Editorial
വ്യക്തിനിയമങ്ങള്‍ മൗലികാവകാശം
ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് കഴിഞ്ഞ ദിവസം ത്വലാഖ് സംബന്ധമായി കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധിപ്രസ്താവം. മതപരമായ വിശ്വാസം ഉള്‍ക്കൊള്ളാന്‍ മാത്രമല്ല, അത് പ്രാവര്‍ത്തികമാക്കാനും ഭരണഘടന അനുവദിക്കുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി

ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് കഴിഞ്ഞ ദിവസം ത്വലാഖ് സംബന്ധമായി കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധിപ്രസ്താവം. മുസ്ലിം ഭര്‍ത്താക്കന്മാര്‍ക്ക് ത്വലാഖ് ചൊല്ലാനും ഒന്നിലേറെ വിവാഹം കഴിക്കാനുമുള്ള അവകാശങ്ങള്‍ തടയാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്നും അത് ഭരണഘടനയുടെ 25ാം അനുഛേദ പ്രകാരമുള്ള അവകാശങ്ങളുടെ നിഷേധമാകുമെന്നുമായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നിരീക്ഷണം. അന്തിമ ത്വലാഖ് ചൊല്ലുന്നതും മറ്റൊരു വിവാഹം കഴിക്കുന്നതും തടയണമെന്ന ഭാര്യയുടെ ഹരജി അനുവദിച്ച കുടുംബ കോടതി ഉത്തരവുകള്‍ ചോദ്യം ചെയ്ത് കൊട്ടാരക്കര സ്വദേശി നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ബഞ്ചിന്റെ വിധി. മതപരമായ വിശ്വാസം ഉള്‍ക്കൊള്ളാന്‍ മാത്രമല്ല, അത് പ്രാവര്‍ത്തികമാക്കാനും ഭരണഘടന അനുവദിക്കുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുടുംബ കോടതി ഉത്തരവ് അധികാര പരിധി ലംഘിക്കുന്നതായതിനാല്‍ അത് റദ്ദാക്കിയതായും ഹൈക്കോടതി അറിയിച്ചു.
ഇന്ത്യന്‍ മുസ്ലിംകള്‍ അനുഭവിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് മുസ്ലിം വ്യക്തിനിയമം. വിവാഹം, വിവാഹമോചനം, വഖ്ഫ്, ദായധനം എന്നീ കാര്യങ്ങളില്‍ ഇസ്ലാമിക ശരീഅത്തനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നും ഇക്കാര്യത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോള്‍ ഇസ്ലാമിക ശരീഅത്തനുസരിച്ചായിരിക്കണം നിയമവൃത്തങ്ങള്‍ വിധി പുറപ്പെടുവിക്കേണ്ടതെന്നും നിഷ്‌കര്‍ഷിക്കുന്നതാണ് മുസ്ലിം വ്യക്തി നിയമങ്ങള്‍. വിശ്വാസം പോലെ അതിപ്രധാനമാണ് മുസ്ലിംകള്‍ക്ക് ആരാധനാ കര്‍മങ്ങളും. വിശുദ്ധ ഖുര്‍ആനിലൂടെയും പ്രവാചക ചര്യയിലൂടെയും പഠിപ്പിച്ച കാര്യങ്ങള്‍ പൂര്‍ണമായും പൂര്‍ണ മനസ്സോടെയും അനുസരിക്കാന്‍ ഇസ്ലാമിക വിശ്വാസികള്‍ ബാധ്യസ്ഥരാണ്. അതില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയോ തിരുത്തലോ പാടില്ല. ഭരണഘടനയുടെ 25ാം അനുഛേദം ഈ അവകാശം വകവെച്ചു കൊടുക്കുന്നു.
എന്നാല്‍ കടുത്ത വെല്ലുവിളികളെ നേരിട്ടു കൊണ്ടിരിക്കുകയാണ് നിലവില്‍ രാജ്യത്ത് മുസ്ലിം വ്യക്തിനിയമവും ഇസ്ലാമിക ശരീഅത്തുമെല്ലാം. വ്യക്തിനിയമം കാലഹരണപ്പെട്ടു, അത് പുരുഷാധിപത്യപരമാണ് തുടങ്ങിയ ആരോപണങ്ങളുന്നയിച്ചും പരിഷ്‌കരിക്കണമെന്ന വാദവുമായും പലരും രംഗത്തുണ്ട്. ഓരോ മതത്തിനും പ്രത്യേകം വ്യക്തിനിയമങ്ങളനുവദിക്കുന്നത് ശരിയല്ലെന്നും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും വാദിക്കുന്നവരുണ്ട്. ബി ജെ പിയുടെ മുഖ്യ അജന്‍ഡയാണ് ഏക സിവില്‍ കോഡ്. 1937ലെ ശരീഅത്ത് ആക്ട് അടക്കം മുസ്ലിം വ്യക്തി നിയമം പുനഃപരിശോധിക്കാന്‍ കേന്ദ്രം തീരുമാനിച്ചതായും ഇതുസംബന്ധിച്ച് അഭിപ്രായം അറിയിക്കാന്‍ വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടതായും ഇതിനിടെ ദേശീയ മാധ്യമായ ഇക്കോണമിക്സ് ടൈംസ് റിപോര്‍ട്ട് ചെയ്തിരുന്നു. ഭരണഘടനാ പരിഷ്‌കരണത്തിനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണ് നിയമ മന്ത്രാലയത്തിന്റെ ഈ നടപടിയെന്നാണ് വിവരം. ഏക സിവില്‍ കോഡിലേക്കുള്ള ചുവടുവെപ്പാണോ എന്ന ആശങ്കയും ഉയരുന്നുണ്ട്. മധ്യപ്രദേശില്‍ നടന്ന ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവന അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ‘സി എ എ, രാമക്ഷേത്രം, മുത്വലാഖ്, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍ തുടങ്ങിയ വിഷയങ്ങള്‍ പരിഹരിച്ചു. ഏകീകൃത വ്യക്തി നിയമത്തിലേക്കാണ് അടുത്ത ചുവടുവെപ്പ്’ എന്നാണദ്ദേഹം പറഞ്ഞത്. ഒരൊറ്റ രാജ്യം ഒരൊറ്റ നിയമം എന്നതാണല്ലോ ഹിന്ദുത്വരുടെ മുദ്രാവാക്യം.
