Connect with us

Featured

വർണം ചോർന്നുപോയ മനുഷ്യർ

നിറങ്ങളുടെ പൂപ്പാടം തീര്‍ത്ത് കാഴ്ചക്കാരെയും ആവശ്യക്കാരെയും മനം കുളിര്‍പ്പിക്കുമ്പോഴും ഗ്രാമീണരായ നിര്‍ധന കര്‍ഷകര്‍ക്ക് പറയാനുള്ളത് നിറമില്ലാത്ത നഷ്ടക്കണക്കുകള്‍ മാത്രമാണ്.

Photo: Shutterstock

കേരളത്തെ തൊട്ടുരുമ്മുന്ന കര്‍ണാടകയിലെ വനത്തോട് ചേര്‍ന്ന് പൂപ്പാടങ്ങളുടെ വസന്തലോകമുണ്ട്. മാനത്തേക്ക് നോക്കി ഉദിച്ചുനില്‍കുന്ന സൂര്യകാന്തി പൂക്കളുടെയും ചെണ്ടുമല്ലി പൂക്കളുടെയും വര്‍ണഭംഗി ആസ്വദിക്കണമെങ്കില്‍ പൂക്കള്‍ വിരിയുന്ന കാലത്ത് ഗുണ്ടല്‍പേട്ടില്‍ ഒരിക്കലെങ്കിലും പോയിരിക്കണം. ചുട്ടുപൊള്ളുന്ന മണ്ണില്‍ വെയിലേറ്റ് വാടാതെ കര്‍ഷകര്‍ വെന്തുരുകി പൂക്കള്‍ മുതല്‍ പച്ചക്കറി വരെ വിളയിക്കുന്നു ഈ നിലത്തില്‍. എന്നാല്‍ നിറങ്ങളുടെ പൂപ്പാടം തീര്‍ത്ത് കാഴ്ചക്കാരെയും ആവശ്യക്കാരെയും മനം കുളിര്‍പ്പിക്കുമ്പോഴും ഗ്രാമീണരായ നിര്‍ധന കര്‍ഷകര്‍ക്ക് പറയാനുള്ളത് നിറമില്ലാത്ത നഷ്ടക്കണക്കുകള്‍ മാത്രമാണ്.

വയനാട് ജില്ലയില്‍ നിന്ന് ദേശീയപാത 766 വഴി ചുരം കയറി കേരളം വിട്ട് ബന്ദിപ്പൂര്‍ വനമേഖലയിലൂടെ സഞ്ചരിച്ചാല്‍ പൂപ്പാടങ്ങളുടെ മായിക പ്രപഞ്ചം തീര്‍ക്കുന്ന ഗുണ്ടല്‍പേട്ട് ഗ്രാമത്തിലെത്താം. മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് വൈവിധ്യങ്ങളുടെ നിറങ്ങള്‍ നല്‍കുന്നത് ഗുണ്ടല്‍പേട്ടിലെ ഈ പൂങ്കാവനമാണ്.

കര്‍ണാടകയിലെ ചാമരാജ്‌നഗര്‍ ജില്ലയിലെ കാര്‍ഷിക ഗ്രാമമായ ഗുണ്ടല്‍പേട്ടിലേക്കുള്ള യാത്രയും ആസ്വാദ്യകരമാണ്. റോഡുകളുടെ വിശാലതയും പാതയോരം ചേര്‍ന്നുള്ള പച്ചപ്പ് നിറഞ്ഞ മരങ്ങളും യാത്രകള്‍ക്ക് മനോഹാരിത പകരും. നിലമ്പൂര്‍- നാടുകാണി- ഗൂഢല്ലൂര്‍- മുതുമലൈ- ബന്ദിപ്പൂര്‍ വഴിയും ഇവിടേക്കെത്താം. ഇതുവഴി സഞ്ചരിക്കുന്നവര്‍ക്ക് രണ്ട് നാഷനല്‍ പാര്‍ക്കുകളും ഗൂഢല്ലൂര്‍ മലയോര പട്ടണവും കണ്ടാസ്വദിക്കാം.

