prathivaram coverstory
വന്നേരിനാട്ടിലെ പപ്പടപ്പെരുമ
ചരിത്രത്തിലൊന്നുമില്ലാത്ത പ്രാന്തവത്കൃതരുടെ രേഖപ്പെടുത്താതെപോയ ഒരു സാംസ്‌കാരിക തൊഴിൽഭൂമിക വന്നേരിനാട്ടിൽ അലഞ്ഞുകിടപ്പുണ്ട്. കേരളത്തിന്റെ എല്ലായിടങ്ങളിലും പപ്പടത്തൊഴിലാളികൾ വന്നേരി നാട്ടുകാരാണ്. മാറഞ്ചേരിക്കാരനോ പുന്നയൂർക്കുളത്തുകാരനോ ആണ്.
മലയാളിയുടെ ആഹാരചരിത്രത്തിന്റെ ഇത്തിരി സമൃദ്ധിയുടെ ഇലപ്പുറത്തെ ഞെട്ടില്ലാത്ത വട്ടയിലയാണ് പപ്പടം. കേരളത്തിന്റെ ജ്യാതീ വ്യവസ്ഥയിൽ പപ്പടവും പപ്പടത്തൊഴിലാളികളും എങ്ങനെയാണ് കയറിപ്പറ്റിയത് എന്ന് ലന്തൻ ബത്തേരിയിലെ ലുത്തിയിനകൾ എന്ന നോവലിൽ എൻ എസ് മാധവൻ ഇങ്ങനെ പറയുന്നു. “ഞാൻ ജന്മനാ കൊങ്ങിണിയല്ലേ നിങ്ങള് സ്‌കൂളിലും ഉത്സവപറമ്പിലും നാടകം കളിച്ച് തിരുമൽ ദേവാന്നും പണ്ടാറമടങ്ങാനും എന്നൊക്കെ പറയിപ്പിച്ച് കൊങ്ങിണിയെ ഒരു ചിരിപ്പിക്കുന്ന പരദേശി ആക്കിയില്ലേ ഒരു നിർദോഷി. ഗോവയിലെ ക്രിസ്ത്യൻനവോത്ഥാന ശ്രമങ്ങൾ പോർച്ചുഗീസുകാരെ ആട്ടിയോടിച്ചു. മതദ്രോഹവിചാരണ മറ്റു മതങ്ങളെയും വെറുതെ വിട്ടില്ല. കൊച്ചിയിലേക്ക് ഗോവയിൽ നിന്നും പണക്കാരായ കൊങ്ങിണി ബ്രാഹ്മണന്മാർ ചെട്ടികൾ – ഒളിച്ചോടി. ഗോവ അസ്തമിച്ചു. കൊച്ചിയും മക്കാവും പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ പ്രമുഖ നഗരങ്ങളായി. ഗോവയിൽ നിന്നും ഓടിവന്നവരുടെ കൂട്ടത്തിൽ നിർധനരായ കൊങ്ങിണികൾ പപ്പടസ്വാദ് അറിയിച്ചു. പിന്നെ പപ്പടമുണ്ടാക്കുന്ന തൊഴിലുമായി അവർ കൊച്ചിയിലെ ജാതീ വ്യവസ്ഥയിൽ കയറിപ്പറ്റി’.
