National
രണ്ടാം ക്ലാസുകാരിയായ മകളെ അടിച്ച അധ്യാപകനെ ഓടിച്ചിട്ടു തല്ലി മാതാപിതാക്കള്‍
സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളായ സെല്‍വിയെയും ശിവലിംഗത്തെയും പോലീസ് അറസ്റ്റ് ചെയ്തു.

ചെന്നൈ| രണ്ടാം ക്ലാസുകാരിയായ മകളെ അടിച്ചെന്നാരോപിച്ച് അധ്യാപകനെ ഓടിച്ചിട്ടു തല്ലി മാതാപിതാക്കള്‍. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം.
സ്വകാര്യ സ്‌കൂളിലെ അധ്യാപകനായ ആര്‍ ഭരതിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളായ സെല്‍വിയെയും ശിവലിംഗത്തെയും പോലീസ് അറസ്റ്റ് ചെയ്തു.
അധ്യാപകന്‍ അടിച്ചുവെന്ന കുട്ടിയുടെ പരാതി കേട്ടാണ് സെല്‍വിയും ശിവലിംഗവും സ്‌കൂളിലെത്തിയത്. ക്ലാസ് മുറിയില്‍ അതിക്രമിച്ച് കയറിയ ഇവര്‍ അധ്യാപകനെ ആക്രമിക്കുകയായിരുന്നു. ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. സ്‌കൂളിന് ചുറ്റും ഇവര്‍ ഇയാളെ ഓടിക്കുന്നുണ്ട്. കുട്ടിയെ തല്ലാന്‍ നിങ്ങള്‍ക്കാര് അധികാരം തന്നു എന്ന് ചോദിച്ചു കൊണ്ടാണ് സെല്‍വി ഭരതിനെ മര്‍ദിക്കുന്നതെന്ന് വീഡിയോയില്‍ കാണാം.