മണ്ണിലലിഞ്ഞ് കര്‍ഷകര്‍

പുലര്‍ച്ചെ മുതല്‍ സന്ധ്യാസമയം വരെ നിലം ഉഴുത് മണ്ണിലലിഞ്ഞ് കര്‍ഷകര്‍ ഈ ഭൂമിയില്‍ തന്നെയുണ്ടാകും. നിലം ഉഴുതുമറിക്കാന്‍ കൂടെ കന്നുകാലികളും. കുത്തക കമ്പനികള്‍ നല്‍കുന്ന വിത്ത് പാകിയാണ് കര്‍ഷകര്‍ പൂപ്പാടങ്ങള്‍ ഒരുക്കുന്നത്. പൂവ് കുത്തക കമ്പനികള്‍ കൊണ്ടുപോകും. കിലോക്ക് അഞ്ച് രൂപയില്‍ താഴേ മാത്രമേ കര്‍ഷകര്‍ക്ക് ഇവര്‍ നല്‍കുന്നുള്ളൂ. ചിലപ്പോള്‍ രണ്ട് രൂപ വരെയായി കുറയും. എന്നാല്‍ ഇതേ പൂക്കള്‍ നഗരങ്ങളിലെത്തിച്ച് 200 രൂപക്ക് മുകളിലാണ് വില്‍പ്പന. കേരളത്തിലേക്കെത്തിച്ചാല്‍ ഇതിലും കൂടുതല്‍ ലാഭമെടുക്കും. ഓണം പോലെയുള്ള ആഘോഷങ്ങള്‍ക്ക് പൂക്കള്‍ക്ക് ഡിമാന്‍ഡ് കൂടിയാല്‍ വിലക്കയറ്റം പിന്നെ പറയുകയേ വേണ്ട.
സ്വന്തം ഭൂമിയില്‍ കഷ്ടപ്പെട്ട് കൃഷിയിറക്കിയാലും പാവപ്പെട്ട കര്‍ഷകര്‍ക്ക് ന്യായമായ വില കിട്ടുന്നില്ലെന്നതാണ് സത്യം. നഷ്ടങ്ങള്‍ സഹിച്ചും പട്ടിണിയും പരിവട്ടവും വക വെക്കാതെയും പിന്നെയും പൂപ്പാടങ്ങളിലിറങ്ങേണ്ടി വരുന്നത് ഉപജീവനത്തിന് മറ്റ് വഴികളില്ലാത്തത് കൊണ്ടാണെന്ന് ഗ്രാമീണ കര്‍ഷകര്‍ പറയും.

ഒരു വിള കൃഷി കഴിഞ്ഞാല്‍ മറ്റൊരു കൃഷിക്ക് ചെറിയ ഇടവേളയുണ്ടാകും. ഇക്കാലയളവിലാണ് പച്ചക്കറി കൃഷി ഇറക്കുന്നത്. ഉള്ളി, തക്കാളി, ഇഞ്ചി, മുളക്, വെളുത്തുള്ളി, ബീറ്റ്‌റൂട്ട്, കാബേജ്, വെള്ളരി തുടങ്ങിയ സകല പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. കടുകും നിലക്കടലയുമെല്ലാം കര്‍ഷകര്‍ ഈ പാടങ്ങളില്‍ വിളയിക്കുന്നു. പച്ചക്കറി വിളവെടുപ്പ് സമയമായാല്‍ കച്ചവടമുറപ്പിക്കാന്‍ മലയാളികളായിരിക്കും ആദ്യമെത്തുക. പച്ചക്കറികള്‍ക്കും കിലോക്ക് അഞ്ച് രൂപയില്‍ താഴെ മാത്രമേ കര്‍ഷകര്‍ക്ക് ലഭിക്കുകയുള്ളൂ. കര്‍ഷകരില്‍ നിന്ന് വിലപേശി അതിലും ചെറിയ തുകക്ക് ഇവ സ്വന്തമാക്കുന്നവരുമുണ്ട്. നാടാകെ പച്ചക്കറിക്ക് പൊള്ളുന്ന വിലയായാലും കര്‍ഷകര്‍ക്ക് കിട്ടുന്നത് ഇടനിലക്കാരുടെ നാണയത്തുട്ടുകള്‍ മാത്രമാണ്. ഉത്പാദന ചെലവ് വര്‍ധിച്ചാലും കൃഷിനാശമുണ്ടായാലുമെല്ലാം നഷ്ടം കര്‍ഷകര്‍ വഹിക്കണം.