പപ്പടം വൃത്തിയുള്ള വട്ടമായി കുടിലിലും കൊട്ടാരത്തിലും പുതുരുചികളിലും പോള്ളിച്ച് പെരുമയോടെ മലയാളിത്തത്തെ കുമ്പിട്ട് ഇപ്പോഴും വണങ്ങി നിൽക്കുന്നു. പപ്പടമില്ലാത്ത ഒരു നേരത്തെ ഊണ് മുണ്ടുടുക്കുന്ന മലയാളിയുടെയും മുല്ലപ്പു ചൂടുന്ന മലയാളിമങ്കയുടെയും കേരളീയമായ പ്രഥമ ദൃഷ്ടാന്തങ്ങളിൽ ഒന്നല്ല; ഒന്നാമത്തേതുകൂടിയാണ്. ഭാഷയും സംസ്‌കാരവും ജനതതന്നെയും വ്യക്തിത്വമില്ലാത്ത തലയില്ലാത്ത വെറും ഉടലുകളായി പരസ്യകമ്പോളത്തിന്റെ ചുണ്ടയാകുമ്പോഴും മലയാളിയുടെ അരമുറിത്തേങ്ങയുടെ നിലാമുറ്റത്ത് അമ്പിളിവട്ടത്തിൽ ഒരു പപ്പടം ചിരിതൂകി നമ്മെ പ്രതീക്ഷിച്ച് ഏത് പാതിരാത്രിയിലും ഉറക്കമൊഴിച്ച് കാത്തിരിപ്പുണ്ടാകും.
ഭാഷാന്തരീകരണത്തിന് പിടിതരാതെ മലയാളീസ്വത്വത്തെയും കേരളീയതയെയും നെഞ്ചിൽ ചേർത്ത് പപ്പട് എന്ന പപ്പടം ഡിക്്ഷണറികളിലും ഈ ഭാഷയെ ആത്മാഭിമാനത്തോടെ ഉയർത്തിക്കാട്ടുന്നു. പപ്പടം നമ്മുടെ ഭക്ഷണരീതികളുടെ പരമ്പരാഗത ഇലവട്ടത്തിലെ പൊള്ളയായ ഒരു യാഥാർഥ്യമാണ്. തൊട്ടാൽ പൊട്ടുന്ന ഈ പൊടിമൂപ്പൻ ആഗോളവത്കരണാനന്തരമുള്ള തന്റെ മൃദുമേനിയുമായി പുതുകാല മനസ്സിന്റെ പ്രതീകമായി നിലകൊള്ളുന്നു. പരിണാമത്തിന്റെ അനുസ്യൂത പ്രയാണത്തിൽ ഹോമോ സാപ്പിയൻ എന്ന ഇരുകാലിയിൽ നിന്നും വർഷങ്ങളുടെ കുത്തിയൊഴുക്കിലൂടെ വിർച്ചൽ റിയാലിറ്റിയിലൂടെയും ഇൻർനെറ്റ് കിസ്സുകൾക്കുമിടയിൽ അഭിരമിക്കുന്ന മനുഷ്യന് കൈമോശം വന്നിരിക്കുന്നത് ദൃഢതയുള്ള അവന്റെ മനസ്സാണ്. മനസ്സിന്റെ ദൗർബല്യമാണ് മലയാളി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
പപ്പടത്തിന്റെ ദുർബലമേനി പുതുവായനകളായി കാർഷിക തകർച്ചയുടെ തിളച്ച വെളിച്ചെണ്ണയിൽ വീർത്ത് വീർത്ത് പൊള്ളച്ച് ഏതൊക്കെയോ പല്ലിടുക്കിൽ അരഞ്ഞ് മണ്ണോട് ചേരുകയാണ്. ഏതു തിളച്ചുമറിയലിനെയും പ്രതിരോധിച്ച് ഒരു പപ്പടവടയാകാൻ നമ്മുടെ മനസ്സുകൾക്ക് എന്നു കഴിയും?
