Connect with us

Kerala

പെരിയ ഇരട്ടക്കൊല കേസ്; സിബിഐ കോടതി ഇന്ന് വിധി പറയും

കേസില്‍ വിധി പറയുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

Published

|

Last Updated

കാസര്‍കോട്| പെരിയ ഇരട്ടക്കൊല കേസില്‍ സിബിഐ കോടതി ഇന്ന് വിധി പറയും. 2019 ഫെബ്രുവരി 17ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. കേസില്‍ 270 സാക്ഷികളാണുള്ളത്. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് ആണ് കേസ് അന്വേഷിച്ചത്.

2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയില്‍ വിചാരണ ആരംഭിച്ചത്. 14 പേരായിരുന്നു ആദ്യം പ്രതിപട്ടികയിലുണ്ടായിരുന്നത്. ഇതില്‍ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് മറ്റ് പത്ത് പേരെ കൂടി പ്രതി ചേര്‍ത്തത്. കൃത്യത്തിന് ഗൂഢാലോചന നടത്തിയത് കേന്ദ്രീകരിച്ചായിരുന്നു സിബിഐ അന്വേഷണം.

യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി പീതാംബരന്‍ ഉള്‍പ്പെടെയുള്ളവരെ ആദ്യഘട്ടത്തില്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഉദുമ മുന്‍ എംഎല്‍എയും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, സിപിഐഎം നേതാക്കളായ രാഘവന്‍ വെളുത്തോളി, എന്‍ ബാലകൃഷ്ണന്‍, ഭാസ്‌കരന്‍ വെളുത്തോളി എന്നിവര്‍ കേസിലെ പ്രതികളാണ്.

കേസില്‍ വിധി പറയുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കല്ല്യോട്ട് പ്രദേശം ഉള്‍ക്കൊളളുന്ന പെരിയ വില്ലേജില്‍ പ്രകടനങ്ങള്‍ക്ക് വിലക്കുണ്ട്. കളക്ടറുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം നടന്നിരുന്നു. യോഗത്തില്‍ പെരിയയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ത്തതോടെ തീരുമാനം പിന്‍വലിക്കുകയായിരുന്നു.

 

 

 

---- facebook comment plugin here -----

Latest