നൊമ്പരമായി തക്കാളി കൃഷി

ഗുണ്ടല്‍പേട്ടിലെ ഗ്രാമങ്ങളില്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന പൂങ്കാവനത്തോട്ടങ്ങള്‍ക്കപ്പുറം കര്‍ഷകര്‍ക്ക് കണ്ണീര് നല്‍കി നശിച്ചുകിടക്കുന്ന തക്കാളിത്തോട്ടങ്ങളും കാണാം. ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളിലാണ് വിളവെടുപ്പ് മുടങ്ങിയതോടെ തക്കാളി നശിക്കുന്നത്. മൂന്ന് മാസം മുമ്പ് കുതിച്ചുയര്‍ന്ന തക്കാളി വില അപ്രതീക്ഷിതമായി കുത്തനെ ഇടിഞ്ഞത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഗുണ്ടല്‍പേട്ട് താലൂക്കില്‍ മഴ കനത്തതോടെ കൃഷിനാശം മുന്‍കൂട്ടി കണ്ട കര്‍ഷകര്‍ തക്കാളി മൊത്തത്തില്‍ കമ്പോളത്തിലെത്തിച്ചതാണ് വിലയിടിയാന്‍ കാരണമെന്നാണ് പറയുന്നത്. നിലവില്‍ ഗുണ്ടല്‍പേട്ട് എ പി എം സി മാര്‍ക്കറ്റില്‍ ഒരു കിലോഗ്രാം തക്കാളിക്ക് മൂന്ന് രൂപയാണ് വില. ഉയര്‍ന്ന വില കിട്ടുമെന്ന പ്രതീക്ഷയില്‍ ഒട്ടേറെ കര്‍ഷകര്‍ ഏക്കർ കണക്കിന് സ്ഥലത്ത് തക്കാളി കൃഷി ചെയ്തിരുന്നു. കൃഷി ചെയ്ത വകയില്‍ തന്നെ വലിയ നഷ്ടമാണ് കര്‍ഷകര്‍ നേരിട്ടത്. വിളവെടുപ്പ് നടത്തിയാല്‍ കൂലി നല്‍കി നഷ്ടം കൂടി ഉണ്ടാകുമെന്നതിനാല്‍ കൃഷിയിടങ്ങള്‍ക്ക് സമീപത്തെ റോഡരികില്‍ കര്‍ഷകര്‍ വന്‍തോതില്‍ തക്കാളി കഴിഞ്ഞാഴ്ച ഉപേക്ഷിച്ചിരുന്നു. സഞ്ചാരികള്‍ക്ക് വേണമെങ്കില്‍ തക്കാളി ആവശ്യത്തിന് പറിച്ചെടുക്കാം.
വിലക്കയറ്റം രൂക്ഷമായ സമയത്ത് കിലോക്ക് 60 രൂപ മുതല്‍ 75 രൂപ വരെ കര്‍ഷകര്‍ക്ക് കിട്ടിയിരുന്നതാണ് ഇപ്പോള്‍ രണ്ടും മൂന്നും രൂപയായി ഇടിഞ്ഞത്. പൊതു വിപണിയില്‍ കിലോക്ക് 120 രൂപ വരെയുയര്‍ന്ന തക്കാളി വില നിലവില്‍ പത്ത് രൂപയായി കുറഞ്ഞിട്ടുണ്ട്.

ഓണത്തിന് പൂക്കളൊരുങ്ങുന്നു….