ചില ദേശക്കാർ ചില പ്രത്യേക തൊഴിൽ മേഖലകളിൽ വിദഗ്ധരാണ്. തലശ്ശേരിക്കാരുടെ ഹോട്ടലുകൾ, കോഴിക്കോടിന്റെ ഹൽവയും ബിരിയാണിയും ആറന്മുള കണ്ണാടി, കാവാലം ചുണ്ടൻ വള്ളങ്ങൾ. സാഹിത്യത്തിനും സംസ്‌കാരത്തിനും പേരുകേട്ട വന്നേരിനാട് രേഖപ്പെടുത്തിയ സാംസ്‌കാരിക മുദ്രകളിലൂടെയും ചരിത്രമുഹൂർത്തങ്ങളിലൂടെയും കേരളീയ സമൂഹത്തിൽ ഇടം നേടിയിട്ടുണ്ട്. എം ആർ ബിയും പ്രേംജിയും ഏവരെയും മനുഷ്യനാക്കാൻ ഇറങ്ങിത്തിരിച്ച സാമൂഹിക പരിഷ്കർത്താക്കളാണെങ്കിൽ നാലപ്പാട്ടെ നാരായണമേനോനും ബാലാമണിയമ്മയും, മാധവിക്കുട്ടിയും സാഹിത്യത്തിലും , ചിത്രകലയിൽ കെ സി എസ് പണിക്കരും വന്നേരിയുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ വിളക്ക് ഏന്തിയവരാണ്. ഉമർ ഖാസിയും മുസ്്ലിം നവോത്ഥാനത്തിന്റെ പതാകവാഹകരും. ഇവർക്കൊക്കെ ചരിത്രത്തിന്റെ കൈയൊപ്പുമുണ്ട്. എന്നാൽ ചരിത്രത്തിലൊന്നുമില്ലാത്ത പ്രാന്തവത്കൃതരുടെ രേഖപ്പെടുത്താതെപോയ ഒരു സംസ്‌കാരിക തൊഴിൽഭൂമിക വന്നേരിനാട്ടിൽ അലഞ്ഞുകിടപ്പുണ്ട്.
കേരളത്തിന്റെ എല്ലായിടങ്ങളിലും പപ്പടത്തൊഴിലാളികൾ വന്നേരി നാട്ടുകാരാണ്. മാറഞ്ചേരിക്കാരനോ ഒരു പുന്നയൂർക്കുളത്തുകാരനോ ആണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാനാവിധ സംസ്ഥാനങ്ങളിൽ വിദേശരാജ്യങ്ങളിൽ മലയാളി നിലനിൽപ്പിനായി ഊരും വേരും ഉപേക്ഷിച്ച് പ്രവാസത്തിന്റെ വിരഹക്കനി തിന്ന് നരച്ച കുട ചൂടി താവളമുറപ്പിച്ച ഇടങ്ങളിലെല്ലാം അവന്റെ രസനകളെ താലോലിക്കാനും പൊടിപടലങ്ങളുടെ വരണ്ടകാറ്റുമായി പപ്പടത്തിന്റെ രസതന്ത്രവും പേറി അലഞ്ഞു നടന്ന ഫക്കീറന്മാരിൽ ഏറെയും വന്നേരിയിലെ കാറ്റുവീഴ്ച ബാധിച്ച തെങ്ങുകളായിരുന്നു. പ്രവാസത്തിന്റെ കുട ചൂടിപ്പോയ പപ്പടത്തൊഴിലാളികളുടെ ചരിത്രം ഗൾഫ് കുടിയേറ്റത്തിന്റെ സൗരഭ്യഭാരത്തിലും നമ്മുടെ നാട്ടിൽ ഈരോടു പൊടിയുടെ ധവളപത്രത്തോടൊപ്പം തീരെ ദൂർബലമല്ലാത്ത ഒരു സമാന്തര സമ്പദ്്വ്യവസ്ഥയും സൃഷ്ടിച്ചിട്ടുണ്ട്.
നാം കുടിയേറിയ ഇടങ്ങളിൽ നമ്മുടെ ഇഷ്ടവിഭവമായ പപ്പടവും അനാർഭാടം യാത്രയായി. അവ നെയ്‌തെടുക്കാനായി പപ്പടത്തൊഴിലാളികളും. കേരളത്തിൽ നിന്നും ഗൾഫ് കുടിയേറ്റം ആരംഭിച്ച എഴുപതുകളിൽ എൻ ഒ സിയും കൈയിലേന്തി മുംബൈ മഹാ നഗരത്തിലെത്തുന്നവർക്ക് താങ്ങും തണലുമായിരുന്നത് മുഹമ്മദാലി റോഡിൽ സീനത്ത് പപ്പടകമ്പനി നടത്തിയിരുന്ന വന്നേരിക്കാരൻ എരമംഗലം ചപ്പയിൽ കുഞ്ഞദ്രുവായിരുന്നു. കള്ളലോഞ്ചിൽ മുംബൈയിൽ നിന്നും അറേബ്യൻ ഗൾഫിലേക്ക് ജബൽദാനവഴി കുടിയേറാൻ ഒരുങ്ങുന്നവരും കുഞ്ഞദ്രുവിന്റെ വിരുന്നുകാരായി ആ ലാവണത്തിൽ അന്തിയുറങ്ങിയിട്ടാണ് ഇരുട്ടുറങ്ങുന്ന ലോഞ്ചറുകളിലേക്ക് ധ്യാനസ്ഥരായി ഇറങ്ങുന്നത്.
