Connect with us

Pathanamthitta

സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; പത്തനംതിട്ട ജില്ലയില്‍ 9,88,965 വോട്ടര്‍മാര്‍

ആക്ഷേപങ്ങളും അവകാശവാദങ്ങളും ഡിസംബര്‍ 11 വരെ

Published

|

Last Updated

പത്തനംതിട്ട |  സംസ്ഥാനത്ത് നടക്കുന്ന സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ നടപടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2027 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച പട്ടികയില്‍ ജില്ലയില്‍ 9,88,965 വോട്ടര്‍മാരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 5,15,778 സ്ത്രീകളും 4,73,183 പുരുഷന്മാരും നാല് തേര്‍ഡ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരുമാണ്.

നിയമസഭാ മണ്ഡലം തിരിച്ചുള്ള വോട്ടര്‍മാരുടെ എണ്ണം: തിരുവല്ല- 2,00,423 , റാന്നി- 1,77,454 , ആറന്മുള- 2,17,419 , കോന്നി- 1,90,584 , അടൂര്‍- 2,03,085. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണവും നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന 1,207 പോളിംഗ് സ്റ്റേഷനുകള്‍ക്കു പുറമേ അടൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഒരു പുതിയ പോളിംഗ് സ്റ്റേഷന്‍ കൂടി രൂപീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 1,208 ആയി. കരട് വോട്ടര്‍പട്ടിക സംബന്ധിച്ച് എന്തെങ്കിലും അവകാശവാദങ്ങളോ ആക്ഷേപങ്ങളോ ഉണ്ടെങ്കില്‍ ഡിസംബര്‍ 11 വരെ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. ഈ കാലയളവില്‍ ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും ഡിസംബര്‍ 28 നകം തീര്‍പ്പാക്കും. തുടര്‍ന്ന് എല്ലാ നടപടികളും പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും.

വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും ജില്ലയിലെ വില്ലേജ് തലങ്ങളില്‍ ഡിസംബര്‍ 11 വരെ ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും. വോട്ടര്‍മാര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തി കരട് വോട്ടര്‍പട്ടികയില്‍ തങ്ങളുടെ പേരും മറ്റ് വിവരങ്ങളും പരിശോധിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും ബന്ധപ്പെട്ട ബൂത്ത് ലെവല്‍ ഓഫീസറെയോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറെയോ സമീപിക്കാം. വിവരങ്ങള്‍ക്ക് ജില്ലാ ഇലക്ഷന്‍ വിഭാഗത്തിലെ 0468 2224256 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Content Highlights:Pathanamthitta district published its 2027 draft electoral roll featuring 9,88,965 voters across five assembly constituencies. Claims and objections can be submitted until December 11 via village-level help desks. The final voters list will be released on January 4, 2027.

 

Latest