കേരളത്തിലെ ഓണാഘോഷത്തിന് പൂക്കളം ഒരുക്കണമെങ്കില്‍ ഗുണ്ടല്‍പേട്ടിലെ കര്‍ഷകര്‍ മനസ്സ് വെക്കണം. മലയാളികള്‍ പൂ കൃഷിയില്‍ സ്വയം പര്യാപ്തത നേടാത്ത കാലത്തോളം ഓണം ഗുണ്ടല്‍പേട്ടിലെ പാവപ്പെട്ട കര്‍ഷകരുടെ കൂടി ആഘോഷമാണ്. ഓണത്തിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെ ഉദ്യാന പാടത്ത് പൂക്കള്‍ വിടര്‍ന്നുതുടങ്ങി. എന്നാല്‍ മണ്ണിലിറങ്ങി പണിയെടുക്കുന്ന കര്‍ഷകന് തുച്ഛമായ ലാഭം മാത്രമേ പൂ കൃഷിയില്‍ നിന്ന് ലഭിക്കുന്നുള്ളൂവെന്നതാണ് പരിതാപകരം. ഇടനിലക്കാര്‍ പൂക്കള്‍ കേരളത്തിലെത്തിക്കുമ്പോഴേക്കും വില അന്യായമായി വര്‍ധിപ്പിക്കും.

ഓണക്കാലത്ത് പച്ചക്കറികള്‍ക്കും പൂക്കള്‍ക്കും കച്ചവടക്കാര്‍ കൂടുതലെത്തുന്നതിനാല്‍ കര്‍ഷകര്‍ക്ക് നേരിയ തോതില്‍ ലാഭം ലഭിക്കും. ഉത്പന്നങ്ങള്‍ സ്വന്തമാക്കുന്നതിന് കച്ചവടക്കാര്‍ മത്സരിക്കുന്നതിനാല്‍ സാധാരണയെക്കാള്‍ കൂടിയ വിലക്കായിരിക്കും കച്ചവടമുറപ്പിക്കുക. ഇതാണ് ഗുണ്ടല്‍പേട്ടയിലെ പാവപ്പെട്ട ജന വിഭാഗങ്ങള്‍ക്കും ഓണാഘോഷം ഉത്സവമാകുന്നത്. പൂ ചെടിയുടെ വളര്‍ച്ചക്ക് വെള്ളം അത്യാവശ്യമാണ്. എന്നാല്‍ കാലവര്‍ഷം ശക്തിപ്പെട്ടാല്‍ വെള്ളം കയറി പാടേ നശിക്കുന്ന അവസ്ഥയാകും.

അലങ്കാരത്തിന് മാത്രമല്ല സൂര്യകാന്തിയും ജണ്ടുമല്ലിയും

ഗുണ്ടല്‍പേട്ടില്‍ കണ്ണെത്താ ദൂരത്ത് ഏക്കറുകണക്കിന് സൂര്യകാന്തിയുടെയും ജണ്ടുമല്ലിയുടെയും പാടങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതിന് കാരണങ്ങള്‍ പലതുണ്ട്. വെറും പൂക്കളമിടാനോ അലങ്കാര വസ്തുവായി ഉപയോഗിക്കാനോ മാത്രമല്ല ഇവ ഉപയോഗിക്കുന്നത്.
ഭക്ഷ്യ എണ്ണ ഉത്പാദിപ്പിക്കുന്നതിന് സൂര്യകാന്തിപ്പൂക്കള്‍ ഉപയോഗിക്കാറുണ്ട്. മറ്റുള്ള കാര്‍ഷിക വിളകളുടെ കീടങ്ങളുടെ ആക്രമണത്തെ തടയാനും സൂര്യകാന്തി ഉത്തമമാണെന്ന് കര്‍ഷകര്‍ പറയുന്നു. നെല്‍കൃഷിയുടെ പരാഗണത്തിനും സൂര്യകാന്തി പൂക്കളിലേക്ക് ആകര്‍ഷിച്ചെത്തുന്ന മിത്രകീടങ്ങള്‍ ഉപകരിക്കുമെന്നാണ് പഠനം. പൂക്കള്‍ മാത്രമല്ല, സൂര്യകാന്തിയുടെ തണ്ടും ഇലയും കായയുമെല്ലാം വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണമായി നല്‍കാനും സൂര്യകാന്തി ചെടികള്‍ ഉത്തമമാണെന്ന് അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ദ പ്രിവെന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സ് നടത്തിയ പഠനം കണ്ടെത്തിയിട്ടുണ്ട്.