ചപ്പയിൽ കുഞ്ഞദ്രുവിന്റെ പപ്പടക്കമ്പനി
1940 കളിലാണ് പപ്പടത്തിന്റെ ഉരുട്ടു വിദ്യകളെല്ലാം മൈദ മാവിലും ഉഴുന്നു മാവിലും നാട്ടിൽ നിന്ന് പഠിച്ചെടുത്ത വന്നേരിനാട്ടുകാരനായ എരമംഗലം കുഞ്ഞദ്രു ബോംബെ യിലെത്തുന്നത്. ആദ്യം ചെറിയ ഒരു പപ്പടക്കട തുടങ്ങി. ബോംബെയിലെ മുഹമ്മദലി റോഡിൽ. പപ്പടമില്ലാതെ ചോറ് ഇറങ്ങാത്ത എന്തിനും ഏതിനും പപ്പടം പൊരിച്ചും ചുട്ടും കഴിക്കുന്ന മലയാളികൾ തന്നെയായിരുന്നു പ്രധാന ഉപഭോക്താക്കൾ. വാക്കിലെ സത്യസന്ധതയും കൃത്യതയും വിശ്വസ്തതയും കുഞ്ഞദ്രുവിന്റെ ഇടപാടിനെ ഐശ്വര്യമുള്ളതാക്കി. സീനത്ത് പപ്പടക്കമ്പനിക്ക് വെച്ചടി വെച്ചടി കേറ്റമായിരുന്നു. ബോംബെയിൽ വളർന്ന് പന്തലിച്ച സീനത്ത് പപ്പടക്കമ്പനിക്ക് വിദേശത്തേക്കും ഓർഡർ ലഭിക്കാൻ തുടങ്ങി. ഗൾഫ്, സിങ്കപ്പൂർ ഇടങ്ങളിൽ ചരക്കുമായി വരുന്ന ലോഞ്ചുകളിലും കാലിയായി തിരിച്ചുപോകുമ്പോൾ സീനത്ത് പപ്പടവും കയറിപ്പോകാൻ തുടങ്ങി. പത്തിരുപത് വർഷങ്ങൾ കഴിഞ്ഞപ്പോൾ ചെറിയ ഒരു മുതലാളിയായി മാറി കുഞ്ഞദ്രു. 1960 കളോടെ നാനൂറ് പേർ പണിയെടുക്കുന്ന ഒരു പപ്പട വ്യവസായി ആയി മാറി കുഞ്ഞദ്രു. ഇതിനകം മുതലാളിയുടെ നാട്ടുകാരായ വന്നേരിക്കാർ ഒരുപാട് പേർ മുഹമ്മദലി റോഡിലേക്ക് വണ്ടികയറി. നാട്ടിലെ പല ജന്മിമാരുടെ ഏക്കറ് കണക്കിന് പറമ്പുകളും പുഞ്ചപ്പാടങ്ങളും ഈ ബോംബെ പപ്പടമുതലാളി തീരെഴുതി വാങ്ങി.
