദ്യോഗസ്ഥർക്ക് അതിക്രമങ്ങൾക്ക് പ്രചോദനമായി മാറുന്നത്. താജുദ്ദീൻ നിരപരാധിയാണെന്നു ബോധ്യപ്പെട്ടിട്ടും അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കിയ പോലീസുകാർക്കെതിരെ വകുപ്പുതല നടപടി മാത്രമാണുണ്ടായത്.
കള്ളക്കേസിൽ കുടുക്കി പ്രവാസിയെ 54 ദിവസം ജയിലിലടച്ചതിന് പത്ത് ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. തലശ്ശേരി കതിരൂർ സ്വദേശി താജുദ്ദീന് പത്ത് ലക്ഷവും കുടുംബത്തിന് നാല് ലക്ഷവും നൽകാനാണ് കോടതി ഉത്തരവ്. പ്രവാസി അനുഭവിച്ച മാനസിക വിഷമത്തിനും സാമ്പത്തിക നഷ്ടത്തിനുമാണ് നഷ്ടപരിഹാരം. കുറ്റമാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത കേസുകളിൽ കോടതികൾ നഷ്ടപരിഹാരം വിധിച്ച സംഭവങ്ങൾ രാജ്യത്ത് ധാരാളമുണ്ടെങ്കിലും കേരളത്തിൽ വിരളമാണ്. ഐ എസ് ആർ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിന് സുപ്രീം കോടതി 50 ലക്ഷം നഷ്ടപരിഹാരം വിധിച്ച സംഭവമാണ് സംസ്ഥാനത്ത് ഈയിനത്തിൽ സമീപകാലത്തുണ്ടായ മറ്റൊരു വിധി.
2018ൽ മകളുടെ വിവാഹത്തിനായി ഖത്വറിൽ നിന്ന് നാട്ടിലെത്തിയപ്പോഴായിരുന്നു താജുദ്ദീനെ മോഷണക്കേസിൽ പ്രതിയാക്കി ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. സി സി ടി വി ദൃശ്യങ്ങളിലെ നേരിയ സാദൃശ്യം മാത്രം വെച്ചായിരുന്നു പോലീസ് നടപടി. മാല മോഷ്ടിച്ചത് താനല്ലെന്നും ശാസ്ത്രീയ അന്വേഷണം നടത്തണമെന്നും താജുദ്ദീൻ ആവശ്യപ്പെട്ടെങ്കിലും പോലീസ് ചെവിക്കൊണ്ടില്ല. പിന്നീട് താജുദ്ദീന്റെ ഭാര്യ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ഡിവൈ എസ് പി നടത്തിയ പുനരന്വേഷണത്തിൽ സ്ഥിരം കുറ്റവാളിയായ ശരത് വത്സരാജ് ആണ് മോഷ്ടാവെന്ന് കണ്ടെത്തി. എങ്കിലും തക്കസമയത്ത് തിരിച്ചുപോകാൻ സാധിക്കാത്തതിനാൽ താജുദ്ദീന് ഖത്വറിലെ ജോലി നഷ്ടമായി. 2018 ജൂലൈയിൽ താജുദ്ദീന്റെ വീടിനു സമീപം ചെളിയിൽ താഴ്ന്ന പോലീസ് ജീപ്പ് ഉയർത്തുന്നതിന് പോലീസ് താജുദ്ദീനെ സഹായത്തിനു വിളിച്ചപ്പോൾ, നടുവേദന കാരണം സഹായിക്കാൻ സാധിച്ചില്ല. ഇതിനുള്ള പോകപോക്കലാണ് കള്ളക്കേസിൽ കുടുക്കിയ നടപടിയെന്ന് പറയപ്പെടുന്നു.
നിയമത്തിന്റെ കാവൽക്കാരാണ് പോലീസുകാർ. പൊതുഖജനാവിൽ നിന്ന് ശമ്പളവും പെൻഷനും മറ്റു ആനുകൂല്യങ്ങളും നൽകി പോലീസിനെ നിയോഗിക്കുന്നത് നിയമങ്ങൾ നടപ്പാക്കാനും നിയമലംഘനങ്ങൾ തടയാനുമാണ്. എന്നാൽ പോലീസ് നിയമലംഘനത്തിന്റെ പ്രതീകമായി മാറുന്നതാണ് പലപ്പോഴും അനുഭവം. പ്രതിയെ കണ്ടെത്താനായില്ലെങ്കിൽ കണ്ടവനെ പിടിച്ചു പ്രതിയാക്കുക, ദുർബലരെ കള്ളക്കേസിൽ കുടുക്കുക, പരാതി പറയാൻ സ്റ്റേഷനിൽ എത്തിയവർക്കെതിരെ കള്ളക്കേസ് ചുമത്തുക തുടങ്ങിയ സംഭവങ്ങൾ പലപ്പോഴായി റിപോർട്ട് ചെയ്യപ്പെട്ടതാണ്. നീതിയുടെ കവാടങ്ങളാകേണ്ട പോലീസ് സ്റ്റേഷൻ പലപ്പോഴും വ്യക്തിപരവും രാഷ്ട്രീയവുമായ പകപോക്കലിന്റെയും വിദ്വേഷം തീർക്കുന്നതിന്റെയും ഇടങ്ങളായി മാറുന്നു. കണ്ടവനെ പിടിച്ചു പ്രതിയാക്കുന്നതല്ല, കുറ്റവാളികളെ കണ്ടെത്തുന്നതിലാണ് നിയമത്തിന്റെ കരുത്ത്. കള്ളക്കേസുകൾ വഴി ‘കാര്യക്ഷമത’ തെളിയിക്കുന്ന പോലീസ് സംസ്‌കാരം നിയമവാഴ്ചയുടെ പരാജയമാണ്. ആ പരാജയത്തിലേക്കുള്ള വിരൽചൂണ്ടലും നിയമത്തിന്റെ പേരിൽ നടക്കുന്ന നിയമലംഘനത്തിനെതിരായ തുറന്ന കുറ്റപത്രവുമാണ് ഹൈക്കോടതി വിധി.
