Connect with us

Kozhikode

ചുരത്തിൽ ഫീസീടാക്കാൻ പഞ്ചായത്ത് തീരുമാനം; പ്രതിഷേധം ശക്തം

നാളെ മുതൽ യൂസർ ഫീ ഈടാക്കാനാണ് നീക്കം

Published

|

Last Updated

താമരശ്ശേരി| ‘അഴകോടെ ചുരം’ കാമ്പയിനിൻ്റെ ഭാഗമായി താമരശ്ശേരി ചുരത്തില്‍ യൂസര്‍ ഫീ ഏര്‍പ്പെടുത്താൻ പുതുപ്പാടി ഗ്രാമപഞ്ചായത്ത് തീരുമാനം. ഇതിനെതിരെ സോഷ്യൽ മീഡിയയിലും പുറത്തും  പ്രതിഷേധം  കനക്കുന്നു.

ചുരത്തില്‍ പ്രകൃതിഭംഗി ആസ്വദിക്കാനായി വാഹനങ്ങളില്‍ വന്നിറങ്ങുന്ന സഞ്ചാരികളില്‍ നിന്ന് നാളെ മുതല്‍ യൂസര്‍ഫീ വാങ്ങാനാണ് തീരുമാനം. വാഹനമൊന്നിന് 20 രൂപ ഈടാക്കാന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇതിനായി വ്യൂ പോയൻ്റിലും വിനോദ സഞ്ചാരികള്‍ കേന്ദ്രീകരിക്കുന്ന ചുരത്തിലെ മറ്റു പ്രധാന ഭാഗങ്ങളിലും ഹരിതകര്‍മ സേനാംഗങ്ങളെ ഗാര്‍ഡുമാരായി നിയോഗിക്കും. ഹരിതകര്‍മ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ ചുരം മാലിന്യമുക്തമാക്കുന്ന ശുചീകരണയജ്ഞത്തിൻ്റെ നടത്തിപ്പിനായി ഈ തുക വിനിയോഗിക്കാനും ജനകീയ പങ്കാളിത്തത്തോടെ ഫെബ്രുവരി 12ന് ചുരം വീണ്ടും ശുചീകരിക്കാനും ചുരം മാലിന്യനിര്‍മാര്‍ജനത്തിന് വിശദമായ ഡി.പി.ആര്‍. തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനും പ്രസിഡൻ്റ് ബീന തങ്കച്ചന്‍ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

അതേസമയം, നിലവില്‍ തന്നെ ഗതാഗതക്കുരുക്ക് രൂക്ഷമായ ചുരത്തില്‍ യൂസര്‍ ഫീ ഏര്‍പ്പെടുത്തുന്നതോടെ ചുരം യാത്ര കൂടുതല്‍ ദുഷ്‌കരമാകുമെന്ന വിമര്‍ശനം ശക്തമായിക്കഴിഞ്ഞു. പഞ്ചായത്ത് അധികാരികള്‍ തീരുമാനം മാറ്റണമെന്നാണ് ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റി പ്രതിനിധികൾ ആവശ്യപ്പെടുന്നത്. ഫീസ് വാങ്ങി ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ അനുവദിച്ചാല്‍ ചുരംവഴിയുള്ള യാത്രതന്നെ അസാധ്യമാകും. ഗ്രാമപഞ്ചായത്തിന് ഫീസ് വാങ്ങാന്‍ അധികാരമില്ലെന്നാണ് കരുതുന്നതെന്നും ചുരം യാത്ര സുഗമമാക്കാനുള്ള സംവിധാനമൊരുക്കാനാണ് ഗ്രാമപഞ്ചായത്ത് ശ്രമിക്കേണ്ടതെന്നും കമ്മിറ്റി പറഞ്ഞു.
ഇതോടൊപ്പം, പോലീസിൻ്റെ പാര്‍ക്കിംഗ് നിരോധനമുള്ള ദേശീയപാതയില്‍ ഗ്രാമപഞ്ചായത്തിന് പാര്‍ക്കിംഗിന് അനുമതി നല്‍കുന്നത് നിയമവിരുദ്ധമാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

യൂസർ ഫീ വാങ്ങുന്നെങ്കിൽ യാത്രക്കാർക്ക് ആവശ്യമായ സൌകര്യങ്ങൾ ഒരുക്കണമെന്നും സോഷ്യൽ മീഡിയയിൽ ആവശ്യം ഉയരുന്നുണ്ട്. ഗതാഗത കുരുക്കിൽ കുടുങ്ങുവരടക്കമുള്ളവർ പ്രാഥമിക കൃത്യ നിർവഹണം ചെയ്യാൻ വഴിയില്ലാത്തതിനാൽ വലിയ ദുരിതത്തിലാണ്. ഇതിനിടക്കാണ് സഞ്ചാരികളിൽ നിന്ന് യൂസർ ഫീ ഈടാക്കാനുള്ള നീക്കം.

Latest