സൂര്യകാന്തി മുളപൊട്ടി വരുന്ന സമയത്ത് മൈക്രോഗ്രീന്‍സ് ആയി ഉപയോഗപ്പെടുത്താം. ഇതില്‍ സിങ്ക്, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് തയ്യാറാക്കാന്‍ കറുത്ത ആവരണമുള്ള സൂര്യകാന്തിയുടെ വിത്തുകള്‍ 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവെച്ച് ചെറിയ പാത്രത്തില്‍ മണ്ണ് നിറച്ച് പാകിമുളപ്പിച്ചാല്‍ മതി. സൂര്യകാന്തിയുടെ വേരുകള്‍ ചെറുതായി നുറുക്കി ചൂടുവെള്ളത്തിലിട്ട് ചായയുണ്ടാക്കാന്‍ ഉപയോഗിക്കുന്നവരുണ്ട്. ഇളംതണ്ടുകള്‍ ചെറുതായി നുറുക്കി സലാഡില്‍ ചേര്‍ത്തും ഭക്ഷിക്കാം. അതുപോലെ തന്നെ ഇലകളും സലാഡില്‍ ഉപയോഗിക്കുന്നുണ്ട്. ഇലകള്‍ നന്നായി കഴുകി വൃത്തിയാക്കി ആവിയില്‍ വേവിച്ച് ചെറുനാരങ്ങാ നീരും ഉപ്പും കുരുമുളകും ചേര്‍ത്ത് ഉപയോഗിക്കാം. സൂര്യകാന്തിയുടെ ഇതളുകളും പൂര്‍ണമായും ഭക്ഷ്യയോഗ്യമാണെന്ന് പറയുന്നു. ഒരടി നീളത്തിലുള്ള തണ്ട് പൂവിനോടൊപ്പം ചേര്‍ത്തുനിര്‍ത്തി വേണം പൂക്കള്‍ വിളവെടുക്കാന്‍ പാകമായാല്‍ പറിച്ചെടുക്കേണ്ടത്.
നല്ലൊരു ഔഷധം കൂടിയായ ചെണ്ടുമല്ലി ചായങ്ങള്‍ക്ക് നിറം പകരാന്‍ വരെ ഉപയോഗിക്കാറുണ്ട്. ചര്‍മത്തിലുണ്ടാകുന്ന അലര്‍ജി, വ്രണങ്ങള്‍, പൊള്ളല്‍, ക്യാന്‍സര്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, അള്‍സര്‍, തിമിരം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ നിര്‍മിക്കാന്‍ ചെണ്ടുമല്ലി ഉപയോഗിക്കുന്നു. വസ്ത്രങ്ങള്‍ക്ക് നിറം നല്‍കുന്നതിനും പെയിന്റ് വ്യവസായത്തിനുംചെണ്ടുമല്ലി തേടി ഗുണ്ടല്‍പേട്ടിലേക്ക് കച്ചവടക്കാരെത്തുന്നുണ്ട്. കുരുമുളക് തോട്ടങ്ങളില്‍ ചെണ്ടുമല്ലി വളര്‍ത്തുന്നത് മഞ്ഞളിപ്പ് രോഗകാരണങ്ങളിലൊന്നായ നിമാവിരകളെ നശിപ്പിക്കാനും സഹായിക്കും.

