Kerala
പി കെ ശ്രീമതിക്കെതിരായ വ്യാജ വാര്‍ത്ത; പോലീസ് മൊഴി രേഖപ്പെടുത്തി, ഇന്ന് കേസ് എടുക്കും
ഈ വിഷയത്തില്‍ തന്റെ മനസ് അലിയില്ലെന്ന് പി കെ ശ്രീമതി
കണ്ണൂര്‍|സി പി എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതിക്കെതിരായ വ്യാജ വാര്‍ത്ത പ്രചാരണത്തില്‍ പോലീസ് ഇന്ന് കേസ് എടുക്കും. കണ്ണൂര്‍ സൈബര്‍ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്യുക. പോലീസ് പി കെ ശ്രീമതിയുടെ മൊഴി രേഖപ്പെടുത്തി. കണ്ണൂര്‍ സൈബര്‍ പോലീസ് സംഘം പി കെ ശ്രീമതിയുടെ പരിയാത്തുള്ള വീട്ടിലെത്തിയാണ് രാവിലെ മൊഴി രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് തന്നെ കേസ് രജിസ്റ്റര്‍ ചെയ്യും.വിഷയത്തില്‍ ഉടന്‍ നടപടി ഉണ്ടായതില്‍ സന്തോഷം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ടുവെന്നും ഡിജിപി നേരിട്ട് വിളിച്ചുവെന്നും ഈ വിഷയത്തില്‍ തന്റെ മനസ് അലിയില്ലെന്നും പി കെ ശ്രീമതി പറഞ്ഞു.
കുന്നംകുളം മുന്‍ എംഎല്‍എയായിരുന്ന പി കെ കൃഷ്ണന്റെ ഭാര്യയെന്ന പേരില്‍ പി കെ ശ്രീമതി ഫാമിലി പെന്‍ഷന്‍ വാങ്ങിയെന്ന വ്യാജ വാര്‍ത്തയില്‍ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് ആഭ്യന്തര വകുപ്പ്. ജനം ടിവി, ഓണ്‍ലൈന്‍ സ്ഥാപനമായ കര്‍മ്മ ന്യൂസ്, സായാഹ്ന പത്രമായ സുദിനം തുടങ്ങിയ സ്ഥാപനങ്ങളെയും വാര്‍ത്ത നല്‍കിയവരെയും പ്രതി ചേര്‍ക്കും. കുന്നംകുളം എംഎല്‍എയായിരുന്ന പി കെ കൃഷ്ണന്റെ ഭാര്യയുടെ പേരും പി കെ ശ്രീമതി എന്നായിരുന്നു. 2020ല്‍ പി കെ ശ്രീമതി മരിക്കുന്നതുവരെ പെന്‍ഷന്‍ വാങ്ങിയിരുന്നു. ഇതാണ് സിപിഎം നേതാവും മുന്‍ എംപിയുമായ പി കെ ശ്രീമതിയുടെ പേരില്‍ ചിലര്‍ വ്യാജ വാര്‍ത്ത നല്‍കിയത്.
പി കെ ശ്രീമതി ടീച്ചര്‍ക്കും പി ആര്‍ കൃഷ്ണന്റെ ഭാര്യ പി കെ ശ്രീമതിക്കും വെവ്വേറെ ബേങ്ക് അക്കൗണ്ടുകളാണുള്ളതെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിരുന്നു. മുന്‍ മന്ത്രി എന്ന നിലയില്‍ പി കെ ശ്രീമതി പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നും സെക്രട്ടേറിയറ്റ് അറിയിച്ചു. പെന്‍ഷന്‍ വാങ്ങുന്നത് തന്റെ മാതാവ് പി കെ ശ്രീമതിയാണെന്ന് വ്യക്തമാക്കി മുന്‍ എം എല്‍ എ. പി കെ കൃഷ്ണന്റെ മകന്‍ അജിത്തും രംഗത്ത് വന്നിരുന്നു.
Content Highlights:
Kannur Cyber Police will register a case today regarding the fake news campaign against CPM leader PK Sreemathi. The action follows a false report claiming she improperly received a family pension. Strict legal action will be taken against media outlets that spread the defamation.