1970 കളോടെ എരമംഗലത്ത് രണ്ട് നിലയുള്ള വാർപ്പ് പെരയുണ്ടാക്കി ഈ പപ്പടക്കാരൻ. നാല് ഏക്കർ പുരയിടത്തിൽ സുന്ദര സുജായി യായി കുഞ്ഞദ്രുവിന്റെ പെര മണ്ണൂപ്പാടത്തിന് എതിരായി ഗ്രാമത്തിന്റെ അഭിമാന സ്തംഭമായി നിലകൊണ്ടു. നാട്ടിൽ കുഞ്ഞദ്രുവിന് നിലയും വിലയുമുണ്ടായി. പപ്പടം ഉണ്ടാക്കിക്കൊടുത്ത പദവി. സൂരി തുണിക്ക് മേലെ പച്ച അരപ്പട്ട കെട്ടിയ കുഞ്ഞ ദ്രുവിന്റെ ബെൽറ്റ് നിറയെ നൂറിന്റെ നോട്ടുകൾ കിടന്ന് പൊട്ടിച്ചിരിച്ചു. പപ്പടം പോലെ ദുർബല ചിത്തനായ ആ മുതലാളിയുടെ ലാവണത്തിലേക്ക് അറുപതുകളുടെ അന്ത്യത്തോടെ പൊന്നാനിയിൽ നിന്ന് ഗൾഫ് കുടിയേറ്റക്കാരുടെ ഒഴുക്ക് തുടങ്ങി. ഗൾഫ് ആയിരുന്നു അവരുടെ സ്വപ്്നം. കരകാണാക്കടലു തേടി ബോംബെയിൽ വന്നിറങ്ങിയവർക്ക് താങ്ങും തണലും താവളവുമായത് സീനത്ത് പപ്പടക്കമ്പനിയുടെ മാവിൻ പൊടിപുരണ്ട ലാവണങ്ങളായിരുന്നു. കള്ള ലോഞ്ച് കാത്ത് കരയിലിരുന്നവർക്ക് കുഞ്ഞദ്രു കഞ്ഞിയും പൊരിച്ച പപ്പടവും രണ്ട് നേരത്തെ പപ്പടം കുട്ടിയുള്ള ഊ ണും നൽകി.
പപ്പടത്തൊഴിലാളികളുടെ ഇരുട്ടു മുറികളിൽ കള്ള ലോഞ്ചിൽ അബൂദബിയിലും ദുബൈയിലേക്കുള്ള മുസാഫിറുകളായി രുന്നു. വിസയും പാസ്സ്പോർട്ടുമില്ലാത്ത തിരസ് കൃതരുടെ ജലപാതകൾ. എല്ലാത്തിനും കാരണഭൂത ൻ പൊടി മൂപ്പനായ പപ്പടവും കാര്യണ്യത്തിന്റെ ഉരുട്ടു ശാസ്‌ത്രമറിയുന്ന കുഞ്ഞദ്രുവെന്ന പപ്പടക്കച്ചവടക്കാരനും. 1975 കൾ വരെ തിരസ്‌കരിക്കപ്പെട്ട മലയാളിയുടെ ഗൾഫ് കുടിയേറ്റത്തിന്റെ അനൗദ്യോഗിക എമിഗ്രേഷൻ ഓഫീസായി സീനത്ത് പപ്പടക്കമ്പനി 1960 കളോടെ ജന്മിത്വത്തിന്റെയും ജാതി വ്യവസ്ഥയുടെയും അന്ത്യം കണ്ട കേരളീയ സമൂഹത്തിനു മുന്നിൽ തൊഴിലില്ലായ്മ ഒരു വലിയ ശാപമായി മാറിയപ്പോൾ ഭൂപരിഷ്‌കരണം സമ്മാനിച്ച 10 സെന്റിന്റെ പട്ടയമൂലധനവും മനസ്സിലെ അടങ്ങാത്ത ജീവിതാവേശവും കേരളത്തിൽ നിന്നും അവനെ പുറത്തുപോകാൻ പ്രേരിപ്പിച്ചു.
