Kerala
സി പി എം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്‍ പയ്യന്നൂരില്‍ സ്ഥാനാര്‍ഥിയാകും
യു ഡി എഫ് പിന്തുണ ലഭിച്ചില്ലെങ്കിലും ഇടതു വോട്ടില്‍ ഭിന്നിപ്പുണ്ടാക്കി ടി ഐ മധുസൂദനന്റെ പരാജയം ഉറപ്പാക്കാന്‍ തനിക്കുകഴിയുമെന്നാണ് വി കുഞ്ഞികൃഷ്ണന്‍ കരുതുന്നത്
കണ്ണൂര്‍ | സി പി എം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന്‍ പയ്യന്നൂരില്‍ സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ചു. ടി ഐ മധുസൂദന് എതിരെയുള്ള തന്റെ സ്ഥാനാര്‍ഥിത്വം നാളെ രാവിലെ 10 മണിക്ക് പ്രഖ്യാപിക്കും എന്നാണ് അദ്ദേഹം അറിയിച്ചത്.
പയ്യന്നൂരില്‍ സ്ഥാനാര്‍ഥിയാകാന്‍ ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വി കുഞ്ഞികൃഷ്ണനെ സമീപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് വ്യാപകമായി സി പി എം പുറത്താക്കിയവരെ പിന്തുണക്കാനുള്ള നീക്കം നിലവില്‍ സ്ഥാനാര്‍ഥിത്വം ആഗ്രഹിച്ച പലരേയും ചൊടിപ്പിച്ചിരുന്നു.
ഇതോടെ പിന്തുണ വാഗ്ദാനത്തില്‍ നിന്നു കോണ്‍ഗ്രസ് നേതാക്കള്‍ പിന്‍മാറി എന്ന നില വന്നതോടെയാണ് വി കുഞ്ഞികൃഷ്ണന്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നത്. തന്നെ യു ഡി എഫ് പിന്തുണക്കുമെന്നാണ് അദ്ദേഹം ഇപ്പോഴും കരുതുന്നത്. യു ഡി എഫ് പിന്തുണ ലഭിച്ചില്ലെങ്കിലും ഇടതു വോട്ടില്‍ ഭിന്നിപ്പുണ്ടാക്കി ടി ഐ മധുസൂദനന്റെ പരാജയം ഉറപ്പാക്കാന്‍ തനിക്കുകഴിയുമെന്നാണ് വി കുഞ്ഞികൃഷ്ണന്‍ കരുതുന്നത്. ആ നിലക്ക് വി കുഞ്ഞികൃഷ്ണന്റെ സ്ഥാനാര്‍ഥിത്വം യു ഡി എഫിന് വിജയ സാധ്യത ഉറപ്പാക്കുമെന്നുകരുതുന്നതിനാല്‍ പയ്യന്നൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയാകാന്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് രംഗത്തുള്ളത്.
പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന് പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരസ്യമായി രംഗത്തെത്തിയിരുന്നു. വി കുഞ്ഞികൃഷ്ണന്‍ സ്ഥാനാര്‍ഥിയായാല്‍ എതിര്‍ക്കുമെന്നും കോണ്‍ഗ്രസുകാരെ ആക്രമിച്ചവരെ പിന്തുണയ്ക്കാനാകില്ലെന്നുമായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജംഷീര്‍ പള്ളിവയല്‍ പറഞ്ഞത്. പയ്യന്നൂരില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി തന്നെ വേണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം പരസ്യമായി ഉന്നയിച്ചതോടെയാണ് സി പി എം ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടി പുറത്താക്കിയത്.