കോടതികളും പലപ്പോഴും ഏക സിവില്‍ കോഡിനു വേണ്ടി ശബ്ദിക്കാറുണ്ട്. ഷാബാനു കേസില്‍ മുസ്ലിം വിവാഹ മുക്തക്ക് പുനര്‍ വിവാഹം വരെ മുന്‍ ഭര്‍ത്താവ് ചെലവിനു കൊടുക്കണമെന്ന വിധി പ്രസ്താവിച്ച ജസ്റ്റിസ് വൈ വി ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച,് രാജ്യം ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ മുന്നോട്ടു വരണമെന്നും ആവശ്യപ്പെടുകയുണ്ടായി. 1995 മെയ് പത്തിന് അന്നത്തെ സുപ്രീം കോടതി ജഡ്ജി കുല്‍ദീപ് നെയ്യാറും നടത്തി സമാനമായ ഒരു പരാമര്‍ശം. ‘രാജ്യം സ്വാതന്ത്ര്യം നേടി 47 വര്‍ഷം പിന്നിട്ടിട്ടും ഭരണഘടന മാര്‍ഗ നിര്‍ദേശകമായി നല്‍കിയ ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ കഴിയാത്തത് ഭരണകൂടത്തിന്റെ പരാജയവും അപാകതയുമാണെ’ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവം. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഡല്‍ഹി ഹൈക്കോടതിയും ഏക സിവില്‍ കോഡിനെ പിന്തുണച്ച് രംഗത്തു വന്നു. ‘ആധുനിക ഇന്ത്യന്‍ സമൂഹം പതിയെ ഏക ജാതീയമായ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. മതം, ജാതി എന്നിവയുടെ സാമ്പ്രദായിക രീതികള്‍ മാറുന്ന സാഹചര്യത്തില്‍ ഏകീകൃത സിവില്‍ കോഡിന് പ്രസക്തിയുണ്ടെ’ന്നായിരുന്നു ഹൈക്കോടതിയുടെ കാഴ്ചപ്പാട്. സാംസ്‌കാരിക വൈവിധ്യങ്ങളില്‍ അധിഷ്ഠിതമായ മതേതരത്വമാണ് രാജ്യത്തിന്റെ അടിസ്ഥാന തത്ത്വമെന്ന വസ്തുതയും നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യന്‍ രാഷ്ട്ര ശില്‍പ്പികളുടെ കാഴ്ചപ്പാടും വിസ്മരിച്ചു കൊണ്ടാണ് കോടതികളുടെ ഇത്തരം ഇടപെടലുകള്‍.
ഭരണഘടനാ തത്ത്വങ്ങള്‍ മുറുകെ പിടിച്ചും വൈവിധ്യങ്ങളുടെ നാടെന്ന ഭരണഘടനാ ശില്‍പ്പികളുടെ സ്വപ്ന സാക്ഷാത്കാരത്തിനു സഹായകമായ രീതിയിലുമാണ് കോടതികള്‍ ഇത്തരം വിഷയങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തേണ്ടത്. തങ്ങളുടെ വ്യക്തിപരമായ വീക്ഷണങ്ങള്‍ അടിച്ചേല്‍പ്പിക്കാനും ഭരണത്തിലിരിക്കുന്നവരുടെ അജന്‍ഡകള്‍ സാക്ഷാത്കരിക്കാനും ജുഡീഷ്യറി പദവികളെ ദുരുപയോഗം ചെയ്യരുത്. ‘നീതി നിര്‍വഹണത്തിന്റെ വഴിയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കും ഭരണകൂടത്തിനും എതിരെ നില്‍ക്കാന്‍ കഴിയുന്ന ജഡ്ജിമാരെയാണ് രാജ്യത്തിനാവശ്യ’മെന്ന ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ പി ഷായുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. മുസ്ലിം വ്യക്തിനിയമം സംബന്ധിച്ച് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഹൈക്കോടതി ബഞ്ചിന്റെ കഴിഞ്ഞ ദിവസത്തെ വിധിപ്രസ്താവം 2020 സെപ്തംബറില്‍ ജസ്റ്റിസ് ഹൊസ്ബെത്ത് സുരേഷ് അനുസ്മരണ പ്രഭാഷണത്തിലെ ജസ്റ്റിസ് ഷായുടെ ഈ പരാമര്‍ശം ഓര്‍മിപ്പിക്കുന്നു.