യാഥാർഥ്യങ്ങളുടെ കടുപ്പമേറിയ കാരം രുചിച്ചവർ കൂടുതൽ അരുചന്തമുള്ള ഒരു ജീവിതം കെട്ടിപ്പടുക്കാൻ പപ്പടനിർമാണത്തിന്റെ ഉരുട്ടുവിദ്യയുമായി കോലും പലകയുമേന്തി എങ്ങോട്ടൊക്കെയോ യാത്രയായി. മുംബൈയിലും ഹൈദരാബാദിലും മദിരാശിയിലും ഗൾഫ് നാടുകളിലും വന്നേരിനാട് നവ സൗരഭ്യങ്ങൾക്ക് കുറുകെ കട്ടുപൊടിയുടെയും ഉഴുന്നുമാവിന്റെയും ചാക്കു കെട്ടഴിച്ചു. മന്തിനോടും കല്ലിനോടും പഞ്ചപിടിച്ച് വെയിലിന്റെ വരണ്ട ഭൂതലങ്ങളിലൂടെ പപ്പടത്തിന്റെ കവിത രചിക്കാൻ തുടങ്ങി.
ഒരു നേരത്തെ അമേരിക്കൻ ഉപ്പുമാവിനു വേണ്ടി മാത്രം സ്കൂളിൽ പോയിരുന്നവരിൽ പലരും നാലാം ക്ലാസ്സിലും ആറാം ക്ലാസ്സിലും പഠനമുപേക്ഷിച്ച് വെയിലിലിറങ്ങി. കൊട്ടൻ വെയിലിന്റെ ഉഷ്ണജ്വാല ഉരുക്കുന്ന ഉച്ചകളിൽ പപ്പടം ഉണക്കാനായിരുന്നു. ഭക്ഷണം അമൂല്യമായിരുന്നവരുടെയും ഉച്ചക്കഞ്ഞിയും പൂളക്കിഴങ്ങും ഉടമുണ്ടുമുറുക്കിയ ബാല്യങ്ങളുടെയും കുഞ്ഞിളം കൈകളിൽ അഞ്ചിന്റെയും പത്തിന്റെയും നോട്ടുകൾ പൊട്ടിച്ചിരിച്ചു. അറമുഖൻ, രാജൻ, ബാലൻ, മമ്മദ്, സുലൈമാൻ… കുറ്റിപ്പുറത്തു നിന്നും രാജ്യത്തിന്റെ തെക്കോട്ടും വടക്കോട്ടും നീണ്ട റെയിൽ പാളങ്ങളിലൂടെ മുംബൈ മജകൾ കണ്ടും മദിരാശി പുക്കൾ മണത്തും പപ്പടമുണ്ടാക്കി. 1970 തുകളിലും 80 തുകളിലും കുറേയേറെ ബാല്യങ്ങൾ പപ്പടത്തിന്റെ ലോകത്തേക്ക് എടുത്തെറിയപ്പെട്ടിട്ടുണ്ട്.
അന്നൊന്നും കോളജുകളിൽ ഇത്രയധികം സ്വാശ്രയ പേമം സൃഷ്ടിക്കപ്പെട്ടിരുന്നില്ല. ഐ ടി ലോകത്തിന്റെ മാന്ത്രിക വാതായനങ്ങളോ മൊബൈൽ ഫോണിന്റെ ആയുസ്സ് മുഴുവൻ സംസാരിക്കാവുന്ന പോസ്റ്റ് പെയ്ഡ് കാർഡുകളോ നിറഞ്ഞിരുന്നില്ല. ഇത്രയധികം വർത്തമാനപത്രങ്ങളോ ചാനലുകൾ പരത്തുന്ന പരദൂഷണ അപവാദ വ്യവസായങ്ങളും നാടിനെ മലിനമാക്കിയിരുന്നില്ല. ബേക്കറികളും ജിംനേഷ്യങ്ങളും കോഴിക്കച്ചവടവും പെരുകിയിരുന്നില്ല. അയൽപക്ക സൗഹൃദങ്ങളും കൂട്ടായ്മകളിലൂടെ രൂപം കൊണ്ടിരുന്ന കല്യാണ ശ്രമങ്ങൾ കേറ്ററിംഗ് സർവീസിന്റെ കച്ചവട പരിധിയിലേക്ക് വഴിമാറിയിരുന്നില്ല. ചുട്ടപപ്പടവും കഞ്ഞിയും ചമ്മന്തിയും ആയിരുന്നെങ്കിലും, മതിലുകളും ഗെയിറ്റുകളും അപരിചിതരായ പരിചിതരും ഇത്ര പെരുകിയിരുന്നില്ല. ഇടവഴികളും നാട്ടു മാവുകളും ചിരിച്ചിരുന്ന ഒരു കാലം. ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ വന്നേരിനാട്ടുകാർ സൃഷ്ടിച്ചെടുത്ത ഗുരുവായൂർ പപ്പടം പേരും പെരുമയും നേടിയിരുന്നു. പപ്പട നിർമാണം ഒരുപാട് അപ നിർമാണത്തിലൂടെ രൂപാന്തരത്വം പ്രാപിക്കുന്ന നിർമാണമേഖലയാണ്. യന്ത്രവത്കരണം വന്നിട്ടും മനുഷ്യരുടെ കരസ്പർശത്തിലൂടെ രൂപപ്പെടുന്ന പപ്പടത്തിന്റെ വൃത്തിയും വെടിപ്പും രൂപഭദ്രതാവാദവും ഇനിയും യന്ത്രങ്ങൾക്ക് പ്രദാനം ചെയ്യാൻ ആയിട്ടില്ല.
പപ്പടം വളരെ നിർണായകമായ ഒരു രാഷ്ട്രീയത്തെ മുന്നോട്ട് വെക്കുന്നുണ്ട്. അത് സംഘടിത തൊഴിലാളിയുടെ അവകാശബോധ രാഷ്ട്രീയമോ സ്ഥിതി സമത്വത്തിന്റെ സോഷ്യലിസ്റ്റ് രാഷ്ട്രീയമോ അല്ല. ആഗോളവത്കരണത്തിന്റെ പുതു രുചികൾക്കായി നമ്മുടെ നാവുമരങ്ങളെ നിശബ്ദമാക്കി ഒരു മൗനരാഷ്ട്രീയത്തിന്റെ മുഴക്കം പെരുകുമ്പോളും വർണനിറങ്ങളിൽ പലപല ഭാവങ്ങളിൽ അധിനിവേശത്തിന്റെ പോളകൾ ന്യൂഡിൽസായും കെന്റ്കി ഫ്രൈഡ് ചിക്കനായും നമ്മുടെ പരമ്പരാഗത രുചികളെ അട്ടിമറിക്കുമ്പോഴും പപ്പടം ഉയർത്തുന്ന കേരളീയമായ ചെറുത്തുനിൽപ്പ് പ്രധാനമാണ്. മലയാളിയുടെ തനത് മുദ്രയായി പപ്പടം തുടരേണ്ടതുണ്ട്. അസംഘടിതവും നിശബ്ദവുമായ ഈ തൊഴിൽ മേഖലയിൽ കേരളീതയുടെ സ്വത്വം പൊള്ളിച്ച് നിൽക്കുന്നുണ്ട്. ആ തെളിച്ച കേരളീയത്തിൽ അടിമുടി പൂത്തുലഞ്ഞു പപ്പടം പുളകമണിയട്ടെ. മലയാളത്തോടൊപ്പവും മുണ്ടിനോടൊപ്പവും തിളയ്ക്കുന്ന വെളിച്ചെണ്ണയിൽ പപ്പടം വളരേണ്ടതുണ്ട്. എല്ലാ കാലങ്ങങ്ങളിലും നമ്മുടെ ലളിത സമൃദ്ധിയുടെ ഇലപ്പുറത്ത് പപ്പടം ചിരിതുടരട്ടെ.
Content Highlights:
This article explores the deep-rooted cultural and historical significance of Pappadam in Kerala cuisine. It traces how Konkani migrants and workers from Vanneri shaped this culinary tradition, while highlighting their pivotal role in Mumbai and early Gulf migration history during the 1970s.