കൃഷിയിറക്കി മലയാളികളും

ഓണാഘോഷം മുന്നില്‍ കണ്ട് ഗുണ്ടല്‍പേട്ടിലും പരിസര പ്രദേശങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തവണ മലയാളികളും പൂ കൃഷിയിറക്കിയിട്ടുണ്ട്. ഇടനിലക്കാരില്ലാതെ നേരിട്ട് കേരളത്തിലെത്തിക്കുന്നതിനാണ് മലയാളി കര്‍ഷകരുടെ ശ്രമം. ഏക്കര്‍ കണക്കിനു ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. വാഴയും വിവിധയിനം പച്ചക്കറികളും കൃഷി ചെയ്യുന്ന നിലമാണ് സുര്യകാന്തി കൃഷി ചെയ്യാനെടുത്തിരിക്കുന്നത്. എന്നാല്‍ വിത്ത് പാകിയതിന് ശേഷം വേണ്ടത്ര മഴ കിട്ടാത്തതിനാല്‍ കൃഷി കരിഞ്ഞുണങ്ങുന്ന അവസ്ഥയാണ്. വിളവെടുക്കുന്നതും സാമ്പത്തിക ബാധ്യതയാകുമെന്നതിനാല്‍ ചില കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചിട്ടുണ്ട്.

സഞ്ചാരികളുടെ പറുദീസ

സൂര്യകാന്തിയും ചെണ്ടുമല്ലിയും വിളയുന്ന പാടങ്ങള്‍ പൂത്തുലയുന്നതോടെയാണ് ഗുണ്ടല്‍പേട്ടിലേക്ക് കൂടുതൽ സഞ്ചാരികളെത്തുന്നത്. വയനാട് അതിര്‍ത്തി കഴിഞ്ഞ് 16 കിലോമീറ്റര്‍ ബന്ദിപ്പൂര്‍ വനമേഖല പിന്നിട്ടാല്‍ മദൂര്‍ മുതല്‍ പൂക്കളാല്‍ അലംകൃതമായ ഗുണ്ടല്‍പേട്ടിലെ പ്രകൃതി സുന്ദര പൂങ്കാവനം ആരംഭിക്കും. പിന്നെ 18 കിലോ മീറ്ററോളം ഗുണ്ടല്‍പേട്ട് വരെ റോഡിനിരുവശവും വിരിഞ്ഞുനില്‍ക്കുന്ന പൂപ്പാടങ്ങളാണ്. ഓറഞ്ചും മഞ്ഞയും വയലറ്റുമൊക്കെയായി നിറഭേദങ്ങളാല്‍ തീര്‍ത്ത പാടങ്ങള്‍ സന്ദര്‍ശകരുടെ മനം നിറക്കും.
ഗുണ്ടല്‍പേട്ടിന് ചുറ്റിലുമുള്ള പ്രദേശങ്ങളെല്ലാം നയനമനോഹര കാഴ്ചകളുടെ കേന്ദ്രങ്ങളാണ്. ബന്ദിപ്പൂര്‍ നാഷനല്‍ പാര്‍ക്ക്, മൈസൂരു, ഗോപാല സ്വാമിബേട്ട, മുതുമലൈ നാഷനല്‍ പാര്‍ക്ക്, കാടിന് നടുവിലെ ക്ഷേത്രമുള്‍ക്കൊള്ളുന്ന ബിലിഗിരി രംഗനാഥസ്വാമി കുന്ന്, സമീപത്തുള്ള ശിവന സമുദ്ര വെള്ളച്ചാട്ടം എന്നിവയെല്ലാം ഗുണ്ടല്‍പേട്ടിന്റെ ഇട്ടാവട്ടത്തില്‍ തന്നെയാണ്.

കൃഷിയിടത്തിലും പൂക്കളോടൊപ്പവും ഫോട്ടോയെടുത്തും പ്രകൃതി സൗന്ദര്യം ആസ്വദിച്ചും ആളുകളെത്തുന്നത് ഇവിടുത്തെ കൃഷിക്കാരുടെ മനവും നിറക്കും. കൃഷിത്തോട്ടങ്ങളില്‍ ഫോട്ടോയെടുത്തതിന്റെ സന്തോഷത്തിന് കര്‍ഷകര്‍ക്ക് നല്‍കുന്ന ചെറിയ പൈസയാണ് കര്‍ഷകരുടെ മറ്റൊരു സന്തോഷം.

 

Latest