Connect with us

Kerala

മുന്നറിയിപ്പില്ലാത്ത ട്രെയിൻ റദ്ദാക്കലിൽ വലഞ്ഞ് യാത്രക്കാർ

പാളത്തിലെ അറ്റക്കുറ്റപ്പണി മൂലമാണ് ട്രെയിനുകൾ മുടങ്ങുന്നത്

Published

|

Last Updated

കണ്ണൂർ | പാളത്തിലെ അറ്റക്കുറ്റപ്പണി കാരണം ട്രെയിൻ റദ്ദാക്കൽ വ്യാപകമായതോടെ വലഞ്ഞ് യാത്രക്കാർ. അടുത്തകാലത്തായി കേരളത്തിലൂടെ കടന്നുപോകുന്ന നിരവധി ട്രെയിനുകളാണ് തിരുവനന്തപുരം ഡിവിഷന് കീഴിലും പാലക്കാട് ഡിവിഷന് കീഴിലും റദ്ദ് ചെയ്തത്. പെട്ടെന്നുള്ള റദ്ദാക്കൽ കാരണം യാത്രക്കാർ ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. പലരും സ്റ്റേഷനിൽ എത്തുമ്പോൾ മാത്രമാണ് ട്രെയിൻ റദ്ദ് ചെയ്ത വിവരങ്ങൾ അറിയുന്നത്.
മാസങ്ങൾക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ട്രെയിൻ റദ്ദ് ചെയ്ത അറിയിപ്പ് ലഭിക്കുമ്പോൾ മറ്റു ട്രെയിനുകളിൽ റിസർവേഷൻ ലഭ്യമാകാത്തതും പ്രയാസമാവുകയാണ്. ഏപ്രിലിൽ മാത്രം നിരവധി ട്രെയിനുകൾ റദ്ദാക്കി. എല്ലാ കോച്ചുകളിലും റിസർവേഷൻ ചെയ്ത് പോകുന്ന ജനശതാബ്ദി ഉൾപ്പെടെ യാത്രാ തീയതിയുടെ ദിവസങ്ങൾക്ക് മുമ്പാണ് റദ്ദാക്കൽ വിവരം അറിയിക്കുന്നത്. പകരം യാത്രാ സംവിധാനം റെയിൽവേ ഏർപ്പെടുത്തുന്നുമില്ല. വിവിധ ജോലിക്കുള്ള അഭിമുഖം, പി എസ്‌ സി പരീക്ഷ, ആശുപത്രി യാത്രകൾ തുടങ്ങി മുൻക്കൂട്ടി ആസൂത്രണം ചെയ്ത യാത്രക്കാരാണ് റദ്ദ് ചെയ്യുന്നതോടെ പ്രതിസന്ധിയിലാകുന്നത്.

ടിക്കറ്റിന്റെ പണം തിരിച്ചു വാങ്ങാൻ വീണ്ടും റിസർവേഷൻ കേന്ദ്രത്തിൽ പോകേണ്ടിവരുന്നതും പ്രയാസമായിരിക്കുകയാണ്. പലരും തിരക്ക് കാരണം റീ ഫണ്ടിംഗിനായി റിസർവേഷൻ കേന്ദ്രങ്ങളിൽ വരാത്തത് വഴി റെയിൽവേക്ക് വലിയ തുകയാണ് ലഭിക്കുന്നത്.

മാസങ്ങൾക്ക് മുമ്പ് റിസർവ് ചെയ്താൽ മാത്രമേ ടിക്കറ്റ് ലഭിക്കൂ എന്നതിനാൽ പലരും നേരത്തേ റിസർവ് ചെയ്യുന്നവരാണ്. ടിക്കറ്റ് ബുക്കിംഗ് സമയത്ത് യാത്രാ തടസ്സത്തെ കുറിച്ചൊന്നും പറയാതെ പെട്ടെന്ന് റദ്ദ് ചെയ്യുന്ന സംഭവം ആവർത്തിക്കുന്നത് റെയിൽവേയുടെ ആസൂത്രണ പിഴവിന്റെ കൂടി സൂചനയാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. നേരത്തേ അടിയന്തര ഘട്ടങ്ങളിൽ മാത്രമാണ് ട്രെയിൻ റദ്ദ് ചെയ്യാറുണ്ടായിരുന്നത്.

എന്നാൽ, മുന്നറിയിപ്പില്ലാതെയുള്ള സമീപകാല റദ്ദാക്കലുകൾ യാത്രക്കാർക്ക് റെയിൽവേയിൽ വിശ്വാസം നഷ്ടപ്പെടുന്ന രൂപത്തിലാണ്.