Connect with us

shahi masjid madura

മഥുരയിലെ ഷാഹി മസ്ജിദ് അടച്ചുപൂട്ടണമെന്ന ഹരജി ജുലൈ ഒന്നിന് കോടതയില്‍

പള്ളി നില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ചോദ്യം ചെയ്തുള്ള ഹരജിയില്‍ നാളെ ഉത്തരവ്

Published

|

Last Updated

മഥുര | വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദിനെതിരായ നീക്കത്തിന് പിന്നാലെ മഥുരയിലെ ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന ഷാഹി മസ്ജിദ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ജൂലൈ ഒന്നിന് കോടതി പരിഗണിക്കും. ഷാഹി ഈദ്ഗാഹ് മസ്ജിദ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള തീവ്രഹിന്ദുത്വ സംഘടനകളും വ്യക്തികളും സമര്‍പ്പിച്ച ഹരജിയാണ് മഥുര ജില്ലാ കോടതി പരിഗണിക്കുക. നാല് മാസത്തിനുള്ളില്‍ വാദം പൂര്‍ത്തിയാക്കാന്‍ നേരത്തെ അലഹബാദ് ഹൈക്കോടതി മഥുര കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് പരിഗണിക്കുന്നത്.

അതേ സമയം, മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ചോദ്യം ചെയ്തുള്ള ഹരജിയില്‍ നാളെ ഉത്തരവ് വരും. പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണെന്ന അവകാശവാദമാണ് ഹരജിക്കാര്‍ ഉന്നയിക്കുന്നത്.

മുസ്ലീം വിഭാഗത്തിന്റെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടരുതെന്ന് ഗ്യാന്‍വാപി കേസില്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി പറഞ്ഞിരുന്നു. ശിവലിംഗം കണ്ടതായി പറയപ്പെടുന്ന സീല്‍ ചെയ്ത സ്ഥലത്തിന് സുരക്ഷ കൂട്ടാനും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ നിര്‍ണായകമായ സര്‍വേ വിവരങ്ങള്‍ ചോര്‍ന്നതില്‍ വാരാണസി കോടതി സര്‍വ കമ്മീഷണറെ നീക്കുകയും ചെയ്തിരുന്നു.
ഗ്യാന്‍വാപി കേസിലെ സര്‍വേയും, മുന്നറിയിപ്പില്ലാതെ മസ്ജിദ് സീല്‍ ചെയ്ത നടപടിയും ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പറയാനുള്ളത് കേള്‍ക്കാന്‍ പോലും സാവകാശം കാട്ടാതെ വാരാണസി കോടതി തിടുക്കപ്പെട്ട് നടപടികളിലേക്ക് പോകുകയായിരുന്നുവെന്ന് മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു.

അയോധ്യയില്‍ ബാബരി പള്ളി തകര്‍ക്കാനുള്ള പ്രക്ഷോഭം തുടങ്ങിയ കാലത്ത് തന്നെ സംഘ്പരിവാര്‍ സംഘടനകള്‍ പറയുന്നതാണ് മഥുരയിലെ ഇദ്ഗാഹ് പള്ളിയും വാരാണസയിലെ ഗ്യാന്‍വാപി പള്ളിയും പിടിച്ചടക്കുമെന്നത്. അയോധ്യയിലെ ബാബരി ഭൂമിയില്‍ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം ശക്തമാക്കിയിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിയുടെ മുഖ്യരാഷ്ട്രീയ ആയുധം ഇതാകുമെന്ന കാര്യം ഉറപ്പാണ്.

 

Latest