ഒരു നിരപരാധിയെ “പ്രതി’യെന്ന ദുഷ്പേര് ചാർത്താനും ജയിലിൽ തളച്ചിടാനും ഇടവരുന്നത് നടപടിക്രമങ്ങളിലെ പിഴവ് എന്ന മട്ടിൽ നിസ്സാരവത്കരിക്കാവുന്ന കാര്യമല്ല. ഒരു തെറ്റും ചെയ്യാത്ത വ്യക്തിയുടെ കൈകളിൽ പോലീസ് വിലങ്ങിടുമ്പോൾ തകരുന്നത് ആ വ്യക്തിയുടെ അന്തസ്സും ആയുസ്സുമാണ്. അയാളുടെ ജീവിതം തന്നെ തകർക്കുന്ന ഗുരുതരമായ കൃത്യവിലോപവും കുറ്റകൃത്യവുമാണ്. അന്യായമായ അറസ്റ്റും റിമാൻഡും ജയിൽ ജീവിതവും പീഡനവും ഇതേത്തുടർന്നുള്ള സാമൂഹിക അപമാനവും വ്യക്തിയിൽ കടുത്ത മാനസിക പീഡനവും വ്യഥയും സൃഷ്ടിക്കും. കുടുംബത്തിന്റെ പ്രയാസങ്ങൾ വേറെയും. കോടതി പിന്നീട് കുറ്റമുക്തമാക്കിയതു കൊണ്ട് നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടില്ല. കോടതിയുടെ നിരപരാധിയെന്ന പരാമർശം സമൂഹം പലപ്പോഴും കേൾക്കാറുമില്ല. ശാസ്ത്രീയമായ തെളിവുകൾക്ക് പകരം വിലക്കെടുത്ത സാക്ഷികളെയും ഗൂഢാലോചനയിലൂടെ തയ്യാറാക്കിയ രേഖകളെയും ആധാരമാക്കി ചാർജ് ഷീറ്റ് തയ്യാറാക്കുന്ന രീതി പോലീസിനുള്ളിലെ ക്രിമിനൽ ബുദ്ധിയാണ് കാണിക്കുന്നത്. നിയമപാലനമല്ല, ഭരണകൂട ഭീകരതയാണിത്. ഇതവസാനിപ്പിക്കണ്ടതുണ്ട്.
പോലീസ് സ്റ്റേഷനുകളിൽ നിന്ന് പുറത്തു വരുന്ന ഓരോ എഫ് ഐ ആറിലും സത്യസന്ധതയുടെ അംശമാണുള്ളതെന്നു ഉറപ്പ് വരുത്താൻ ആഭ്യന്തര വകുപ്പിന് ബാധ്യതയുണ്ട്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ സ്വതന്ത്ര അതോറിറ്റികൾ രൂപവത്കരിക്കുന്നത് ഇതിന് വലിയൊരളവോളം പരിഹാരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. കോടതി വിധിച്ച നഷ്ടപരിഹാരത്തുക ആരാണ് നൽകേണ്ടതെന്നോ എവിടെ നിന്നാണ് ഈടാക്കേണ്ടതെന്നോ വ്യക്തമല്ല. പൊതുഖജനാവിലെ നികുതിപ്പണത്തിൽ നിന്നല്ല, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്നും ആസ്തിയിൽ നിന്നുമാണ് ഈടാക്കേണ്ടത്. കള്ളക്കേസ് ചമച്ച ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി സ്വീകരിക്കുകയും വേണം. എങ്കിലേ അധികാരത്തിന്റെ ബലത്തിൽ ആരെയും കള്ളക്കേസിൽ കുടുക്കാമെന്ന ധാർഷ്ട്യം അവസാനിക്കുകയുള്ളൂ. പൊതുഖജനാവിൽ നിന്ന് നഷ്ടപരിഹാരം നൽകുകയും കുറ്റക്കാരനായ ഉദ്യോഗസ്ഥൻ സർവീസിൽ തുടരുകയും ചെയ്യുമ്പോൾ നീതി വീണ്ടും കൊല്ലപ്പെടുകയാണ്. കുറ്റം ചെയ്യുന്നവർ രക്ഷപ്പെടുകയും ജനങ്ങൾ നഷ്ടപരിഹാരം നൽകുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കേണ്ടതാണ്. പോലീസിന്റെ ഇത്തരം ഗുരുതരമായ കൃത്യവിലോപങ്ങളിലും അതിക്രമങ്ങളിലും ആഭ്യന്തര വകുപ്പ് മൗനം അനുവർത്തിക്കുന്നതാണ് ഉദ്യോഗസ്ഥർക്ക് അതിക്രമങ്ങൾക്ക് പ്രചോദനമായി മാറുന്നത്. താജുദ്ദീൻ നിരപരാധിയാണെന്നു ബോധ്യപ്പെട്ടിട്ടും അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കിയ പോലീസുകാർക്കെതിരെ വകുപ്പുതല നടപടി മാത്രമാണുണ്ടായത്.


