Kerala
ഒരിടത്തും യാത്രക്കാരെ തടഞ്ഞിട്ടില്ല; അക്രമ സംഭവങ്ങള്‍ മാധ്യമ സൃഷ്ടി: എ വിജയരാഘവന്‍
രണ്ടു ദിവസത്തെ വരുമാനം നഷ്ടപ്പെടുത്തിയാണ് തൊഴിലാളികള്‍ ജനങ്ങള്‍ക്ക് വേണ്ടി സമരത്തിനിറങ്ങിയിട്ടുള്ളത്

തിരുവനന്തപുരം | പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരിടത്തും യാത്രക്കാരെ തടഞ്ഞിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. അക്രമ സംഭവങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്നും വിജയരാഘവന്‍ പറഞ്ഞു. ഒരിടത്തും യാത്രക്കാരെ തടഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ തടഞ്ഞിട്ടുണ്ടാകും.വളരെ സമാധാനപരമായിട്ടാണ് സമരം.
ആരും പരുക്കേറ്റ് ആശുപത്രിയില്‍ ഇല്ല. രണ്ടു ദിവസത്തെ വരുമാനം നഷ്ടപ്പെടുത്തിയാണ് തൊഴിലാളികള്‍ ജനങ്ങള്‍ക്ക് വേണ്ടി സമരത്തിനിറങ്ങിയിട്ടുള്ളത്. അതുകൊണ്ട് ഈ സമരത്തെ നമ്മള്‍ ആക്ഷേപിക്കാന്‍ പാടില്ല- വിജയരാഘവന്‍ പറഞ്ഞു.പണിമുടക്കിനോടനുബന്ധിച്ചുള്ള അക്രമങ്ങള്‍ പര്‍വതീകരിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടിയും പറഞ്ഞു. തൊഴിലാളികളുടെ പ്രയാസങ്ങളേയും ബുദ്ധിമുട്ടുകളേയും കാണാതെ ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു