Connect with us

Kerala

ഭിന്നശേഷി നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേരളാ കോണ്‍ഗ്രസ് (എം) സര്‍ക്കാറിനെ ന്യായീകരിക്കുന്നത് രാഷ്ട്രീയ ഗതികേട്: ഫ്രാന്‍സിസ് ജോര്‍ജ് എം പി

വന്യജീവി ആക്രമണങ്ങളില്‍ കര്‍ഷകരെയും കാര്‍ഷിക മേഖലയേയും സംരക്ഷിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമം നിര്‍മ്മിച്ചു എന്ന് അവകാശപ്പെടുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതിനാണ്.

Published

|

Last Updated

കോട്ടയം | ഭിന്നശേഷി നിയമന സംവരണം,വന്യജീവി ആക്രമണം, ശബരിമല സ്വര്‍ണ്ണക്കൊള്ള, റബ്ബര്‍ വിലയിടിവ്. ഇടുക്കിയിലെ പട്ടയം ഉള്‍പ്പെടെയുള്ള ഭൂപ്രശ്‌നങ്ങള്‍, ജെ. ബി കോശി റിപ്പോര്‍ട്ട് എന്നിങ്ങനെ ഇടതുമുന്നണിയില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കെല്ലാം സംസ്ഥാന സര്‍ക്കാരിനെക്കൊണ്ട് പരിഹാരം കാണാന്‍ സാധിച്ചു എന്ന കേരളാ കോണ്‍ഗ്രസ് (എം)ന്റെ അവകാശ വാദം പൊള്ളയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ളതുമാണന്ന് കേരളാ കോണ്‍ഗ്രസ് ഡപ്യൂട്ടി ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് എം പി പറഞ്ഞു.

ഭിന്നശേഷി നിയമന സംവരണ വിഷയത്തില്‍ എന്‍ എസ് എസ് മാനേജ്‌മെന്റിന് ലഭിച്ച സുപ്രീം കോടതി ഉത്തരവില്‍ സമാന സ്വഭാവമുള്ള ഇത്തരം വിഷയത്തില്‍ ഈ വിധി ബാധകമാണന്ന് പറഞ്ഞിട്ടും അതനുസരിച്ച് ഇതര മാനേജ്‌മെന്റുകളിലെ അദ്ധ്യാപകര്‍ക്ക് നിയമനം നല്‍കാന്‍ തയ്യാറാകാതെ വീണ്ടും സുപ്രീംകോടതിയെ സംസ്ഥാന സര്‍ക്കാര്‍ സമീപിക്കുന്നതിനെ കേരളാ കോണ്‍ഗ്രസ് (എം) ന്യായീകരിക്കുന്നത് രാഷ്ട്രീയ ഗതികേടാണ്.

വന്യജീവി ആക്രമണങ്ങളില്‍ കര്‍ഷകരെയും കാര്‍ഷിക മേഖലയേയും സംരക്ഷിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമം നിര്‍മ്മിച്ചു എന്ന് അവകാശപ്പെടുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതിനാണ്. നിയമസഭ പാസാക്കിയ നിയമത്തിന് കേന്ദ്ര അനുമതി പോലും ഇതുവരെ ലഭിച്ചിട്ടില്ല. വന്യജീവി ആക്രമണം തടയുവാന്‍ നിലവിലുള്ള കേന്ദ്ര നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം നടപടി എടുക്കാന്‍ തയ്യാറാകാതെ നിയമം നിര്‍മ്മിച്ചു എന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണന്നും ഫ്രാന്‍സിസ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള നടത്തിയ സി പി എം നേതാക്കള്‍ ഉള്‍പ്പെടെ ഉള്ളവരെ സംരക്ഷിക്കുകയും ഒപ്പം നടക്കുകയും ചെയ്യുന്ന ഇടതുസഹയാത്രികരായ കേരളാ കോണ്‍ഗ്രസ് (എം) ഇത് സംബന്ധിച്ച് യാതൊരു നിലപാടും പറയാത്തത് വിശ്വാസികള്‍ക്ക് ഏറെ വേദന ഉണ്ടാക്കുന്നതാണന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

എല്‍ ഡി എഫ് പ്രകടന പത്രികയില്‍ 10 വര്‍ഷം മുമ്പ് റബ്ബറിന് 250 രൂപ തറവില പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നും നടപ്പാക്കിയിട്ടില്ല. 200 രൂപ ആക്കിയെന്ന് പറയുന്ന കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാനത്ത് ഇത് ഒരു കര്‍ഷകനു പോലും ഇതുവരെ ലഭിച്ചിട്ടില്ലന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജസ്റ്റിസ് ബഞ്ചമിന്‍ കോശി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ക്രൈസ്തവ സഭകള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും അത് പുറത്ത് വിടാത്തത് പ്രതിക്ഷേധാര്‍ഹമാണ്.

ഇടുക്കിയിലെ പട്ടയ വിതരണവും ഭൂപ്രശ്‌നങ്ങള്‍ക്കും കഴിഞ്ഞ 10 വര്‍ഷമായിട്ടും പരിഹാരം കാണാന്‍ കഴിയാത്ത സര്‍ക്കാരിനെ ന്യായികരിക്കുന്ന കേരളാ കോണ്‍ഗ്രസ് (എം)ന്റെ നിലപാടിലൂടെ സ്വന്തം അടിമത്തമാണ് വ്യക്തമാക്കുന്നതെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

 

---- facebook comment plugin here -----

Latest