Kerala
കെ ടി ഡി സി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്
തട്ടിപ്പുകള്‍ നടത്തുന്നത് കെ ടി ഡി സിയുടെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ വെബ്സൈറ്റുകള്‍ നിര്‍മിച്ച്. ബാങ്കിംഗ് രഹസ്യവിവരങ്ങളോ യു പി ഐ പിന്നോ സംശയാസ്പദമായ സൈറ്റുകളില്‍ കൈമാറരുത്.
പത്തനംതിട്ട | കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന്റെ (കെ ടി ഡി സി ) പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ വെബ്സൈറ്റുകള്‍ നിര്‍മിച്ച് തട്ടിപ്പുകള്‍ നടത്തുന്നതായി കേരള പോലീസിന്റെ ജാഗ്രതാ നിര്‍ദേശം. ഗൂഗിളില്‍ കെ ടി ഡി സി സ്റ്റേ’, കെ ടി ഡി സി ഹോട്ടല്‍സ്, കെ ടി ഡി സി ബുക്കിംഗ്’, ‘കെ ടി ഡി സി റിസോര്‍ട്ട് തുടങ്ങിയ കീവേഡുകള്‍ തിരയുന്ന ഉപയോക്താക്കളെയാണ് തട്ടിപ്പുകാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ വ്യാജമായി നിര്‍മിക്കപ്പെടുന്ന വെബ്‌സൈറ്റുകള്‍ക്ക് കെ ടി ഡി സിയുടെ ഔദ്യോഗിക വെബ്സൈറ്റുമായി അതീവ സാമ്യമുണ്ടായിരിക്കും. അതിനാല്‍ പൊതുജനങ്ങള്‍ക്ക് ഇത് വ്യാജമാണെന്ന് തിരിച്ചറിയാന്‍ പ്രയാസമായിരിക്കും.
റൂം ബുക്കിംഗ് പൂര്‍ത്തിയാക്കാന്‍ പേയ്മെന്റ് പേജില്‍ നല്‍കുന്ന മൊബൈല്‍ നമ്പര്‍, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, എക്സ്പയറി ഡേറ്റ്, സി വി വി എന്നിവക്ക് പുറമേ, തുടര്‍ന്ന് ലഭിക്കുന്ന ഒ ടി പി കൂടി രേഖപ്പെടുത്തുന്നതോടെ ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്നോ കാര്‍ഡില്‍ നിന്നോ വലിയ തുക അനധികൃതമായി പിന്‍വലിക്കപ്പെടുകയും തട്ടിപ്പ് മറയ്ക്കാന്‍ വ്യാജ ബുക്കിംഗ് രസീതുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ആദ്യം കാണുന്ന സൈറ്റുകളോ ‘സ്‌പോണ്‍സേഡ്/ആഡ്’ എന്ന അടയാളത്തോടെ കാണുന്ന ലിങ്കുകളോ ഔദ്യോഗികമാകണമെന്നില്ല, അതിനാല്‍ ബുക്കിംഗിനായി പണം നല്‍കുന്നതിന് മുമ്പ് വെബ്സൈറ്റിന്റെ യു ആര്‍ എല്‍ സൂക്ഷ്മമായി പരിശോധിച്ച് അക്ഷരവ്യത്യാസങ്ങളോ സംശയങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുക.
ബാങ്കിംഗ് രഹസ്യവിവരങ്ങളോ യു പി ഐ പിന്നോ സംശയാസ്പദമായ സൈറ്റുകളില്‍ കൈമാറരുത്. കെ ടി ഡി സിയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ അംഗീകൃത പ്ലാറ്റ്ഫോമുകള്‍ എന്നിവ വഴി മാത്രം ബുക്കിംഗ് നടത്തുക. വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറുകളുടെ ആധികാരികതയും ഉറപ്പുവരുത്തുക.
ഏതെങ്കിലും തരത്തിലുള്ള സൈബര്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഉടന്‍തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടല്‍ വഴിയോ പരാതി നല്‍കണം.
Content Highlights:
Kerala Police has issued a warning regarding cyber frauds using fake KTDC hotel booking platforms. Scammers create deceptive websites to steal money from unsuspecting travelers. Authorities urge the public to verify official portals before making online payments for resort bookings.



