Uae
വ്യക്തി കേന്ദ്രീകൃത ചികിത്സയിലൂടെ അര്‍ബുദത്തെ നേരിടുന്നതില്‍ വന്‍ മുന്നേറ്റമുണ്ടാക്കാനാകും: പ്രൊഫ. ജെയിംസ് ആലിസണ്‍.
ആഗോള വിദഗ്ധര്‍ പങ്കെടുക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ വിന്‍ സിമ്പോസിയത്തിന് അബൂദബിയില്‍ തുടക്കം
അബൂദബി | അര്‍ബുദ രംഗത്തെ നൂതന ചികിത്സാ മാര്‍ഗമായ പ്രിസിഷന്‍ ഓങ്കോളജിയുണ്ടാക്കുന്ന മുന്നേറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സുപ്രധാന ആഗോള സമ്മേളനത്തിന് അബൂദബിയില്‍ തുടക്കം. വ്യക്തിഗത അര്‍ബുദ ചികിത്സാ രംഗത്തെ ആഗോള കൂട്ടായ്മയായ വേള്‍ഡ് വൈഡ് ഇന്നൊവേറ്റീവ് നെറ്റ്വര്‍ക്ക് (വിന്‍) കണ്‍സോര്‍ഷ്യവും ബുര്‍ജീല്‍ ഹോള്‍ഡിംഗ്സും സംയുക്തമായാണ് സമ്മേളനത്തിന് ആതിഥ്യമരുളുന്നത്.
യൂറോപ്പിന് പുറത്ത് ആദ്യമായി നടക്കുന്ന വിന്‍ കണ്‍സോര്‍ഷ്യത്തിന്റെ ഈ ദ്വിദിന വാര്‍ഷിക സമ്മേളനത്തില്‍ പ്രിസിഷന്‍ മെഡിസിനിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളും ലോകമെമ്പാടുമുള്ള കാന്‍സര്‍ രോഗികളുടെ പരിചരണവും ഫലങ്ങളും ഇവര്‍ വിലയിരുത്തും.
അര്‍ബുദത്തിന്റെ സാഹചര്യത്തിന് അനുസരിച്ച് ഓരോ വ്യക്തിക്കും അനുയോജ്യമായ ചികിത്സ നല്‍കുന്നതിലൂന്നിയുള്ള സമ്മേളനത്തില്‍ കാന്‍സര്‍ ഇമ്മ്യൂണോതെറാപ്പിയില്‍ വിപ്ലവം സൃഷ്ടിച്ച നൊബേല്‍ സമ്മാന ജേതാവ് പ്രൊഫ. ജെയിംസ് ആലിസണ്‍ മുഖ്യ പ്രഭാഷണം നടത്തി.
യൂറോപ്പിന് പുറത്ത് ആദ്യമായി നടക്കുന്ന സമ്മേളനം പ്രതീക്ഷയേകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. യു എ ഇയിലെ ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മതിപ്പുളവാക്കുന്നതാണ്. ഇമ്മ്യൂണോ തെറാപ്പി ഉള്‍പ്പെടെയുള്ള ശരിയായ സംയോജന തന്ത്രങ്ങള്‍ ഉപയോഗിച്ച് കാന്‍സര്‍ ഭേദമാക്കാന്‍ കഴിയും. വിവിധ രാജ്യങ്ങളില്‍ പലതരത്തിലുള്ള കാന്‍സറുകള്‍ നിലനില്‍ക്കുന്നുണ്ട്. ലോകമെമ്പാടും എല്ലാം ഒരുപോലെയല്ലെന്ന് തിരിച്ചറിയുന്നത് ഈ രംഗത്ത് അത്യന്താപേക്ഷിതമാണ്. രോഗത്തെ കീഴടക്കണമെങ്കില്‍ നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്.
എന്താണ് ചികിത്സിക്കേണ്ടതെന്നും ആര്‍ക്കാണ് പ്രത്യേക മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സ നല്‍കേണ്ടതെന്നും മനസിലാക്കാന്‍ ഗവേഷണങ്ങളും ഡാറ്റ അടിസ്ഥാനമാക്കിയുള്ള സംയോജിത സമീപനവും സഹായിക്കും. രോഗനിര്‍ണയ സമയത്ത് രോഗിയെ നിരീക്ഷിക്കുക എന്നതാണ് ഏറെ പ്രധാനം. മരുന്നുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ ട്യൂമര്‍ തുടര്‍ച്ചയായി പരിശോധിക്കുകയും തുടര്‍ നടപടികള്‍ നിശ്ചയിക്കുകയും വേണം.
അബൂദബി ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അസ്മ അല്‍ മന്നായി, ജീനോമിക് മെഡിസിന്‍, പ്രിസിഷന്‍ ഓങ്കോളജി എന്നിവയ്ക്കുള്ള സര്‍ക്കാര്‍ പദ്ധതികള്‍ വിശദീകരിച്ചു.
അര്‍ബുദത്തെക്കുറിച്ചുള്ള ധാരണകളും പരിചരണവും നിലവിലെയും ഭാവിയിലെയും തലമുറയ്ക്കായി മെച്ചപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.
ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിന്‍ കണ്‍സോര്‍ഷ്യത്തില്‍ 18 രാജ്യങ്ങളില്‍ നിന്നുള്ള 31 ലോകോത്തര അക്കാദമിക് മെഡിക്കല്‍ സെന്ററുകള്‍, ഹെല്‍ത്ത് കെയര്‍ സംരംഭങ്ങള്‍, ഗവേഷണ സംഘടനകള്‍, പേഷ്യന്റ് അഡ്വക്കസി ഗ്രൂപ്പുകള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്. രണ്ടു ദിവസത്തെ സമ്മേളനത്തില്‍ ലോകമെമ്പാടുനിന്നുമുള്ള വിദഗ്ധര്‍ അര്‍ബുദ രോഗ പരിചരണത്തില്‍ വ്യക്തി കേന്ദ്രീകൃതമായ ചികിത്സയുണ്ടാക്കുന്ന മാറ്റങ്ങള്‍ പങ്കുവയ്ക്കുന്ന സമ്മേളനത്തില്‍ 30 രാജ്യങ്ങളില്‍ നിന്നുള്ള 500ല്‍ അധികം ഡോകട്ര്‍മാരും ഗവേഷകരും ശാസ്ത്രജ്ഞരുമാണ് പങ്കെടുക്കുന്നത്.





